×

കൊല ആസൂത്രിതമെന്നതിന് തെളിവുകള്‍ നിരവധിയെന്ന് കെ സുധാകരന്‍

കാസര്‍കോട് : പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം നേരത്തെ ആസൂത്രണം ചെയ്തതാണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍ ആരോപിച്ചു. ഫെയ്‌സ്ബുക്കിലും മറ്റും ഇതുസംബന്ധിച്ച്‌ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഇവരില്‍ ആരെയെങ്കിലും വിളിച്ച്‌ ചോദിക്കാന്‍ പോലും പൊലീസ് തയ്യാറായില്ലെന്ന് സുധാകരന്‍ പറഞ്ഞു. അന്വേഷണം പ്രഹസനമാണ്. ഇപ്പോള്‍ പിടിയിലായ ഒരാള്‍ പോലും നേരിട്ട് കൊലപാതകത്തില്‍ പങ്കെടുത്തുവെന്ന് വിശ്വസിക്കുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.

കൊലപാതകം വളരെ മുന്നേ പ്ലാന്‍ ചെയ്തതാണ്. നിരവധി പ്രസ്താവനകളും പരാമര്‍ശങ്ങളും ഉണ്ടായി. ഫെയ്‌സ്ബുക്കില്‍ പ്രസ്താവന നടത്തിയ ഒരാളെയെങ്കിലും വിളിച്ച്‌ ചോദ്യം ചെയ്‌തോ. മുസ്തഫയെ ചോദ്യം ചെയ്‌തോ, കൈവെട്ടണമെന്ന് പറഞ്ഞ കുഞ്ഞിരാമനെ ചോദ്യം ചെയ്‌തോ. ഇവരെ ആരെയെങ്കിലും അഞ്ച് മിനുട്ടുപോലും ചോദ്യം ചെയ്യാന്‍ പോലും പൊലീസ് തയ്യാറായില്ല. അന്വേഷണം ഗതിമാറി പോകുകയാണ്.

പ്രതികളെ രക്ഷപ്പെടാന്‍ ശ്രമിച്ചവരെ ചോദ്യം ചെയ്യാനും പൊലീസ് തയ്യാറായിട്ടില്ല. പ്രതികള്‍ ആദ്യം കയറി ഒളിച്ച ചട്ടഞ്ചാലിലെ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലുള്ള ആരെയെങ്കിലും ചോദ്യം ചെയ്‌തോയെന്ന് സുധാകരന്‍ ചോദിച്ചു. ശുഹൈബ് വധക്കേസിലെ പ്രതികള്‍ ഇരട്ടക്കൊലപാതകത്തിലും ഉള്‍പ്പെട്ടിട്ടുണ്ട്. കേസിലെ മുഖ്യപ്രതി പീതാംബരന്റെ വീടിന് സംരക്ഷണം നല്‍കണം. വീട്ടുകാരെ സിപിഎം ആക്രമിച്ചേക്കുമെന്നും സുധാകരന്‍ പറഞ്ഞു.

സംഭവം നടന്ന സ്ഥലത്തിന് സമീപത്തുള്ള നിരവധി വീടുകളിലെ സിപിഎം നേതാക്കള്‍ രണ്ടു ദിവസം മുമ്ബേ വീടുപൂട്ടി പോയിരുന്നു. ഇതേക്കുറിച്ച്‌ പൊലീസ് അന്വേഷിച്ചില്ല. ശാസ്താ ഗംഗാധരന്‍ സംഭവത്തിന് മൂന്നു ദിവസം മുമ്ബേ വീടുംപൂട്ടി പോയിരുന്നു. ഇതേക്കുറിച്ച്‌ പൊലീസ് അന്വേഷിച്ചില്ല. തൊഴിലാളികളോട് രണ്ടു ദിവസത്തേക്ക് വരേണ്ടെന്ന് ഗംഗാധരന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതെല്ലാം നേതാക്കള്‍ക്ക് മുന്നേ അറിവുണ്ടായിരുന്നു എന്ന് തെളിയിക്കുന്നതാണെന്ന് സുധാകരന്‍ പറഞ്ഞു.

വല്‍സരാജിന്റെ കട 40 ലക്ഷം രൂപയ്ക്ക് ഇന്‍ഷൂര്‍ ചെയ്തിരിക്കുന്നു എന്നാണ് വിവരം. സാധനങ്ങള്‍ കടയില്‍ നിന്നും മാറ്റിയിരിക്കുന്നു. ഇതിന്റെ കാരണം പൊലീസ് അന്വേഷിച്ചില്ല. 17-2-19 ന് രാത്രി 9.54 ന് രാവണേശ്വരം വഴി ഒരു സിയോണ്‍ കാര്‍ കടന്നുപോയിട്ടുണ്ട്. മുരളി എന്നയാളുടെ കാറാണത്. ആ കാര്‍ പോയത് സംഭവസ്ഥലത്തേക്കാണ്. ഇക്കാര്യത്തിലും പൊലീസ് അന്വേഷണം നടത്തിയിട്ടില്ലെന്ന് സുധാകരന്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top