×

ഇടതുമുന്നണി വിപുലീകരിച്ചു ; എല്‍ജെഡി, ഐഎന്‍എല്‍, ഡെമോക്രാറ്റിക് കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് ബി എന്നിവ മുന്നണിയില്‍

നാലുപാര്‍ട്ടികളെ ഉള്‍പ്പെടുത്തി ഇടതുമുന്നണി വിപുലീകരിക്കാന്‍ തീരുമാനം, എംപി വീരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക് ജനതാദള്‍, ആര്‍ ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ് ബി, ഐഎന്‍എല്‍, ഡെമോക്രാറ്റിക് കേരള കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളെയാണ് പുതുതായി മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നത്. ഇന്നുചേര്‍ന്ന എല്‍ഡിഎഫ് യോഗമാണ് മുന്നണി വിപുലീകരണത്തിന് അന്തിമാനുമതി നല്‍കിയത്. നാലു പാര്‍ട്ടികളെ പുതുതായി മുന്നണിയില്‍ ഉള്‍പ്പെടുത്തിയതായി കണ്‍വീനര്‍ എ വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കഴിഞ്ഞ 25 വര്‍ഷമായി ഇടതുമുന്നണിയുമായി സഹകരിച്ചുപ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐഎന്‍എല്‍). മുമ്ബ് പലപ്പോഴും മുന്നണിയില്‍ അംഗമാക്കാമെന്ന് ഐഎന്‍എല്ലിന് എല്‍ഡിഎഫ് വാക്കുനല്‍കിയിരുന്നെങ്കിലും മുന്നണിയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഇതുവരെ യാതൊരു പ്രതിഷേധവും പുറത്തു പ്രകടിപ്പിക്കാതെ നിലകൊണ്ട പാര്‍ട്ടിയെ ഇനിയും തഴയരുതെന്ന നിലപാട് എല്‍ഡിഎഫ് യോഗത്തില്‍ ഉയര്‍ന്നു.

ഇടതുമുന്നണിയുടെ തുടക്കം മുതലുള്ള സഖ്യകക്ഷിയായിരുന്നു എംപി വീരേന്ദ്രകുമാറിന്റെ ജനതാദള്‍. മുമ്ബ് ജനതാദള്‍ സെക്കുലറായിരുന്ന പാര്‍ട്ടി ലോക്‌സഭ സീറ്റുതര്‍ക്കത്തെ തുടര്‍ന്നാണ് എല്‍ഡിഎഫ് വിട്ടുപോയത്. തുടര്‍ന്ന് എട്ടുവര്‍ഷത്തോളം യുഡിഎഫില്‍ തുടര്‍ന്നു. പിന്നീട് അടുത്തിടെ എല്‍ഡിഎഫിലേക്ക് തിരിച്ചുവന്ന എംപി വീരേന്ദ്രകുമാറിനെ സ്വാഗതം ചെയ്യുന്ന നിലപാടാണ് സിപിഎം കൈക്കൊണ്ടത്. ഇതിന്റെ ഭാഗമായി മുന്നണിയില്‍ എടുക്കുന്നതിന് മുമ്ബേ തന്നെ എംപി വീരേന്ദ്രകുമാറിന് രാജ്യസഭ സീറ്റ് നല്‍കുകയും ചെയ്തു.

ശബരിമല വിഷയം അടക്കമുള്ള പ്രശ്‌നങ്ങളില്‍ സര്‍ക്കാരുമായി എന്‍എസ്‌എസ് ഇടഞ്ഞുനില്‍ക്കുന്നതാണ് ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ് ബിയ്ക്ക് തുണയായത്. പ1തുതെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍, കൊല്ലം ജില്ലയിലും, നായര്‍ സമുദായങ്ങള്‍ക്കിടയിലുമുള്ള ബാലകൃഷ്ണപിള്ളയുടെ പിന്തുണ എല്‍ഡിഎഫിന് അനുകൂലമാക്കുക എന്നതും കേരള കോണ്‍ഗ്രസിന് തുണയായി.

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ്, കേരള കോണ്‍ഗ്രസ് മാണിയില്‍ ലയിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഫ്രാന്‍സിസ് ജോര്‍ജ്ജും ആന്റണി രാജുവും ഉള്‍പ്പെടുന്ന വിഭാഗം ഡെമോക്രാറ്റിക് കേരള കോണ്‍ഗ്രസ് രൂപീകരിച്ചത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിന്റെ ഭാഗമായി മല്‍സരിച്ചിരുന്നു. എന്നാല്‍ നാലു സീറ്റിലും പരാജയപ്പെട്ടിരുന്നു. എങ്കിലും ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയിലെ സ്വാധീനം ഉറപ്പിക്കുക ലക്ഷ്യമിട്ടാണ് ഡെമോക്രാറ്റിക് കേരള കോണ്‍ഗ്രസിനെയും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

സി കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയസഭ അടക്കം നിരവധി പാര്‍ട്ടികള്‍ മുന്നണിയില്‍ ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ജാനുവിന്റെ പാര്‍ട്ടിയെ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ഇപ്പോള്‍ തീരുമാനമെടുത്തിട്ടില്ല. അതേസമയം ഈ പാര്‍ട്ടികളുമായെല്ലാം സഹകരിച്ച്‌ പോകാനാണ് തത്വത്തില്‍ ധാരണയെന്നും എ വിജയരാഘവന്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top