×

താങ്കള്‍ക്ക് യാതൊരു കുറ്റബോധവും തോന്നുന്നില്ലേ?; സാധിക്കുമെങ്കില്‍ അച്ഛന്റെ ആത്മകഥ ഒരാവര്‍ത്തിയെങ്കിലും വായിക്കണം: നികേഷ് കുമാറിനോട് എം കെ മുനീര്‍

കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വര്‍ഗീയ പ്രചാരണം നടത്തി എന്ന ആരോപണത്തില്‍ അഴീക്കോട് എംഎല്‍എ കെ എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയ പശ്ചാത്തലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എം വി നികേഷ് കുമാറിനെ രൂക്ഷമായി വിമര്‍ശിച്ച്‌ മുസ്ലിം ലീഗ് നേതാവ് എം കെ മുനീര്‍. ‘കെ എം ഷാജിക്കെതിരെ ഇപ്പോള്‍ നിങ്ങളാഘോഷിക്കുന്ന ലഘുലേഖ വ്യാജ നിര്‍മ്മിതിയുടെ അങ്ങേയറ്റമാണെന്ന് സാമാന്യ ബോധമുള്ള ആര്‍ക്കും മനസ്സിലാകും. മറ്റാരെക്കാളും അതിന്റെ ഉറവിടമടക്കം താങ്കള്‍ക്കുമറിയാം. തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ നെറികേടിന്റെ ഏതറ്റം വരെയും പോകുന്ന താങ്കളുടെ രാഷ്ട്രീയ യജമാനന്മാര്‍ക്കും അതറിയാം. ലഘുലേഖ പുറത്തുവന്നതോടു കൂടി കേരളത്തിലെ പ്രബുദ്ധ ജനതയ്ക്കും അത് മനസ്സിലായിട്ടുണ്ട്. എല്ലാമറിഞ്ഞിട്ടും അഴീക്കോട് നിയോജകമണ്ഡലത്തെ കുതന്ത്രങ്ങളുടെ പരീക്ഷണശാലയാക്കാന്‍ നിന്നുകൊടുത്തതില്‍ താങ്കള്‍ക്ക് യാതൊരു കുറ്റബോധവും തോന്നുന്നില്ലേ..? ‘ മുനീര്‍ ഫെയ്‌സ്ബുക്കില്‍ ചോദിച്ചു.

എം വി രാഘവന്റെ ആത്മകഥ സാധിക്കുമെങ്കില്‍ ഒരാവര്‍ത്തിയെങ്കിലും വായിക്കണം. ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ സ്വജീവിതത്തില്‍ പാലിക്കേണ്ട നിരവധി പാഠങ്ങള്‍ അതിനകത്തുണ്ട്.തെരെഞ്ഞെടുപ്പില്‍ വിജയിക്കുന്നതിന് അവസാനത്തെ രാഷട്രീയ അടവ് പയറ്റുമ്ബോഴും എം വി ആര്‍ ഒരിക്കലും മാന്യതയുടെ അതിര്‍വരമ്ബുകള്‍ ലംഘിച്ചിരുന്നില്ലെന്നും മുനീര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘ഇപ്പോഴും താങ്കളുടെ വാക്കുകളില്‍ മുസ്ലിം ലീഗും കേരള കോണ്‍ഗ്രസ്സുമാണ് വര്‍ഗ്ഗീയ പ്രസ്ഥാനങ്ങള്‍. അപ്പോഴും ബി ജെ പിയും ആര്‍ എസ് എസ്സും താങ്കളുടെ വര്‍ഗ്ഗീയതയുടെ പരിധിക്കുള്ളില്‍ വരുന്നേയില്ല. ഇതില്‍ നിന്നും വ്യക്തമാണ് അങ്ങയുടെ ഉള്ളിലിരിപ്പ് എന്താണ് എന്നത്’ – മുനീര്‍ കുറിച്ചു.

എം കെ മുനീറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘ഒരു ജന്‍മം’ എന്ന സഖാവ് എം വി രാഘവന്റെ ആത്മകഥ വര്‍ഷങ്ങള്‍ക്ക് മുമ്ബ് പുറത്തിറങ്ങിയിട്ടുണ്ട്.ശ്രീ എം വി നികേഷ് കുമാര്‍ സാധിക്കുമെങ്കില്‍ ആ പുസ്തകം ഒരാവര്‍ത്തിയെങ്കിലും വായിക്കണം. ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ സ്വജീവിതത്തില്‍ പാലിക്കേണ്ട നിരവധി പാഠങ്ങള്‍ അതിനകത്തുണ്ട്.

തെരെഞ്ഞെടുപ്പില്‍ വിജയിക്കുന്നതിന് അവസാനത്തെ രാഷട്രീയ അടവ് പയറ്റുമ്ബോഴും എം വി ആര്‍ ഒരിക്കലും മാന്യതയുടെ അതിര്‍വരമ്ബുകള്‍ ഉല്ലംഘിച്ചിരുന്നില്ല.

ശ്രീ നികേഷ്, രാഷ്ട്രീയ കേരളം താങ്കളെ ആദ്യമായി ശ്രദ്ധിക്കുന്നത് എന്നാണെന്ന് താങ്കള്‍ ഓര്‍ക്കുന്നുണ്ടോ?
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ആക്രമണങ്ങളില്‍ നിന്നും സംരക്ഷണം തേടി കണ്ണൂരില്‍ കുടുംബത്തോടൊപ്പം ധര്‍ണ്ണയിരുന്ന ഒരു കൊച്ചു കുട്ടിയായാണ് സമൂഹത്തിന്റെ ശ്രദ്ധയിലേക്ക് താങ്കള്‍ വരുന്നത്. കണ്ണുകളില്‍ ഭീതിയും അമ്ബരപ്പുമായി ചുറ്റുപാടും നോക്കി നില്‍ക്കുന്ന ആ ചെറിയ കുട്ടിയുടെ ചിത്രം കേരളം മറന്നിട്ടില്ല.
ആ തീക്ഷ്ണമായ അനുഭവങ്ങള്‍ക്ക് മീതെ കണ്ണുകള്‍ ഇറുക്കിയടച്ച്‌ കേവലം ഒരു എം എല്‍ എ എന്ന നിസ്സാര ലക്ഷ്യത്തിനായി മറുകണ്ടം ചാടുമ്ബോള്‍ താങ്കള്‍ക്ക് ആത്മസംഘര്‍ഷമില്ലാതെ എങ്ങനെ ജീവിക്കാന്‍ കഴിയുന്നുവെന്ന് അത്ഭുതം തോന്നുന്നു.

സഖാവ് എം വി ആറിന് രാഷ്ട്രീയമായ എല്ലാ സംരക്ഷണവും നല്‍കിയ പാര്‍ട്ടിയാണ് മുസ്ലിം ലീഗ്.അങ്ങനെ ലീഗും യു ഡി എഫും നിലപാട് കൈ കൊണ്ടിരുന്നില്ലായിരുന്നുവെങ്കില്‍ സി പി എം കുലം കുത്തികള്‍ക്ക് നല്‍കുന്ന ശിക്ഷ സഖാവ്:എം വി ആറിനെയും തേടിയെത്തുമായിരുന്നു. ഈ വസ്തുതകള്‍ സൗകര്യപൂര്‍വ്വം താങ്കള്‍ മറന്നാലും ജനാധിപത്യവിശ്വാസികള്‍ക്ക് മറക്കാനാകില്ല. അഴീക്കോടിന്റെയും കഴക്കൂട്ടത്തിന്റെയുമൊക്കെ രാഷട്രീയ ചരിത്രം കൂടിയാണിത്. നോമിനേഷന്‍ നല്‍കിയ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച്‌ മുസ്ലിം ലീഗ് സ്വന്തം സീറ്റില്‍ എംവിആറിനെ മത്സരിപ്പിച്ചത് എം വി ആര്‍ അഞ്ച് നേരം നമസ്‌കരിക്കുന്ന മുഅമിനായത് കൊണ്ടായിരുന്നില്ല. മറിച്ച്‌ മുസ്ലിം ലീഗിന്റെ രാഷ്ട്രീയ മാന്യതയായിരുന്നു അത്. മുസ്ലിം ലീഗ് ഇസ്മാഈല്‍ സാഹിബില്‍ നിന്നും പാഠമുള്‍കൊണ്ട രാഷ്ട്രീയ സംഘടനയത്രെ. ഭരണഘടനയുണ്ടാക്കിയ കോണ്‍സ്റ്റിറ്റിയവന്റ് അസംബ്ലിയിലായിരുന്നു ഇസ്മാഈല്‍ സാഹിബ് ഉണ്ടായിരുന്നത്. എന്ന് പറഞ്ഞാല്‍ രാജ്യത്തിന്റെ മതേതരത്വ മൂല്യങ്ങളടങ്ങുന്ന ഒരു ഭരണഘടനയില്‍ സംഭാവനയര്‍പ്പിച്ച പാര്‍ട്ടിയാണ് മുസ്ലിം ലീഗ് എന്ന് വ്യംഗ്യം. അങ്ങനെയുള്ള ഒരു രാഷട്രീയ പ്രസ്ഥാനം മതേതരത്വത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞാല്‍ പിന്നെ ആ പാര്‍ട്ടിയുടെ പ്രസക്തി എന്താണ്?

ഇക്കാലമത്രയും ഞങ്ങള്‍ പോരാടിയത് രാജ്യത്തിന്റെ മതേതരത്വ മൂല്യങ്ങള്‍ക്ക് തുരങ്കം വെക്കാന്‍ നോക്കുന്ന എസ് ഡി പി ഐ, പോപ്പുലര്‍ ഫ്രണ്ട്, പോലെയുള്ള സംഘടനകളുമായിട്ടാണ്. പക്ഷേ നികേഷ് കുമാര്‍, ഒരു തെരെഞ്ഞെടുപ്പ് ജയിക്കുക എന്ന മിനിമം അജന്‍ഡക്ക് വേണ്ടി ഇപ്പറഞ്ഞ സംഘടനകളുമായൊക്കെ സന്ധി ചെയ്യുന്നതില്‍ താങ്കള്‍ക്ക് യാതൊരുവിധ പ്രയാസങ്ങളുമുണ്ടായിരുന്നില്ല. ഇപ്പോഴും താങ്കളുടെ വാക്കുകളില്‍ മുസ്ലിം ലീഗും കേരള കോണ്‍ഗ്രസ്സുമാണ് വര്‍ഗ്ഗീയ പ്രസ്ഥാനങ്ങള്‍. അപ്പോഴും ബി ജെ പിയും ആര്‍ എസ് എസ്സും താങ്കളുടെ വര്‍ഗ്ഗീയതയുടെ പരിധിക്കുള്ളില്‍ വരുന്നേയില്ല. ഇതില്‍ നിന്നും വ്യക്തമാണ് അങ്ങയുടെ ഉള്ളിലിരിപ്പ് എന്താണ് എന്നത്.

കെ എം ഷാജിക്കെതിരെ ഇപ്പോള്‍ നിങ്ങളാഘോഷിക്കുന്ന ലഘുലേഖ വ്യാജ നിര്‍മ്മിതിയുടെ അങ്ങേയറ്റമാണെന്ന് സാമാന്യ ബോധമുള്ള ആര്‍ക്കും മനസ്സിലാകും. മറ്റാരെക്കാളും അതിന്റെ ഉറവിടമടക്കം താങ്കള്‍ക്കുമറിയാം. തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ നെറികേടിന്റെ ഏതറ്റം വരെയും പോകുന്ന താങ്കളുടെ രാഷ്ട്രീയ യജമാനന്മാര്‍ക്കും അതറിയാം. ലഘുലേഖ പുറത്തുവന്നതോടു കൂടി കേരളത്തിലെ പ്രബുദ്ധ ജനതയ്ക്കും അത് മനസ്സിലായിട്ടുണ്ട്. എല്ലാമറിഞ്ഞിട്ടും അഴീക്കോട് നിയോജകമണ്ഡലത്തെ കുതന്ത്രങ്ങളുടെ പരീക്ഷണശാലയാക്കാന്‍ നിന്നുകൊടുത്തതില്‍ താങ്കള്‍ക്ക് യാതൊരു കുറ്റബോധവും തോന്നുന്നില്ലേ..?

തെരെഞ്ഞെടുപ്പുകള്‍ വരും പോകും.ഒപ്പം ജയപരാജയങ്ങളും. പക്ഷേ രാഷ്ട്രീയത്തിലെ ബാലപാഠം എങ്ങനെ കുതന്ത്രങ്ങള്‍ മാനിപ്പുലേറ്റ് ചെയ്യാമെന്നതല്ല, തോല്‍വിയിലും ധാര്‍മ്മികത കൈമോശം വരാതെ എങ്ങനെ മൂല്യവത്തായ വിജയം വരിക്കാമെന്നതാണ്.

കൂത്തുപറമ്ബിലെ സഖാവ് പുഷ്പന്‍ ജീവിക്കുന്ന രക്തസാക്ഷിയാണ്. ബാലിശമായ ഒരു സമരത്തിന്റെ പേരില്‍ അഞ്ച് നിരപരാധികളുടെ ജീവന്‍ സിപിഎം ബലികൊടുത്തപ്പോള്‍ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടയാള്‍. സഖാവ് എംവിആറിന്റെ പേരിലുള്ള അവാര്‍ഡ് പുഷ്പന് നല്‍കിയതില്‍ സന്തോഷമുണ്ട്.കാരണം, സി പി എം അല്ല, എംവിആര്‍ ആയിരുന്നു ശരിയെന്ന് ആ അവാര്‍ഡ് സഖാവ്,പുഷ്പനെ ബോധ്യപ്പെടുത്തും. ഒപ്പം നികേഷ്, താങ്കള്‍ ഒരു വാചകം കൂടി ശ്രീ പുഷ്പനോട് പറയണമായിരുന്നു. പുഷ്പനെ ജീവിക്കുന്ന രക്തസാക്ഷിയാക്കി മാറ്റിയ പാര്‍ട്ടി സ്വാശ്രയ വിദ്യാഭ്യാസ നയം തിരുത്തിയിട്ട് കാലമേറെ കഴിഞ്ഞുഎന്ന സത്യം. പുഷ്പനെയും അഞ്ച് രക്തസാക്ഷികളെയും സൃഷ്ടിച്ച പാര്‍ട്ടി നിലപാട് തെറ്റായിരുന്നു എന്ന സത്യം. പാര്‍ട്ടി നേതാക്കള്‍ക്ക് ബുദ്ധിയുദിക്കാന്‍ വൈകിയാല്‍ അതിന്റെ വിലകൊടുക്കേണ്ടി വരിക പുഷ്പനെ പോലുള്ള നിരപരാധികളാണ് എന്ന കാര്യം.

രാഷ്ട്രീയത്തില്‍ നിശ്ചയദാര്‍ഢ്യമുള്ള നിലപാടുകളുടെ പ്രതീകമായിരുന്നു എംവിആര്‍. ശാരീരിക അവശതകള്‍ അലട്ടിയ ജീവിതത്തിന്റെ അവസാന നാളുകളിലും മാനസികമായ കരുത്തും രാഷ്ട്രീയ നിലപാടുകളില്‍ ദൃഢതയും പ്രകടിപ്പിച്ച ധീരന്‍. ഒരു പ്രലോഭനത്തിലും വീഴാത്ത, ഒരു വിലപേശലിനും വഴങ്ങാത്ത മനുഷ്യന്‍.താങ്കള്‍ക്ക് എത്തിപ്പിടിക്കാനാവുന്നതിലും വളരെയേറെ ഉയരത്തിലാണ് ആ ഉജ്ജ്വല ജീവിതമാതൃക.പിന്തുടരാന്‍ താങ്കള്‍ക്കാവുമെന്ന് കരുതുന്നില്ല. പക്ഷെ, ഒറ്റിക്കൊടുക്കാതിരിക്കുകയെങ്കിലും ചെയ്യണം

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top