×

ഗുരുവായൂരില്‍ 90 ലക്ഷം രൂപ കുറഞ്ഞു; പണമിടരുത് എന്ന പ്രചരണമല്ല വരുമാനക്കുറവിന് കാരണമെന്ന് – മോഹന്‍ദാസ്

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ വരുമാനത്തില്‍ 90 ലക്ഷത്തോളം രൂപയുടെ കുറവ് വന്നതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. പ്രളയത്തിന് ശേഷമാണ് ക്ഷേത്രവരുമാനത്തില്‍ ഇത്രയും വലിയ തുകയുടെ കുറവ് രേഖപ്പെടുത്തിയത്. പ്രളയത്തിന് മുന്‍പ് വരെ പ്രതിമാസം നാല് കോടിയോളം രൂപയുടെ വരുമാനം ലഭിച്ചിരുന്നതാണ്. പക്ഷേ കഴിഞ്ഞ ജൂണിന് ശേഷം ഈ തുകയില്‍ വലിയ വ്യത്യാസം അനുഭവപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്.

ജൂണ്‍, ജൂലൈ മാസങ്ങളില്‍ മൂന്നേകാല്‍ കോടിയും സെപ്റ്റംബറില്‍ മൂന്നരക്കോടിയുമാണ് വരുമാനമായി ലഭിച്ചത്. അതേസമയം ദേവസ്വത്തിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ പണമിടരുത് എന്ന പ്രചരണമല്ല വരുമാനക്കുറവിന് കാരണമെന്ന് ചെയര്‍മാന്‍ കെബി മോഹന്‍ദാസ് വ്യക്തമാക്കി.

ഭക്തര്‍ സ്വമേധയാ ചെയ്യുന്ന വഴിപാടുകള്‍ ഏതെങ്കിലും വ്യക്തികളോ സംഘടനകളോ വിചാരിച്ചാല്‍ തടയാനാകില്ല. പ്രളയക്കെടുതി ക്ഷേത്രവരുമനക്കുറവിന് ഇടയാക്കിയിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലെ ക്ഷേത്രപ്രവേശന വിളംബരപ്രകാരം ആചാരാനുഷ്ഠാനങ്ങളനുസരിച്ച്‌ അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനം അസാധ്യമാണ്. വാദ്യകലാകാരന്‍മാരെ നിയമിക്കുന്നതില്‍ വിവേചനമില്ല. പക്ഷേ പാരമ്ബര്യാവകാശികള്‍ക്ക് മാത്രമേ ക്ഷേത്രത്തിനകത്ത് കൊട്ടാന്‍ അവകാശമുള്ളു. വാദ്യകലകളില്‍ സമര്‍പ്പണം നടത്തണമെന്നുള്ളവര്‍ക്ക് നടപ്പന്തലില്‍ സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആനയോട്ടം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മൃഗസ്‌നേഹികളുടെ സംഘടന നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ദേവസ്വം ബോര്‍ഡിന് അയച്ച നോട്ടീസിനെ കുറിച്ചും ദേവസ്വം ചെയര്‍മാര്‍ പ്രതികരിച്ചു. ആനയോട്ടം ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമാണെന്നും ഇതിന് ഐതിഹ്യത്തിന് പിന്‍ബലമുണ്ടെന്നുമാണ് ഇദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞത്.

‘ഉത്സവങ്ങളില്‍ പങ്കെടുക്കുകയെന്നത് നാട്ടാനകളെ സംബന്ധിച്ച്‌ ഒരു ഉത്സാഹമായാണ് കരുതുന്നത്. പൂര്‍ണ്ണ ആരോഗ്യമുള്ള ആനകളെയാണ് ആനയോട്ടത്തിലേക്ക് തിരഞ്ഞെടുക്കുന്നത്. നിലവില്‍ ദേവസ്വത്തിന് 48 ആനകള്‍ക്കായി 18 ഏക്കര്‍ സ്ഥലമാണുള്ളത്. ഇനി ഒരു ആനയ്ക്ക് രണ്ടര ഏക്കര്‍ എന്ന നിലയ്ക്ക് സ്ഥലം ആവശ്യമായി വന്നാല്‍ കൂടുതല്‍ ഭൂമി വാങ്ങും’- അദ്ദേഹം വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top