×

ശരിയായ നിലപാട് സ്വീകരിച്ചത് എസ്‌എന്‍ഡിപിയും കെപിഎംഎസും; എല്‍ഡിഎഫിന്റെ നിലപാട് വിശദീകരിച്ച്‌ പിണറായി വിജയന്‍

ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നേരിട്ട് ഒരുനടപടിയുമെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതി വിധി നടപ്പാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. പുത്തരിക്കണ്ടം മൈതാനിയില്‍ എല്‍ഡിഎഫിന്റെ രാഷ്ട്രീയ വിശദീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസികളുമായി സര്‍ക്കാര്‍ ഏറ്റുമുട്ടലിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല സ്ത്രീപ്രവേശന വിഷയത്തിന്റെ വിവിധ വശങ്ങളും കേസിന്റെ ചരിത്രവും പിണറായി വിജയന്‍ വിശദീകരിച്ചു. സംസ്ഥാനത്ത് സ്ത്രീപ്രവേശനം ഉണ്ടായിരുന്ന ഒരു അമ്ബലത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തിയതാണ്.
സ്ത്രീപ്രവേശനം തടയണമെന്ന് ആവശ്യപ്പെട്ട കത്തയച്ചത് ഗവര്‍ണര്‍ സ്ഥാനത്തിരിക്കുന്ന, നേരത്തെ ബിജെപിയുടെ പ്രസിഡന്റായിരുന്ന കുമ്മനം രാജശേഖരനാണ്. അന്ന് അദ്ദേഹം ഹിന്ദുമുന്നണി സെക്രട്ടറിയായിരുന്നു. ശബരിമലയില്‍ വിവാഹം നടക്കുന്നു, വനിതകളുടെ ഡാന്‍സ് നടക്കുന്നു, സിനിമാ ഷൂട്ടിങ് നടക്കുന്നു. ഇതൊക്കെ ചൂണ്ടിക്കാട്ടിയായിരുന്നു കുമ്മനത്തിന്റെ കത്ത് തന്ത്രിക്ക്. ഇതെല്ലാം കോടതിയുടെ പരിശോധനയിലുണ്ട്. 1991 ഏപ്രില്‍ 5 ന് ഹൈക്കോടതി വിധി. ഇവിടെ സ്ത്രീകള്‍ പ്രവേശിക്കാന്‍ പാടില്ല. സ്ത്രീകള്‍ക്ക് പ്രവേശനനാനുമതി ഇല്ല. നേരത്തെയുണ്ടായിരുന്ന സ്ത്രീ പ്രവേശനത്തിന് ഹൈക്കോടതി അറുതി വരുത്തുകയാണുണ്ടായത്. 1991 ന് ശേഷം ഇവിടെ അധികാരത്തില്‍ വന്ന സര്‍ക്കാരുകള്‍. ഇടതും വലതും. ആ എല്ലാ സര്‍ക്കാരുകളും ചെയ്തത് ഈ വിധിയുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ നടത്താനാണ്. അതിന്റെ ഭാഗമായി സംസ്ഥാനത്ത് സ്ത്രീപ്രവേശനം ഉണ്ടായിരുന്ന ഒരു അമ്ബലത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തി. ഇതാണ് സ്ത്രീപ്രവേശന നിഷേധത്തിന്റെ ചരിത്രം.

91 ന് ശേഷമാണ് ശബരിമലയില്‍ സ്ത്രീപ്രവേശനം തടയുന്ന നില വന്നത്. ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ സുപ്രീംകോടതി വിധി ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 28 നാണ് ഉണ്ടായത്. സുപ്രീംകോടതിയുടെ വിധി ഒരു ദിവസം പെട്ടെന്നുണ്ടായതല്ല. 91 ല്‍ ആരംഭിച്ച ഈ സമ്ബ്രദായത്തിനെതിരേ 2006 ല്‍ സുപ്രീംകോടതിയിലേക്ക് റിട്ട് പെറ്റീഷനുമായി ഇന്ത്യന്‍ യംഗ് ലോയേഴ്സ് അസോസിയേഷന്‍ സെക്രട്ടറി പോയി. ഈ സെക്രട്ടറി ഭക്തി പ്രസിതാ സേധി ആര്‍എസ്‌എസ് ബന്ധമുള്ളയാളാണ്. ആര്‍എസ്‌എസിന്റെ ഭാഗമായി നില്‍ക്കുന്നയാളാണ് ഇവിടെ സ്ത്രീ പ്രവേശനം അനുവദിക്കുന്നില്ല എന്നു പറഞ്ഞ് സുപ്രീംകോടതിയിലേക്ക് പോയത്.

2006 എന്നു പറയുമ്ബോള്‍ 12 വര്‍ഷം സുപ്രീംകോടതിയുടെ മുമ്ബാകെ ഇതുമായി ബന്ധപ്പെട്ട കേസ് നടക്കുകയായിരുന്നു. ഈ കേസില്‍ സംസ്ഥാന സര്‍ക്കാരിനെ അവര്‍ എതിര്‍കക്ഷിയാക്കി. അതുകൊണ്ട് സര്‍ക്കാരിന് സത്യവാങ്ങ്മൂലം നല്‍കേണ്ട ബാധ്യതയുണ്ടായി. അവിടെയാണ് സര്‍ക്കാര്‍ ചിത്രത്തില്‍ വരുന്നത്. അപ്പോള്‍ 2007 ല്‍ അന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ സത്യവാങ്ങ് മൂലം നല്‍കി. അത് കോടതിയുടെ മുന്നില്‍ നില്‍ക്കുകയായിരുന്നു. 2011 ലെ എല്‍ഡിഎഫ് മാറി യുഡിഎഫ് വന്നു. യുഡിഎഫ് സര്‍ക്കാര്‍ 11 ല്‍ അധികാരത്തിലേറിയെങ്കിലും അഞ്ചുവര്‍ഷത്തിന്റെ അവസാനം വരെ അതായത് 2016 വരെ നേരത്തെയുള്ള സത്യവാങ്ങ്മൂലത്തില്‍ മാറ്റം വരുത്താന്‍ തയ്യാറായില്ല. 2016 ല്‍ തെരഞ്ഞെടുപ്പ് നേരിടാനുള്ള സാഹചര്യത്തില്‍ കോണ്‍ഗ്രസിനുള്ള തെറ്റിദ്ധാരണകളുടെ കൂട്ടത്തില്‍ ആളുകളെ സ്വാധീനിക്കാനുള്ള നല്ല മാര്‍ഗം ഇതാണെന്ന് കണ്ട് നേരത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ സത്യവാങ്ങ്മൂലം ഉപേക്ഷിക്കുകയാണ് എന്നു പറഞ്ഞ് പുതിയതുകൊടുത്തു. എന്നുപറഞ്ഞാല്‍ അടിസ്ഥാനപരമായ പ്രശ്നം പുരുഷനും സ്ത്രീക്കും തുല്യാവകാശം ഉണ്ടോ എന്നതാണ്. ഒരു കാര്യത്തിനും സ്ത്രീയുടെ നേരെ വിവേചനം പാടില്ല. പുരുഷനുള്ള എല്ലാ അവകാശവും സ്ത്രീക്കുമുണ്ടാകണം. ഇതാണ് എല്‍ഡിഎഫിന്റെ അടിസ്ഥാന സമീപനം. യുഡിഎഫ് ആ സമീപനത്തില്‍ നിന്നുമാറി. എല്‍ഡിഎഫ് 2007 ല്‍ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചുവെങ്കില്‍ ഇവിടെ സ്ത്രീപ്രവേശനം പാടില്ല എന്ന നിലപാടാണ് യുഡിഎഫ് സര്‍ക്കാര്‍ എടുത്തത്. അത്തരമൊരു സത്യവാങ്ങ് മൂലമാണ് യുഡിഎഫ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്.

എല്ലാവര്‍ക്കുമറിയാം 2016 ല്‍ തെരഞ്ഞെടുപ്പില്‍ എന്താണ് സംഭവിച്ചതെന്ന്. എല്‍ഡിഎഫ് അധികാരത്തില്‍ വന്നു. അതിന് ശേഷം ഈ സത്യവാങ്ങ്മൂലത്തിന്റെ കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഞങ്ങള്‍ പുതിയ സത്യവാങ്ങ്മൂലം അംഗീകരിക്കുന്നില്ല. 2007 ല്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്ങ്മൂലമുണ്ട്. ഞങ്ങളതില്‍ ഉറച്ചുനില്‍ക്കുന്നു എന്നുപറഞ്ഞ് അത് സുപ്രീംകോടതിക്ക് വീണ്ടും കൊടുത്തു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാട് എന്താണ്. അതില്‍ സ്ത്രീപ്രവേശനത്തിന്റേതാണ് പ്രശ്നം. സ്ത്രീപ്രവേശനത്തിന് സര്‍ക്കാര്‍ എതിരല്ല. മാത്രമല്ല ഈ ക്ഷേത്രത്തില്‍ മുന്‍കാലങ്ങളില്‍ സ്ത്രീകള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

മാത്രമല്ല പ്രായവ്യത്യമാസമില്ലാതെ സ്ത്രീകള്‍ പോയിട്ടുണ്ട് അത് അനുവദിക്കണം. ഇതാണ് സര്‍ക്കാരിന്റെ അഭിപ്രായമെങ്കിലും സര്‍ക്കാര്‍ നടപ്പാക്കുന്നത് സുപ്രീംകോടതി വിധിയാണ്. ശബരിമലയില്‍ സ്ത്രീകളെ അനുവദിക്കാത്ത നിലപാടാണ് ഇപ്പോള്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ഇത്രയും വ്യക്തമാക്കിയതിന് ശേഷം മറ്റൊരു കാര്യവും കൂടി ആ സത്യവാങ്ങ്മൂലത്തില്‍ പറഞ്ഞു. ഇത് വിശ്വാസത്തിന്റെ പ്രശ്നമാണ്. അതുകൊണ്ട് ഹിന്ദു പണ്ഡിതരുണ്ട്, സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുണ്ട്. അത്തരമാളുകളുടെ ഒരു കമ്മീഷനെ കോടതി നിയോഗിച്ച്‌ ഇതുമായി ബന്ധപ്പെട്ട് അവരില്‍ നിന്ന് അഭിപ്രായം തേടുന്നത് ഉചിതമാകുമെന്ന് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ പറഞ്ഞു. ഇത് വിശ്വാസത്തിന്റെ പ്രശ്നമായതിനാലാണ് അങ്ങനൊെരു നിലപാട് പറഞ്ഞത്.

ഹൈക്കോടതി വിധിയാണ് നടപ്പാക്കുന്നത്. അത് പറഞ്ഞുകൊണ്ട് സര്‍ക്കാര്‍ ഒരുകാര്യം കൂടി പറഞ്ഞു. നിയമനിര്‍മ്മാണം ഉദ്ദേശിക്കുന്നില്ല. സുപ്രീംകോടതിയില്‍ പറഞ്ഞതാണ്. അവസാനം ഒരുകാര്യം അസന്നിഗ്ധമായി പറഞ്ഞു. എല്ലാം പരിശോധിച്ച്‌ സുപ്രീംകോടതി വിധി എന്താണോ അത് സര്‍ക്കാര്‍ നടപ്പാക്കും. ഇത് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്ങ്മൂലമാണ്. ഇക്കാര്യത്തില്‍ മറ്റൊരു പ്രത്യേകത. ഈ ഘട്ടത്തില്‍ ദേവസ്വം ബോര്‍ഡ് നിലവിലുള്ള സ്ഥിതിയെ അനുകൂലിച്ചാണ് വാദിച്ചിരുന്നത്. അതോടൊപ്പം വിവിധ കൂട്ടര് കക്ഷിചേര്‍ന്നു. പന്തളം കൊട്ടാരം, തന്ത്രിമാര്‍, എന്‍എസ്‌എസ്, അയ്യപ്പസേവാസംഘങ്ങള്‍ അങ്ങനെ പലരും. എന്നാല്‍ ചേരാത്ത രണ്ടുകൂട്ടരുണ്ട്. ഒന്ന് ബിജെപിയാണ്. ഇപ്പൊ ബിജെപിയോടൊപ്പം നിലപാടെടുത്തുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസും ഇതിനൊപ്പം കക്ഷിചേര്‍ന്നിരുന്നില്ല.

ഈ രണ്ടുകൂട്ടരും കോടതിക്ക് പുറത്ത് ഒരു നിലപാട് പരസ്യമായി എടുത്തു. അത് സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണം എന്നാണ്. ഈ കേസ് നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍ കോടതിക്ക് പുറത്ത് കോണ്‍ഗ്രസും ബിജെപിയും എടുത്തിരുന്നത്. കോടതിവിധിയുടെ പ്രത്യേകത ശ്രദ്ധിക്കണം. സുപ്രീംകോടതി പുറപ്പെടുവിച്ച വിധി. അതിന്റെ ആറ്റിക്കുറുക്കിയ സത്ത, പത്തിനും അമ്ബതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ തടയുന്ന ചട്ടം ഭരണഘടനാ വിരുദ്ധം. അതാണ് വിധി. ഇത് വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്.

മാത്രമല്ല അയ്യപ്പഭക്തന്മാരെക്കുറിച്ച്‌ കോടതിയുടെ നിരീക്ഷണമുണ്ട്. അയ്യപ്പഭക്തന്മാര്‍ ഒരു പ്രത്യേക മതവിഭാഗമല്ല. എല്ലാ ജാതി മതസ്ഥര്‍ക്കും പോകാവുന്ന ആരാധനാലയമാണ് ശബരിമല. അതെല്ലാം പരിശോധിച്ചുകൊണ്ടാണ്

ഈ വിധിയെ മറ്റൊരു ഓര്‍ഡിനന്‍സ് കൊണ്ടോ നിയമനിര്‍മ്മാണം കൊണ്ടോ മറികടക്കാനാകില്ല. നിയമ വൈദഗ്ധ്യം ഇല്ലാത്തവര്‍ക്കു തന്നെ അറിയാം. ഭരണഘടനാ തത്വത്തിന് എതിരായ നിലപാട് നിയമനിര്‍മ്മാണത്തിലൂടെ ഉണ്ടാക്കാനാകില്ല. സുപ്രീംകോടതി വ്യക്തമാക്കിക്കഴിഞ്ഞു ഇത് ഭരണഘടനാ വിരുദ്ധമാണെന്ന്. ഭരണഘടനാ വിരുദ്ധമായ ഒന്ന് പുനഃസ്ഥാപിക്കാന്‍, നിയമനിര്‍മ്മാണം നടത്താന്‍ സാധാരണ നിലയ്ക്ക് കഴിയില്ല. ഇതാണ് ഇതില്‍ വ്യക്തമാകേണ്ട ഒരുകാര്യം.

ചിലര്‍ ചോദിക്കുന്ന ഒരു കാര്യമുണ്ട്. പുനപരിശോധനാ ഹര്‍ജി നല്‍കാത്തതെന്തെന്ന്. ഇക്കാര്യത്തില്‍ നേരത്തെ തന്നെ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീംകോടതിവിധി എന്താണോ അത് നടപ്പാക്കുമെന്നാണ് സുപ്രീംകോടതിയില്‍ പറഞ്ഞത്. ഇക്കാര്യത്തില്‍ തുല്യാവകാശത്തിന്റെ പ്രശ്നത്തില്‍ സ്ത്രീക്ക് പുരുഷനെപ്പോലെ തന്നെ ആരാധനാ സ്വാതന്ത്ര്യമുണ്ട് എന്നു തന്നെയാണ് സര്‍ക്കാര്‍ കാണുന്നത്. ഇതും നേരത്ത വ്യക്തമാക്കിയ കാര്യമാണ്.നിയമവാഴ്ചയുള്ള രാജ്യത്ത് ഏതു സര്‍ക്കാരിനും ഇതേ ചെയ്യാനാകൂ.

സര്‍ക്കാരിനെ തെറിപറഞ്ഞതുകൊണ്ടോ വികാരം ഇളക്കിവിട്ടതുകൊണ്ടോ സര്‍ക്കാരിനെക്കൊണ്ട് ചെയ്യിക്കാനാകില്ല. നിയമാനുസൃതമായേ സര്‍ക്കാരിന് കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനാകൂ. ഒരുകാര്യം സര്‍ക്കാര്‍ ചെയ്തു. ബന്ധപ്പെട്ടവരെ വിളിച്ച്‌ ചര്‍ച്ച ചെയ്യാമെന്ന് കരുതി. അതിന്റെ ഭാഗമായാണ് ശബരിമലയിലെ തന്ത്രിമാരെയും പന്തളം കൊട്ടാരത്തിന്റെ പ്രതിനിധികളെയും ചര്‍ച്ചയ്ക്കായി മുഖ്യമന്ത്രിയെന്ന നിലയ്ക്ക് വിളിച്ചത്. പക്ഷെ അവരാ ചര്‍ച്ചയ്ക്ക് തയ്യാറായില്ല. എന്തുകൊണ്ടാണ് അങ്ങനെയൊരു നിലപാടെടുത്തത് എന്ന് മനസിലാകുന്നില്ല. അത് തീരുമാനിക്കാനുള്ള അവകാശമുണ്ട്. പക്ഷെ ഇത്തരം കാര്യങ്ങളില്‍ സാധാരണ സ്വീകരിക്കുന്ന സമ്ബ്രദായമുണ്ട്. സര്‍ക്കാരിന് മുന്നില്‍ കാര്യങ്ങള്‍ പറയാന്‍ തയ്യാറാവുക. അതല്ല അവര്‍ സ്വീകരിച്ചത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് വ്യക്തമാക്കാനുള്ളത്. ഞങ്ങള്‍ വിശ്വാസികളുമായി ഏറ്റുമുട്ടാന്‍ തയ്യാറുള്ളവരല്ല. ഭരണമില്ലെങ്കിലും എല്‍ഡിഎഫ് ഇതേ നിലപാടുതന്നെയാണ് സ്വീകരിക്കില്ല.

തങ്ങളുടെ വിശ്വാസമനുസരിച്ച്‌ ഇവിടെ കാര്യങ്ങള്‍ നടത്താന്‍ പാടുള്ളൂ. നിങ്ങളുടെ വിശ്വാസം ഇവിടെ പറ്റില്ലെന്ന് പറഞ്ഞ് പ്രത്യേക വിഭാഗത്തില്‍പെട്ടവരെ ആക്രമിച്ച സമയത്ത് ഞങ്ങള്‍ അറച്ചിട്ടില്ല. ഞങ്ങള്‍ മുന്നില്‍തന്നെയുണ്ടായിരുന്നു എന്ന കാര്യം മറക്കരുത്. വിശ്വാസികള്‍ക്ക് ഞങ്ങളെക്കുറിച്ച്‌ ഒരു തെറ്റിദ്ധാരണയുമില്ല. സര്‍ക്കാരിന് ഭരണഘടനാ ഉത്തരവാദിത്തമുണ്ട്. അതാണ് സുപ്രീംകോടതിവിധി നടപ്പാകല്‍. ഇതില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സര്‍ക്കാരിനാകില്ല. ഇവിടെ വിധി വന്നപ്പോള്‍ സര്‍ക്കാരിനും എല്‍ഡിഎഫിനുമെതിരേ വമ്ബിച്ച പ്രചാരവേലയാണ്. ബിജെപിയും യുഡിഎഫും അഴിച്ചുവിടുന്നത്. ഇക്കാര്യത്തില്‍ പല സംഘടനകളെയും ഒന്നിച്ച്‌ ചേര്‍ത്തുകൊണ്ടാണ് പ്രക്ഷോഭത്തിന് തയ്യാറാകുന്നത്. ഒരുപാട് വികാരമിളക്കിവിടാനുള്ള ശ്രമം നടക്കുകയാണ്. ഇവിടെ ഓര്‍ക്കേണ്ട കാര്യം വിധി വന്നയുടനെ ആര്‍എസ്‌എസിന്റെ അഖിലേന്ത്യാ തലപ്പത്തിരിക്കുന്ന ഭയ്യാ ജോഷിയെപ്പോലുള്ളവര്‍ ഇതിനെ അനുകൂലിച്ചാണ് പരസ്യമായി പറഞ്ഞത്. ബിജെപിയുടെ വക്താക്കള്‍ വിധിയെ തള്ളാത്ത നിലയാണ് ആദ്യം സ്വീകരിച്ചത്. കോണ്‍ഗ്രസിന്റെ കാര്യം, കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വം ചരിത്രപരമായ വിധിയെന്നാണ് രേഖപ്പെടുത്തിയത്.

ഇവിടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഈ വിധിയെ സ്വാഗതം ചെയ്യുന്ന നിലയാണ് സ്വീകരിച്ചത്. പ്രതിപക്ഷ നേതാവ് ഈ വിധിയനുസരിച്ച്‌ കാര്യങ്ങളാണ് നടത്തുകയാണ് വേണ്ടത്. നേരത്തെ കൊടുത്ത അഫിഡവിറ്റിനെക്കുറിച്ച്‌ ആലോചിച്ചിട്ട് കാര്യമില്ല എന്നൊക്കെ പറഞ്ഞവരാണിവര്‍. ഇവരൊക്കെ പെട്ടെന്ന് മാറുകയായിരുന്നു. ആ മാറ്റം ആരാണ് ആദ്യം തുടങ്ങിയത്. ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ട്. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ തര്‍ക്കമുണ്ട്. കോണ്‍ഗ്രസിന്റെ നേതാക്കള്‍ പറയുന്നു ഞങ്ങളാണ് ആ നിലപാട് ആദ്യമെടുത്തത് എന്ന്. പക്ഷെ നാടാകെ കണ്ട ഒരു യാഥാര്‍ത്ഥ്യമുണ്ട്. ആര്‍എസ്‌എസ് ഈ ഘട്ടത്തില്‍ പ്രഖ്യാപിതനിലപാട് മാറ്റി. വിശ്വാസികളെ തങ്ങളുടെ ഒപ്പം നിര്‍ത്തി തങ്ങള്‍ക്കു സംഭവിച്ച ദൗര്‍ബല്യം പരിഹരിക്കാനാകുമോ എന്ന ശ്രമമാണ് നടത്തിയത്. ആര്‍എസ്‌എസ് എല്ലാം മറന്ന് രംഗത്തുവന്നു. അതിശക്തമായ നടപടികളിലേക്ക് നീങ്ങി. പ്രകോപനമുണ്ടാക്കി. സ്ത്രീയെ ചവിട്ടിക്കീറി രണ്ടു കഷണമാക്കി വലിച്ചെറിയും. എന്തെല്ലാമാണ് പറഞ്ഞത്. മാത്രമല്ല സ്ത്രീയുടെ അവകാശത്തിന് വേണ്ടി നിലകൊള്ളുന്ന ആദരണീയരായ വ്യക്തികളെ പ്രത്യേകിച്ച്‌ മഹിളാ നേതാക്കളെ പുലഭ്യം പറയുന്ന സ്ഥിതി. കോണ്‍ഗ്രസ് അതിനൊപ്പം എല്ലാത്തിന്റെയും കൂടെ നില്‍ക്കുന്ന നില വന്നു. കോണ്‍ഗ്രസ് സ്വീകരിച്ച സമീപനം. കോണ്‍ഗ്രസുകാര്‍ ഒപ്പം നിന്നു. ഇക്കാര്യത്തില്‍ ഒരു പ്രത്യേക ശ്രദ്ധവേണം. കോണ്‍ഗ്രസിന് ആര്‍എസ്‌എസ് മനസുണ്ടാകാന്‍ പാടില്ലാല്ലോ. ഈ സംഭവത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് ആര്‍ക്കെങ്കിലും കേള്‍ക്കാന്‍ കഴിഞ്ഞോ. എല്ലാവരും സ്ത്രീപ്രവേശനത്തിനെതിരേ എല്ലാവരും ആര്‍എസ്‌എസ് പ്രക്ഷോഭത്തിന് കൂടെ. എന്തുകൊണ്ട് വന്നു അത്. കോണ്‍ഗ്രസില്‍ എത്ര രൂഢമൂലമായി ആര്‍എസ്‌എസ് മനസ് രൂപംകൊണ്ടു എന്നാണ് മനസിലാക്കുന്നത്. അതേസമയം സഹതപിക്കുകയും ചെയ്യാം. കോണ്‍ഗ്രസ് എന്ന പാര്‍ട്ടി ഈ നിലയില്‍ അധപതിച്ചു എന്ന സഹതാപം സ്വാഭാവികമായി ഉണ്ടാകുന്നു.

എസ്‌എന്‍ഡിപി കെപിഎംസ് തുടങ്ങിയ സംഘടനകള്‍ ശരിയായ നിലപാട് സ്വീകരിച്ചു. ആദിവാസി ഗോത്രമഹാസഭ. അതോടൊപ്പം എല്‍ഡിഎഫിനെയും സര്‍ക്കാരിനെയും ആക്രമിക്കാന്‍ പുറപ്പെട്ടവരുടെ പ്രചാരവേലയില്‍ യാഥാര്‍ത്ഥ്യമറിയാതെ കുടുങ്ങിപ്പോയ ചിലരുണ്ട്. അവര്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടവരാണ്. ആ തെറ്റിദ്ധാരണ സ്വാഭാവികമായും നീങ്ങും. ഇവിടെ നമുക്കൊരു പാരമ്ബര്യമുണ്ട്.

എല്ലാറ്റിലുമുപരി വിശ്വാസമാണ്. ഭരണഘടനാ മൂല്യങ്ങളല്ല, നിയമങ്ങളല്ലെന്ന് കോണ്‍ഗ്രസും ഇത് പറയുന്നുണ്ട്. ഈ വാദത്തിനൊപ്പം നില്‍ക്കുന്നവര്‍ അതിന്റെ ആപത്ത് തിരിച്ചറിഞ്ഞിട്ടുണ്ടോ. ലീഗ് നേതാക്കളടക്കം ആവേശപൂര്‍വം അണികൊള്ളുന്നൂ. ഈ വാദമൊന്ന് നീട്ടിക്കൊടുക്ക്, രാമക്ഷേത്രത്തിന്റെ വിഷയത്തില്‍. ഈ ആപത്ത് ശരിയായ വിധത്തില്‍ തിരിച്ചറിഞ്ഞിട്ടുണ്ടോ. നമ്മുടെ നാട്ടില്‍ ഒരു ബാബറി മസ്ജിദിന് മേലില്‍ മാത്രമല്ല സംഘപരിവാറിന്റെ അവകാശവാദം. ഇന്ത്യയിലെ നിരവധി ആരാധനാലയങ്ങള്‍ക്ക് മേല്‍ അവരുടെ അവകാശവാദമുണ്ട്. എല്ലാം വിശ്വാസത്തില്‍ അധിഷ്ഠിതമായതാണെങ്കില്‍ എന്താകും നാളത്തെ ഭാവി എന്ന് സാവകാശം ചിന്തിച്ചാല്‍ മതി. അതിന് പറ്റുമെങ്കില്‍ ചിന്തിക്കുക.

നാംകാണേണ്ട കാര്യം എന്താണ് ഉന്നം. ഗവണ്‍മെന്റിനെ തെറി പറയലോ എല്‍ഡിഎഫിനെ തെറിപറയലോ അല്ല. യഥാര്‍ത്ഥ ഉന്നം കേരളത്തിന്റെ മതനിരപേക്ഷ മനസ് തകര്‍ക്കലാണ്. നാം ഒറ്റക്കെട്ടായി പ്രതിരോധിക്കണം. എല്ലാവരും മതനിരപേക്ഷ മനസിനെ തകര്‍ക്കാന്‍ ഒറ്റക്കെട്ടായി നില്‍ക്കണം. ഈ ഘട്ടത്തില്‍ അഭ്യര്‍ത്ഥിക്കാനുള്ളത് അതാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top