×

വ്യവസായ വകുപ്പില്‍ നിന്ന് വായ്പ വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി പത്തനംതിട്ടയില്‍ അറസ്റ്റില്‍

പത്തനംതിട്ട: വ്യവസായ വകുപ്പില്‍ നിന്ന് വായ്പയെടുത്ത പാവപ്പെട്ട മധ്യവയസ്‌കനെ പറഞ്ഞു പറ്റിച്ച്‌ 94,000 രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍. പിന്നിലുള്ള സംഘത്തലവനായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. നിര്‍ധന കുടുംബാംഗമായ തട്ടിപ്പുകാരിയോട് പൊലീസിന് സോഫ്ട് കോര്‍ണര്‍ തോന്നിയതു കാരണം വാര്‍ത്ത മാധ്യമങ്ങള്‍ക്ക് നല്‍കാതെ മുക്കി.

ഇലന്തൂര്‍ കാരംവേലി നെല്ലിക്കാല ശ്രീഭവനില്‍ ശോഭന കുമാരിയുടെ മകള്‍ ശ്രീദേവി (25)യെയാണ് ശനിയാഴ്ച വൈകിട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് യുവതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കോഴഞ്ചേരിയിലുള്ള ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നിന്ന് എടുത്ത വായ്പ തുക മടക്കി അടയ്ക്കാന്‍ കഴിയാതെ വലഞ്ഞിരുന്ന വള്ളിക്കോട് വാഴമുട്ടം ഐക്കര വീട്ടില്‍ രവീന്ദ്രന്‍ നായരെയാണ് (56) യുവതിയും ഹരി എന്ന യുവാവും ചേര്‍ന്ന് പറ്റിച്ചത്.

1.25 ലക്ഷം രൂപയുടെ വായ്പാ കുടിശികയാണ് രവീന്ദ്രനുണ്ടായിരുന്നത്. 94,000 രൂപയാക്കി ഇത് കുറച്ച്‌ നല്‍കാമെന്നും താന്‍ വ്യവസായ വകുപ്പ് ജീവനക്കാരിയാണെന്നും ശ്രീദേവി രവീന്ദ്രന്‍ നായരോട് പറഞ്ഞു. ഇതിന്‍ പ്രകാരം 94,000 രൂപ ഇയാളില്‍ നിന്നും വാങ്ങി. കലക്ടറേറ്റിന് മുന്നിലെ അരോമ ഹോട്ടലില്‍ വച്ചാണ് പണം കൈമാറിയത്. പണം നഷ്ടമായെന്നും താന്‍ തട്ടിപ്പിന് ഇരയായെന്നും ബോധ്യമായപ്പോഴാണ് പരാതി നല്‍കിയത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ശ്രീദേവിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

ദീപ്തി നിന്ന പേരാണ് ഇവര്‍ രവീന്ദ്രന്‍ നായരോട് പറഞ്ഞിരുന്നത്. ഇന്ന് ഉച്ചവരെയും പൊലീസിനോടും ഇതേ പേര് തന്നെ പറഞ്ഞു. പിന്നീട് നടന്ന ചോദ്യം ചെയ്യലിലാണ് വാസ്തവം പുറത്തു വന്നത്. ഡിഗ്രി വരെ പഠിച്ചിട്ടുള്ള ശ്രീദേവി നിര്‍ധന കുടുംബാംഗമാണ്. ഇവരുടെ മാതാപിതാക്കള്‍ സ്റ്റേഷനിലെത്തി കദനകഥ പറഞ്ഞതോടെ പൊലീസിന്റെ മനമലിഞ്ഞു. തട്ടിപ്പു കഥ മാധ്യമങ്ങള്‍ക്ക് നല്‍കാതിരിക്കാന്‍ പൊലീസ് ശ്രമം നടത്തുകയും ചെയ്തിരുന്നു. വഞ്ചനാ കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top