×

ഹോളി ഫാമിലി ആശുപത്രിയ്‌ക്കെതിരെ നടക്കുന്നത്‌ ഗൂഢാലോചന; ആ വാര്‍ത്ത അവാസ്‌തവം; അഡ്‌മിനിസ്‌ട്രേറ്റര്‍ പറയുന്നത്‌ ഇങ്ങനെ

തൊടുപുഴ : ഹോളി ഫാമിലി ആശുപത്രിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയായില്‍ നടക്കുന്നത്‌ തികച്ചും അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്ന്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ സിസ്റ്റാര്‍ ആന്‍സി ഗ്രാമജ്യോതിയോട്‌ പറഞ്ഞു.
സോഷ്യല്‍ മീഡിയായില്‍ നടന്നതില്‍ ബില്ലിംഗ്‌ സ്‌റ്റാഫ്‌ ബില്ല്‌ അടിച്ചപ്പോള്‍ 80 രൂപയുള്ള മരുന്നിന്‌ പോയിന്റ്‌ ഇടാതെ 8,000 രൂപ അറിയാതെ അടിയ്‌ക്കുകയാണ്‌ ചെയ്‌തത്‌.
തുടര്‍ന്ന്‌ നടന്ന അന്വേഷണത്തില്‍ ഇത്‌ ബോധ്യമാവുകയും കാശ്‌ തിരികെ രോഗിക്ക്‌ കൊടുക്കുകയും ചെയ്‌തിരുന്നു. തെറ്റ്‌ പറ്റിയ ജീവനക്കാരി രോഗിയോട്‌ ക്ഷമാപണം നടത്തിയിരുന്നു. എന്നിട്ടും ചില തല്‍പര കക്ഷികള്‍ ഈ ആശുപത്രിക്കെതിരെ കുപ്രചരണം നടത്തുകയാണ്‌.
ചിലരുടെ ഗൂഢാലോചനയുടെ ഫലമായിട്ടാണ്‌ സോഷ്യല്‍ മീഡിയായില്‍ ഇത്തരം പ്രവര്‍ത്തികള്‍ നടന്നത്‌.
സേവനത്തിന്‌ കൂടുതല്‍ പ്രാമൂഖ്യം കൊടുക്കുന്നത്‌്‌ കൊണ്ട്‌ എല്ലാ വര്‍ഷവും ബാലന്‍സ്‌ ഷീറ്റില്‍ നഷ്ടമാണ്‌ ഉണ്ടാകുന്നതെന്നും സിസ്റ്റര്‍ പറയുന്നു. കുപ്രചരണങ്ങളില്‍ വശംവദരാകരുതെന്നും സിസ്റ്റര്‍ പറയുന്നു.

മുതലക്കോടം ഹോളി ഫാമിലി ആശുപത്രി അമിത ബില്ല്‌ വാങ്ങിയെന്ന രീതിയില്‍ ഒരു ഓണ്‍ലൈന്‍ മാധ്യമവും തുടര്‍ന്ന്‌ സോഷ്യല്‍ മീഡിയയും പ്രചരിപ്പിക്കുന്ന വാര്‍ത്ത വാസ്‌തവ വിരുദ്ധമാണെന്ന്‌ ആശുപത്രി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 81 രൂപ 95 പൈസ വിലയുള്ള മരുന്നിന്റെ തുക എന്റര്‍ ചെയ്‌തപ്പോള്‍ പോയിന്റ്‌ വീഴാത്തതിനെ തുടര്‍ന്ന്‌ 8195 രൂപ എന്ന്‌ വന്നിരുന്നു. തെറ്റ്‌ മനസ്സിലാക്കാതെ കാഷ്യര്‍ തുക വാങ്ങുകയും ചെയ്‌തു. അടുത്ത ദിവസം രോഗിയുടെ ബന്ധുക്കള്‍ പരാതി പറഞ്ഞതിനെ തുടര്‍ന്ന്‌ പരിശോധന നടത്തി തകരാര്‍ കണ്ടെത്തുകയും പണം തിരികെ നല്‍കുകയും ചെയ്‌തതാണ്‌. ക്ഷമാപണം നടത്തിയെങ്കിലും രോഗി പരാതി നല്‍കിയതിനെ തുടര്‍ന്ന്‌ പോലീസും അന്വേഷണം നടത്തുകയുണ്ടായി.

രണ്ടു വര്‍ഷത്തെ ബില്ലുകള്‍ പോലീസ്‌ പരിശോധിച്ചെങ്കിലും ക്രമക്കേടുകളൊന്നും കണ്ടെത്തിയില്ലെന്നും അധികൃതര്‍ പറഞ്ഞു. ആശുപത്രിയില്‍ അമിത ബില്ലു വാങ്ങുന്നുവെന്ന ആക്ഷേപവും അധികൃതര്‍ നിഷേധിച്ചു. ചികിത്സ തേടിയ കുഞ്ചിത്തണ്ണി സ്വദേശിയായ മേരി ജോണിയ്‌ക്ക്‌ ചികിത്സാ ചിലവ്‌ 76549 രൂപയാണ്‌. ഇതില്‍ 25149 രൂപ ഇംപ്ലാന്റിന്റെ വിലയാണ്‌. രോഗിയുടെ ബന്ധുക്കളുടെ നിര്‍ദ്ദേശാനുസരണം ഇറക്കുമതി ചെയ്‌ത ഇംപ്ലാന്റാണ്‌ ഉപയോഗിച്ചത്‌. അതുപോലെ തന്നെ പത്തു സ്റ്റാപ്ലര്‍ വാങ്ങിപ്പിച്ചുവെന്ന പ്രചരണവും അടിസ്ഥാന രഹിതമാണ്‌. ഒരു സ്റ്റാപ്ലര്‍ മാത്രമാണ്‌ ഉപയോഗിച്ചതെന്ന്‌ ബില്ലില്‍ വ്യക്തമായിട്ടുണ്ട്‌. വിദഗ്‌ദ്ധ ചികിത്സ ആവശ്യപ്പെടുകയും അത്‌ നല്‍കുകയും ചെയ്‌തശേഷം സോഷ്യല്‍ മീഡിയ വഴി ആരോപണം ഉന്നയിക്കുന്നത്‌ ആശുപത്രിയെ സമൂഹമധ്യത്തില്‍ അപമാനിക്കുവാനാണ്‌.

പ്രതിമാസം 140 ലക്ഷം രൂപയാണ്‌ ശമ്പളം ചെലവ്‌ മാത്രം. പല മാസങ്ങളിലും 25 ലക്ഷത്തോളം രൂപ നഷ്ടത്തിലാണ്‌ ആശുപത്രി പ്രവര്‍ത്തിക്കുന്നതെന്നും അഡ്‌മിനിസ്‌ട്രേറ്റര്‍ പറഞ്ഞു.

കഴിഞ്ഞ 47 വര്‍ഷമായി നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിക്കെതിരെയുള്ള അപവാദപ്രചരണം ബന്ധപ്പെട്ടവര്‍ അവസാനിപ്പിക്കണമെന്നും ആശുപത്രി അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. വാര്‍ത്താസമ്മേളനത്തില്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ഡോ. ജാന്‍സി മരിയ, ജോയിന്റ്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ഡോ. ആഷ മരിയ, മാര്‍ക്കറ്റിംഗ്‌ മാനേജര്‍ സിജോ എന്നിവര്‍ പങ്കെടുത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top