×

പെണ്‍കുട്ടിയെ നേരില്‍ കണ്ട് ചോദിച്ചിട്ടും പരാതി പറഞ്ഞില്ല- ശശിക്കെതിരെ കേസെടുക്കാനാവില്ലെന്ന് ഐജി അജിത്കുമാര്‍

തൃശൂര്‍ : ലൈംഗിക പീഡന ആരോപണത്തില്‍ പി കെ ശശി എംഎല്‍എയ്‌ക്കെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രം ശശിക്കെതിരെ കേസെടുക്കാനാകില്ലെന്നാണ് തൃശൂര്‍ റേഞ്ച് ഐജി എംആര്‍ അജിത്കുമാര്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ അറിയിച്ചിരിക്കുന്നത്. പെണ്‍കുട്ടിയോ ബന്ധുക്കളോ ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും ഐജി വ്യക്തമാക്കി.

പെണ്‍കുട്ടിയെ നേരില്‍ കണ്ട് ചോദിച്ചിട്ടും പരാതിയെക്കുറിച്ച്‌ പറഞ്ഞില്ല. പാര്‍ട്ടി നേതൃത്വത്തിന് ഇതുസംബന്ധിച്ച പരാതി നല്‍കിയ കാര്യം സ്ഥിരീകരിക്കാന്‍ പോലും യുവതി തയ്യാറായില്ലെന്നും ഐജി ചൂണ്ടിക്കാട്ടി. പെണ്‍കുട്ടിക്ക് പരാതി ഇല്ലെങ്കില്‍ കേസെടുക്കാനാവില്ലെന്ന് നിയമോപദേശം ലഭിച്ചതായും ഐജി വ്യക്തമാക്കുന്നു.

ഷൊര്‍ണൂര്‍ എംഎല്‍എ സിപിഎം ഓഫീസില്‍ വെച്ചും മറ്റും പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതി ഇപ്പോള്‍ പാര്‍ട്ടിയുടെ അന്വേഷണത്തിലാണ്. ഇക്കാര്യം അന്വേഷിക്കാനായി മന്ത്രി എകെ ബാലന്‍, പികെ ശ്രീമതി എംപി എന്നിവരെ പാര്‍ട്ടി അന്വേഷണ കമ്മീഷനായി നിയോഗിച്ചിരിക്കുകയാണ്. കമ്മീഷന്‍ പെണ്‍കുട്ടിയുടെയും ശശിയുടെയും മൊഴി രേഖപ്പെടുത്തുകയും, പരാതിയില്‍ പറയുന്ന മറ്റ് നേതാക്കളുടെ സാക്ഷി മൊഴികള്‍ ശേഖരിക്കുകയും ചെയ്തിരുന്നു.

ശശി കേസില്‍ അന്വഷണകമ്മീഷന്‍ ഇതുവരെ പാര്‍ട്ടിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. പാര്‍ട്ടിയെ വിശ്വാസമാണെന്നും, അതിനാല്‍ പാര്‍ട്ടിക്ക് പുറത്ത് പരാതി നല്‍കില്ലെന്നുമാണ് പരാതിക്കാരി വ്യക്തമാക്കിയിരുന്നത്. ശശി നടത്തിയ ടെലഫോണ്‍ സംഭാഷണങ്ങളുടെ ഓഡിയോ ക്ലിപ്പ് അടക്കം അന്വേഷണ കമ്മീഷന് കൈമാറിയിരുന്നു.

അതിനിടെ ശശിയെ രക്ഷിക്കാന്‍ മന്ത്രി ബാലന്റെ ഓഫീസിലെ ഉന്നതന്‍ രംഗത്ത് വന്നതും വിവാദമായിരുന്നു. പാര്‍ട്ടി നടപടി എടുത്തില്ലെങ്കില്‍ മാത്രം പരാതി പൊലീസില്‍ നല്‍കുന്ന കാര്യം ആലോചിക്കുമെന്നാണ് വനിതാ നേതാവ് എടുത്തിട്ടുള്ള നിലപാട്. ശശിക്കെതിരെ പെണ്‍കുട്ടി പരാതി നല്‍കിയ കാര്യം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സ്ഥിരീകരിച്ചിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top