×

കെപിഎംജിക്കെതിരെയുള്ള ആരോപണങ്ങളില്‍ വസ്തുതയില്ല; നടപടികളുമായി മുന്നോട്ട്‌ പോകുമെന്ന് ഇപി ജയരാജന്‍

തിരുവനന്തപുരം: കേരളത്തിന്റെ പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങളുടെ കണ്‍സള്‍ട്ടന്‍സി കെപിഎംജിയെ ഏല്‍പ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ചൊല്ലി പുതിയ വിവാദം. കണ്‍സള്‍ട്ടന്‍സിക്കെതിരെ നിരവധി ആരോപണങ്ങളുള്ളതിനാല്‍ കമ്ബനിയുടെ വിശ്വാസ്യതയെക്കുറിച്ച്‌ പരിശോധിക്കണമെന്നും പകരം സംവിധാനം ആലോചിക്കണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സര്‍ക്കാരിന് കത്ത് നല്‍കി. അതേസമയം കെപിഎംജിക്കെതിരെയുള്ള ആരോപണങ്ങളില്‍ വസ്തുതയില്ലെന്നും നടപടികളുമായി മുന്നോട്ടു പോകുമെന്നും മന്ത്രി ഇപി ജയരാജന്‍ പറഞ്ഞു.

പ്രളയത്തില്‍ തകര്‍ന്നു പോയ കേരളത്തിന്റെ പുനര്‍നിര്‍മതിക്കായി സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച നെതര്‍ലെന്‍സ് ആസ്ഥാനമായുള്ള കെപിഎംജിക്കെതിരെ വിഎം സുധീരനാണ് ആദ്യം രംഗത്ത് വന്നത്. അതിഗുരുതര ആരോപണങ്ങള്‍ നേരിടുന്ന കമ്ബനിക്കെതിരെ ബ്രിട്ടന്‍, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ അന്വേഷണ നടപടികളുമായി മുന്നോട്ടു പോകുന്നുണ്ടെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പുനപരിശോധന നടത്തണമെന്നുമായിരുന്നു സുധീരന്റെ ആവശ്യം. തുടര്‍ന്ന് ഇതേ ആവശ്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സര്‍ക്കാരിന് കത്ത് നല്‍കി. സഹായം നല്‍കാന്‍ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ മുന്‍പരിചയമുള്ള ഡച്ച്‌ സര്‍ക്കാരടക്കം മുന്നോട്ടു വന്ന സ്ഥിതിയ്ക്ക് ഇത്തരം സാധ്യതകള്‍ കൂടി പരിഗണിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

എന്നാല്‍ ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുന്നത് ചില മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണെന്നും അതില്‍ കഴമ്ബുള്ളതായി തോന്നുന്നില്ലെന്നും ഇപി ജയരാജന്‍ പ്രതികരിച്ചു. നിലവില്‍ കെപിഎംജിയ്ക്ക് കണ്‍സള്‍ട്ടന്‍സി ചുമതല നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും നടപടികളുമായി മുന്നോട്ടു പോകുമെന്നും മന്ത്രി വ്യക്തമാക്കി.

കരാര്‍ കൈമാറുന്നത് സംബന്ധിച്ച്‌ പ്രതിപക്ഷ നേതാവിന്റെ കത്ത് ലഭിച്ചതായും ഇപി ജയരാജന്‍ സ്ഥിരീകരിച്ചു. സംസ്ഥാനത്തെ പ്രളയക്കെടുതികളുടെ യഥാര്‍ഥ കണക്കെടുപ്പ് പൂര്‍ത്തിയാകും മുമ്ബ് പുനര്‍നിര്‍മാണത്തിന് വിദേശകമ്ബനിയെ ചുമതലപ്പെടുത്തിയതിനെ ചൊല്ലി ആദ്യം തന്നെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top