×

രാജ്യത്തിന്റെ പരമാധികാരത്തില്‍ വിട്ടുവീഴ്ചയില്ല; ജമ്മു കശ്മീരിന് സ്വന്തമായി ഭരണഘടനയുള്ളത് അപഭ്രംശം മാത്രമെന്ന് അജിത്ത് ഡോവല്‍:

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിന്റെ പ്രത്യേക ഭരണ ഘടനയെ ചോദ്യം ചെയ്ത് ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍. രാജ്യത്തിന്റെ പരമാധികാരത്തില്‍ വിട്ടുവീഴ്ചയില്ലെന്നും ജമ്മുകാശ്മീരിന് സ്വന്തമായി ഭരണഘടനയുള്ളത് അപഭ്രംശം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിലെ സ്ഥിരതാമസക്കാര്‍ക്കുള്ള പ്രത്യേക അവകാശങ്ങളെയും ആനുകൂല്യങ്ങളെയും കുറിച്ച്‌ പരാമര്‍ശിക്കുന്ന ഭരണഘടനാ അനുച്ഛേദമായ 35- എയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കവേയാണ് ഡോവലിന്റെ പരാമര്‍ശം.

ചൊവ്വാഴ്ച, ഡല്‍ഹിയില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കവേയായിരുന്നു ഡോവലിന്റെ പരാമര്‍ശം. ഒരു പരമാധികാര രാഷ്ട്രത്തിലുള്ള ജനതയുടെ ഉത്കൃഷ്ഠതയ്ക്ക് എല്ലാവര്‍ക്കും ബാധകമായ ഒരു ഭരണഘടനയുടെ പിന്‍ബലമുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. ജമ്മു കശ്മീരിനെ സംബന്ധിച്ചിടത്തോളം ഈ ഭരണഘടനയ്ക്ക് അംഗഭംഗം വന്നിരിക്കുകയാണ്.

560 നാട്ടുരാജ്യങ്ങള്‍ സംയോജിക്കപ്പെട്ടതോടെ രാജ്യത്ത് ഉണ്ടായിരുന്ന വ്യത്യസ്ത നിയമങ്ങള്‍ക്ക് അവസാനമായി. സംയോജനം എന്നതുകൊണ്ട് കാര്യങ്ങള്‍ക്ക് അവസാനം ഉണ്ടായി എന്നതാണ് സത്യം. അതേസമയം, ഡോവലിന്റെ പരാമര്‍ശം കേന്ദ്രം പരിശോധിക്കണമെന്ന ആവശ്യവുമായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് മുസ്തഫ കമാല്‍ രംഗത്തെത്തി. ഡോവലിന്റെ പരമാര്‍ശത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധ പതിപ്പിക്കുന്നില്ലെങ്കില്‍, അദ്ദേഹം ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശാനുസരണം സംസാരിക്കുകയാണെന്ന് കരുതേണ്ടി വരുമെന്നും മുസ്തഫ പറഞ്ഞു. ‘ഡല്‍ഹി’ ഇന്ത്യയെ വിഭജിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിഡിപി നേതാവ് റഫി അഹമ്മദ് മിറും ഡോവലിന്റെ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തി. ഡോവലിന്റെ പ്രസ്താവന നിരുത്തരവാദപരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം പ്രസ്താവനകള്‍ കശ്മീരിലെ പൊതുജനങ്ങളുടെ മനഃസ്ഥിതിയില്‍ വ്യത്യാസം വരുത്താന്‍ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top