×

താടിയുള്ള യുവാവ് സ്ഥിരമായി കൃഷ്ണന്റെ വീട്ടിലെത്തുമായിരുന്നു; സഹോദരന്റെ വെളിപ്പെടുത്തല്‍

ഇടുക്കി : വണ്ണപ്പുറം കമ്ബകക്കാനത്ത് ഗൃഹനാഥനെയും കുടുംബത്തെയും കൊലപ്പെടുത്തിയ സംഭവത്തില്‍ സ്ഥിരമായി വീട്ടിലെത്താറുണ്ടായിരുന്ന
യുവാവിനെ ചോദ്യം ചെയ്യണമെന്ന് സഹോദരന്‍ യജ്ഞേശ്വരന്‍. താടിയുള്ള ഈ യുവാവ് ബൈക്കിലെത്തി കൃഷ്ണനെ പതിവായി കൂട്ടിക്കൊണ്ടുപോകുമായിരുന്നു; കൊലയ്ക്ക് ശേഷം ഇയാളെ കാണാനില്ലെന്ന് സഹോദരന്‍ പറഞ്ഞു

അതേസമയം കൊലപാതകം കവര്‍ച്ചാ ശ്രമത്തിനിടെ അല്ലെന്നാണ് പൊലീസിന്റെ കണ്ടെത്തില്‍. വീട്ടില്‍ അതിക്രമിച്ചു കയറിയതിന്റെ ലക്ഷണങ്ങളില്ല. എന്നാല്‍ ആഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. കൃത്യം നടത്തിയത് കുടുംബത്തെ അടുത്തറിയാവുന്നവരാണെന്നും എസ്പി കെ.ബി വേണുഗോപാല്‍ പറഞ്ഞു. ഇതോടെ കൊലപാതകം മോഷണശ്രമമാണെന്ന ബന്ധുക്കളുടെ വാദം പൊളിയുകയാണ്. അന്വേഷണം കുടുംബവുമായി അടുത്ത പരിചയമുള്ളവരിലേക്കാണ് കേന്ദ്രീകരിച്ചിട്ടുള്ളത്.

കേസില്‍ രണ്ടുപേരെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ കാളിയാര്‍ സ്‌റ്റേഷനില്‍ ചോദ്യം ചെയ്ത് വരികയാണ്. ഇവര്‍ ഇടുക്കി സ്വദേശികളാണ്. സ്ഥലക്കച്ചവടവും മന്ത്രവാദവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട കൃഷ്ണനുമായി പണമിടപാട് നടത്തിയിരുന്നവരാണ് കസ്റ്റഡിയിലുള്ളതെന്നാണ് സൂചന. കസ്റ്റഡിയിലുള്ള ഒരാള്‍ നെടുങ്കണ്ടം സ്വദേശിയാണ്. ഇയാള്‍ക്ക് സ്ഥലവില്‍പ്പനയുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട കൃഷ്ണനുമായി തര്‍ക്കമുണ്ടെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആറോളം പേരെ നേരത്തെ വിശദമായി ചോദ്യം ചെയ്തിരുന്നു. കൊല്ലപ്പെട്ട ?ഗൃഹനാഥന്‍ കൃഷ്ണന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് സംശയ നിഴലിലുള്ള 20 ഓളം പേരുടെ പട്ടിക അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്. സംഭവ സ്ഥലത്തിന് സമീപമുള്ള കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. സ്‌പെക്‌ട്ര സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ ഫോണ്‍ ടവര്‍ കേന്ദ്രികരിച്ച്‌ കോള്‍ വിവരങ്ങള്‍ വിശകലനം ചെയ്യും. കൊല്ലപ്പെട്ട നാല് പേരുടെയും ഫോണ്‍ വിവരങ്ങളും പൊലീസ് പരിശോധിച്ചു. കൊലപാതകത്തിന് പിന്നില്‍ പ്രൊഫഷണല്‍ കൊലപാതകികള്‍ അല്ലെന്നും പോലീസ് സൂചിപ്പിച്ചു.

തൊടുപുഴ ഡിവൈഎസ്പി കെ.പി. ജോസിന്റെ നേതൃത്വത്തില്‍ കാളിയാര്‍, തൊടുപുഴ, കഞ്ഞിക്കുഴി സിഐമാരും പൊലീസുകാരും സൈബര്‍ വിഭാഗവും ഉള്‍പ്പെട്ട 40 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. അഞ്ച് സംഘങ്ങളായാണ് അന്വേഷണം. ബുധനാഴ്ച രാവിലെയാണ് വണ്ണപ്പുറം കമ്ബകക്കാനം കാനാട്ട് വീട്ടില്‍ കൃഷ്ണന്‍ (54), ഭാര്യ സുശീല (50), മക്കളായ ആര്‍ഷ (21), അര്‍ജുന്‍ (17) എന്നിവരെ വീടിനു സമീപം കൊന്ന് കുഴിച്ചുമൂടിയനിലയില്‍ കണ്ടെത്തിയത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top