×

അയ്യോ അതുകൊടുക്കല്ലേ എന്ന് പറയുന്നത് ശരിയാണോ? – ചെന്നിത്തലയ്‌ക്ക്‌ മുഖ്യന്റെ മറുപടി വന്നു

തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ ഫണ്ട് ചിലവഴിക്കുന്നത് സംബന്ധിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചെന്നിത്തലയെ പരിഹസിച്ചു കൊണ്ടാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്. പ്രതിപക്ഷ നേതാവിന് എന്താണ് പറ്റുന്നതെന്ന് എനിക്ക് മനസിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളം പ്രളയക്കെടുതിയെ നേരിടാന്‍ വേണ്ടി ഒരുമിച്ച്‌ നില്‍ക്കുന്ന വേളയില്‍ തന്നെ ചെന്നിത്തല ഇത്തരം സംശയങ്ങള്‍ ഉന്നയിക്കാന്‍ പാടില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

വിമര്‍ശനം ഉയര്‍ത്തിയാല്‍ പ്രതിപക്ഷമാകില്ല എന്നാണ് അദ്ദേഹത്തിന്റെ തോന്നല്‍, ഇക്കാര്യത്തില്‍ അദ്ദേഹത്തെ ആരെങ്കിലും പറഞ്ഞു മനസിലാക്കൂ എന്നായിരുന്നു പിണറായി പറഞ്ഞത്. ഓഖി ദുരന്തത്തെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തിലേക്ക് 107 കോടി രൂപയാണ് എത്തിയത്. ഇക്കാര്യം അന്നു തന്നെ അദ്ദേഹം പറഞ്ഞിരുന്നു. അത് പ്രത്യേക ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുകയാണ്. ഇതിനോടകം 65 കോടി 68 ലക്ഷം രൂപയാണ് ചെലവഴിച്ചത്. 84 കോടി 90 ലക്ഷം രൂപ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ക്ക് ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഓഖിഫണ്ടില്‍ നിന്നും ഒരു ചില്ലിക്കാശും സര്‍ക്കാര്‍ മറ്റു കാര്യങ്ങള്‍ക്ക് ചെലവഴിച്ചിട്ടില്ല. ഇനി ചെലവഴിക്കുകയും ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളി മേഖലയില്‍ ഇനിയും പദ്ധതികള്‍ നടപ്പാക്കാനുണ്ട്. ആ പണം ഒരു തരത്തിലും ദുര്‍വ്യയം ചെയ്യില്ല. ഈയൊരു ഘട്ടത്തില്‍ ഇത്തരം ആരോപണമുന്നയിച്ചുകൊണ്ടാണോ വരേണ്ടത്? ചെറിയ കുഞ്ഞുങ്ങള്‍ സമ്ബാദ്യക്കുടുക്കയുമായി വരുമ്ബോള്‍ അയ്യോ അതുകൊടുക്കല്ലേ എന്ന് പറയുന്നത് ശരിയാണോ? – പിണറായി ചോദിച്ചു.

നമുക്കുതന്നെ സ്വന്തമായി ഒരു നിലപാടുവേണ്ടേ. നമ്മള്‍ ഇങ്ങനെ പല കാര്യങ്ങളിലും ഇടപെടുന്നവരല്ലേ. എന്തിനാണ് വേവലാതി കാട്ടുന്നത്? തെറ്റായി പണം ചെലവഴിച്ചതിന് ഉദാഹരണങ്ങള്‍ കാണിക്കാമോ? പഴയ ഗവണ്‍മെന്റിനെക്കുറിച്ചല്ലല്ലോ പറയുന്നത്. ഇപ്പോള്‍ ഒരു പുതിയ രീതിയല്ലേ നമ്മള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

‘ഓഖി ദുരന്തത്തില്‍ അകപ്പെട്ടവരെ കരകയറ്റാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 104.24 കോടി രൂപയാണ് ഒഴുകി എത്തിയത്. എന്നാല്‍ ചെലവഴിച്ചത് കേവലം 25 കോടി രൂപ മാത്രമാണ്.’ എന്നായിരുന്നു വിവരാവകാശ രേഖകള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചത്. ബാക്കി തുക വകമാറ്റി ചെലവഴിച്ചുവോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെടുകയുണ്ടായി. ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ധനസഹായം അര്‍ഹര്‍ക്ക് സമയബന്ധിതമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ട്രിബ്യൂണലിന് രൂപം നല്‍കണം. ആറുമാസത്തിനകം പ്രളയക്കെടുതി നേരിടുന്ന കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ചെന്നിത്തല പറയുകയുണ്ടായി.

ഈ മാസം ഇരുപത് വരെയുള്ള കണക്ക് പ്രകാരം 25,14,40,000 രൂപ മാത്രമെ ഓഖി ദുരിതാശ്വാസ നിധിയില്‍ നിന്ന് ചെലവാക്കിയിട്ടുള്ളു. 104 കോടി രൂപയിലെ ബാക്കി തുക എന്തുചെയ്തുവെന്ന് പറയാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ഓഖി ദുരന്തത്തിന്റെ ഇരകളായവര്‍ക്ക് ജീവനോപാധി നല്‍കുമെന്ന് പറഞ്ഞിട്ട് ഇതുവരെ നടപടിയുണ്ടായില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടുകയുണ്ടായി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top