×

മുരളീ തുമ്മാരുകുടി എഴുതുന്നു; ദുരിതാശ്വാസ ക്യാമ്പിലടക്കം ഓണം ആഘോഷിക്കണം; മാറ്റി വച്ചാല്‍ നികുതി വരുമാനത്തെയും വ്യാപാരി, തൊഴിലാളി സമൂഹത്തെ ബാധിക്കും

രണ്ടായിരത്തി എട്ട് ആഗസ്റ്റില്‍ ചൈന അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ മാമാങ്കം ആയിരുന്ന ഒളിപിംക്സ് നടത്താന്‍ ഉള്ള തയ്യാറെടുപ്പുകള്‍ നടത്തുമ്ബോള്‍ ആണ് മെയ് മാസത്തില്‍ സിചുവാന്‍ പ്രവിശ്യയില്‍ വലിയ ഭൂമി കുലുക്കം ഉണ്ടായത്. ഒരു ലക്ഷത്തോളം ആളുകള്‍ അതില്‍ മരിച്ചു, മൂന്നു ലക്ഷത്തില്‍ അധികം പേര്‍ക്ക് പരിക്ക് പറ്റി, ലക്ഷക്കണക്കിന് ആളുകള്‍ ഭവനരഹിതരായി.

ദുരന്തം നടന്ന് ഏറെ സമയം കഴിയുന്നതിന് മുന്‍പേ ഞാന്‍ ചൈനയില്‍ എത്തി. അപ്പോള്‍ അവിടെ സമൂഹമാധ്യമത്തില്‍ വലിയ ചര്‍ച്ചകള്‍ നടക്കുകയാണ്. ഒളിമ്ബിക്‌സ് മാറ്റി വെക്കണോ, അതോ ഉല്‍ഘാടനത്തിനൊക്കെ പ്ലാന്‍ ചെയ്തിരിക്കുന്ന വമ്ബന്‍ പരിപാടികള്‍ ഒക്കെ കുറച്ചു നടത്തണോ എന്നൊക്കെയാണ് ചര്‍ച്ച (ചൈനയില്‍ പോയിട്ടല്ലാത്തവര്‍ കരുതുന്നത് ചൈനയില്‍ ഇന്ത്യയിലെ പോലെ ചര്‍ച്ചകളും വിവാദങ്ങളും ഒന്നും ഇല്ല എന്നാണ്. അങ്ങനെയല്ല, ചര്‍ച്ചകളുടെ രീതിക്കും വിഷയങ്ങള്‍ക്കും ചില പരിധികളും പരിമിതികളും ഒക്കെ ഉണ്ടെങ്കിലും ചൈനയിലെ യുവാക്കള്‍ വളരെ സജീവമായി സാമൂഹ്യ വിഷയങ്ങളില്‍ ഇടപെടുകയും സംസാരിക്കുകയും ചെയ്യും. അത് സമൂഹമാധ്യമത്തില്‍ മാത്രമല്ല. കഴഞ്ഞ തവണ ഞാന്‍ ചൈനയില്‍ ചെന്നപ്പോള്‍ അവിടുത്തെ അന്തരീക്ഷ മലിനീകരണം ആയിരുന്നു വിഷയം, ചൈനയിലെ ട്വിറ്റര് ആയ വീബോ ബീജിങ്ങില്‍ ഒരു ചര്‍ച്ച സംഘടിപ്പിച്ചു, സര്‍ക്കാര്‍ ഉദ്യോഗസ്ഥരും, രാഷ്ട്രീയക്കാരും, പ്രൊഫസര്മാരും ഒക്കെ ഉള്ള നല്ല ചര്‍ച്ച). അവസാനം സര്‍ക്കാര്‍ ഒരു കാര്യത്തിലും കുറവ് വരുത്താതെ ഒളിമ്ബിക്‌സ് നടത്താന്‍ തീരുമാനിച്ചു.അതിന് മുന്‍പോ ശേഷമോ ലോകം കണ്ടിട്ടില്ലാത്ത അത്ര മനോഹരമായ, ഗംഭീരമായ ഒരു ഒളിമ്ബിക്‌സ് അവര്‍ നടത്തുകയും ചെയ്തു. ദുരിതാശ്വാസത്തിലും പുനര്‍നിര്‍മ്മാണത്തിലും അതുകൊണ്ടു കുറവൊന്നും വരുത്തിയില്ല എന്ന് മാത്രമല്ല, ഇത്രവലിയ ദുരന്തം വന്നിട്ടും എഴുന്നേറ്റ് നിന്ന് കാര്യങ്ങള്‍ ചെയ്യാനുള്ള ചൈനയുടെ കഴിവിനെ ലോകം പ്രശംസിക്കുകയും ചെയ്തു.

കേരളത്തില്‍ ഉണ്ടായ കാലാവര്‍ഷക്കെടുതികളുടെ സാഹചര്യത്തില്‍ ഓണാഘോഷങ്ങള്‍ ഒഴിവാക്കണോ എന്ന ചോദ്യം വരുമ്ബോള്‍ ഞാന്‍ ഇക്കാര്യം ആണ് ഓര്‍ക്കുന്നത്. ചൈനയിലെ ദുരന്തം വച്ചുനോക്കുമ്ബോള്‍ നമ്മുടെ കെടുതികള്‍ ഒന്നുമല്ല. വാസ്തവത്തില്‍ ഇത്തവണത്തെ പ്രശ്‌നങ്ങളെ ഞാന്‍ ദുരന്തം എന്ന് തന്നെ കരുതുന്നില്ല. നമുക്ക് ലഭ്യമായ സൗകര്യങ്ങള്‍ കൊണ്ട് കൈകാര്യം ചെയ്യാന്‍ പറ്റാത്ത കാര്യങ്ങളെ ആണ് ദുരന്തങ്ങള്‍ എന്ന് പറയുന്നത്. പക്ഷെ ഇപ്പോള്‍ കേരളത്തില്‍ അങ്ങനെ ഒരു സാഹചര്യം ഇല്ല, പ്രശ്‌നങ്ങള്‍ ഉണ്ട്, അതിനെ കൈകാര്യം ചെയ്യാനുള്ള അറിവും, വിഭവങ്ങളും നമ്മുടെ സമൂഹത്തില്‍ തന്നെ ഉണ്ട്. അതൊക്കെ ഒന്നേ സംയോജിപ്പിക്കേണ്ട കാര്യമേ ഉള്ളൂ.

ഒരു ദുരന്തം ഉണ്ടായിക്കഴിഞ്ഞാല്‍ ആ സമൂഹത്തെ ഏറ്റവും പെട്ടെന്ന് സാധാരണ നിലയിലേക്ക് കൊണ്ടുവരിക എന്നതാണ് ദുരന്തനിവാരണത്തിന്റെ ലക്ഷ്യം. ഭൗതിക നഷ്ടങ്ങള്‍ (വീട്, റോഡ് ഒക്കെ) തിരിച്ചുണ്ടാക്കാന്‍ കുറച്ചു സമയം എടുക്കും, പക്ഷെ കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത്, കച്ചവട സ്ഥാപനങ്ങള്‍ തുറക്കുന്നത്, കൃഷി പുനരാരംഭിക്കുന്നത് ഇതൊക്കെ ഏറ്റവും പെട്ടെന്ന് നടത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. വലിയ ദുരിതാശ്വാസ ക്യാംപുകളില്‍ രണ്ടോ മൂന്നോ ദിവസം കഴിയുമ്ബോള്‍ തന്നെ സ്‌കൂളുകള്‍ തുടങ്ങുന്നത് അതുകൊണ്ടാണ്. ദുരന്തം നടന്ന സ്ഥലങ്ങളില്‍ ആളുകളുടെ ചിന്തകള്‍ സാധാരണ നിലയിലേക്കാക്കാന്‍ ഫുട്‌ബോളും മറ്റു സ്‌പോര്‍ട്ട്‌സ് സൗകര്യങ്ങളും ഒരുക്കുന്നതും മത്സരങ്ങള്‍ നടത്തുന്നതും ഇപ്പോള്‍ ആധുനികമായ നല്ല ദുരന്ത നിവാരണത്തിന് മാതൃകയായിട്ടാണ് കരുതുന്നത്. ദുരന്തം കാരണം വീട് നഷ്ടപ്പെട്ടും അല്ലാതെയും വീട്ടില്‍ നിന്നും മാറി നില്‍ക്കേണ്ടി ഒക്കെ വരുന്ന കുട്ടികള്‍ക്ക് ദുരന്തം അവരുടെ മനസ്സിനെ ബാധിക്കുന്ന ഒരു നീണ്ട ഓര്‍മ്മ ആകാതിരിക്കാന്‍ ഇത്തരം ആഘോഷ പരിപാടികള്‍ക്ക് കഴിയും എന്നാണ് ഇപ്പോള്‍ മനഃശാസ്ത്രജ്ഞന്മാര്‍ പറയുന്നത്.

ഇക്കാര്യങ്ങള്‍ കൊണ്ടൊക്കെ തന്നെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ ഒഴിവാക്കേണ്ട കാര്യം ഇല്ല എന്നാണ് എന്റെ അഭിപ്രായം. നേരെ തിരിച്ച്‌ ദുരിതാശ്വാസ ക്യാമ്ബുകളില്‍ ഉള്‍പ്പടെ ഓണം നടത്തണം. ദുരിതത്തില്‍ പെട്ടവരെ ഉള്‍പ്പടെ, പ്രത്യേകിച്ചും കുട്ടികളെ, ഉള്‍ക്കൊള്ളിച്ചു കൊണ്ടായിരിക്കണം ആഘോഷങ്ങള്‍. സ്വാഭാവികമായും ഔചിത്യ ബോധമില്ലാതെ വെള്ളം മുങ്ങിയ വീടിനു മുന്‍പില്‍ വള്ളം കളി നടത്താന്‍ പോകരുത്, ആഘോഷങ്ങളില്‍ അല്പം മിതത്വം ഒക്കെ പാലിച്ച്‌ ലാഭിക്കുന്ന പണം ദുരിതാശ്വാസത്തിന് നല്‍കാം. അത് സര്‍ക്കാരിലേക്കായാലും സന്നദ്ധ സംഘടനകള്‍ക്ക് ആയാലും. പക്ഷെ ദുരന്തം ഉണ്ടായതിനാല്‍ ഓണം വേണ്ട എന്ന് വക്കുനന്തിന്റെ ആവശ്യമില്ല എന്ന് മാത്രമല്ല, ദുരന്ത ബാധിതര്‍ക്ക്, പ്രത്യേകിച്ചും കുട്ടികള്‍ക്ക്, അത് നല്ല കാര്യവും അല്ല.

ഓണാഘോഷങ്ങള്‍ മാറ്റി വച്ചാല്‍ ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്കും മറ്റുള്ളവര്‍ക്കും നേരിട്ട് മാത്രമല്ല, അല്ലാതേയും നഷ്ടങ്ങള്‍ ഉണ്ടാകും. ഓണക്കാലം എന്നത് കേരളത്തിലെ ഏറ്റവും കൂടുതല്‍ കച്ചവടങ്ങള്‍ നടക്കുന്ന സമയവും ആണ്. പൂക്കള്‍ തൊട്ട് ഓണത്തപ്പനെ വരെ, ശര്‍ക്കര മുതല്‍ പച്ചക്കറി വരെ ഓണക്കോടി മുതല്‍ ഫ്രിഡ്ജ് വരെ ആയിര കണക്കിന് കോടി കച്ചവടം ആണ് നടക്കുന്നത്. പലരും ഈ ഓണത്തിനുള്ള സ്റ്റോക്കിങ്ങും അറേഞ്ച്‌മെന്റുകളും നടത്തിക്കഴിഞ്ഞു. ഓണാഘോഷം വേണ്ടെന്നു വച്ചാല്‍ ഈ രംഗത്ത് നില്‍ക്കുന്ന ചെറുകിട കച്ചവടക്കാര്‍ക്ക് നഷ്ടം പറ്റും, ദുരിതം അവരിലേക്കും പടരും, തുണിക്കടയില്‍ ജോലി ചെയ്യുന്നവരുടെ കാര്യവും അങ്ങനെ തന്നെ.

ചെലവാക്കാതെ മാറ്റി വക്കുന്ന തുകയൊന്നും മൊത്തമായി ആരും ദുരിതാശ്വാസത്തിന് നല്‍കില്ല എന്ന് മാത്രമല്ല ദുരിതാശ്വാസത്തിന് സഹായിക്കുന്നവരില്‍ കച്ചവടക്കാരും തൊഴിലാളികളും ഉണ്ട്. അവര്‍ക്ക് വേണ്ടത്ര സഹായിക്കാന്‍ പറ്റില്ല. ഇതൊന്നും പോരാഞ്ഞിട്ട്, ഓണക്കാല കച്ചവടത്തില്‍ നിന്നും നൂറുകണക്കിന് കോടി നികുതി വരുമാനമാണ് സര്‍ക്കാരിന് ലഭിക്കുന്നത്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ വരുന്ന പണത്തിലും ഏറെ മടങ്ങ്. ഇങ്ങനെ എത്തുന്ന നികുതി പണം കൂടിയാണ് സര്‍ക്കാര്‍ വകുപ്പുകള്‍ ദുരിതാശ്വാസത്തിന് ഉപയോഗിക്കുന്നത്. അപ്പോള്‍ ഈ സീസണ്‍ നമ്മള്‍ മനപ്പൂര്‍വ്വം ഡിപ്രസ്സ് ചെയ്താല്‍ ദുരിതത്തില്‍ അകപ്പെട്ടവര്‍ക്ക് ഉള്‍പ്പടെ അത് നഷ്ടക്കച്ചവടം ആണ്.

ഞാന്‍ ഈ തവണ ഓണത്തിന് നാട്ടില്‍ ഉണ്ട്. ഈ തവണ ഉണ്ടായ വെള്ളപ്പൊക്കത്തെ പറ്റി തീര്‍ച്ചയായും സര്‍ക്കാരുമായി ചര്‍ച്ച ചെയ്യും, ഇനി അങ്ങനെ ഉണ്ടാകാതെ എന്ത് ചെയ്യാം എന്നുള്ള കാര്യത്തില്‍ പരമാവധി നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും. ആകുന്ന തരത്തില്‍ നേരിട്ട് ദുരിതബാധിതരെ ഇപ്പോഴേ സഹായിക്കുന്നുണ്ട്. അതേ സമയം പറ്റുമ്ബോള്‍ ഒക്കെ പൂവിടും, ഓണം ആഘോഷിക്കുകയും ചെയ്യും, പറ്റിയാല്‍ ദുരിത ബാധിതരുടെ കൂടെ തന്നെ.

മന്ത്രിമാര്‍ ദുരന്ത മുഖത്തേയ്ക്ക് ഓടിച്ചെല്ലുന്നതല്ല നല്ല മാതൃക എന്നും, പഴയ തുണിയും പച്ചക്കറികളും ദൂരെ ദേശത്തു നിന്നും സംഭരിച്ചു ദുരിത ബാധിത പ്രദേശത്ത് എത്തിക്കാതെ അതിനടുത്ത പ്രദേശങ്ങളിലെ എക്കണോമിക്ക് ആക്ടിവിറ്റി ബൂസ്റ്റ് ചെയ്യാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്നും പറഞ്ഞപ്പോഴും ആദ്യം എതിര്‍പ്പുണ്ടായല്ലോ. അതുപോലെ ഓണാഘോഷം വേണം എന്ന് പറയുമ്ബോഴും എതിര്‍പ്പുള്ളവര്‍ ഉണ്ടാകാം. പക്ഷെ ലോകത്ത നല്ല മാതൃകകളെ കേരള സമൂഹത്തിന് മുന്നില്‍ എത്തിക്കുകയാണ് എന്റെ ജോലി. അത് ഞാന്‍ ചെയ്തുകൊണ്ടേ ഇരിക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top