×

കേരളത്തിന് കൈത്താങ്ങുമായി തമിഴ്‌നാട് ഉപമുഖ്യമന്ത്രി , അരി, പലചരക്ക് സാധനങ്ങള്‍, ലുങ്കികള്‍, 11 ലോറി സാധനങ്ങള്‍ കൈമാറി

ഇടുക്കി: പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തിന് കൈത്താങ്ങുമായി തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം കമ്ബംമെട്ടില്‍. 11 ലോറി നിറയെ സാധനങ്ങളുമായാണ് ഒപിഎസ് എത്തിയത്. 30 ലക്ഷം രൂപയുടെ സാധനങ്ങള്‍ പനീര്‍ ശെല്‍വം അതിര്‍ത്തി ചെക്ക് പോസ്റ്റായ കമ്ബംമെട്ടിലെത്തി ഇടുക്കി ആര്‍.ഡി.ഒ. എം.പി.വിനോദിന് കൈമാറി.

തമിഴ്‌നാട് സര്‍ക്കാരും, തേനി ജില്ലയിലെ എഐഎഡിഎംകെ. പ്രവര്‍ത്തകരും ചേര്‍ന്ന് ശേഖരിച്ച 11 ലോറി നിറയെ സാധനങ്ങളാണ് കൈമാറിയത്. 15 ടണ്‍ അരി, രണ്ട് ടണ്‍ വീതം ആട്ട, മൈദ, ഒന്നര ടണ്‍ വീതം പരിപ്പ്, പയര്‍, മൂന്ന് ടണ്‍ പഞ്ചസാര, 1000 ലിറ്റര്‍ വെളിച്ചെണ്ണ, രണ്ട് ടണ്‍ വീതം പാല്‍പ്പൊടി, തേയില, അഞ്ച് ടണ്‍ പച്ചക്കറികള്‍ തുടങ്ങിയവ കൈമാറിയവയില്‍ ഉള്‍പ്പെടുന്നു.തേനി ജില്ലയില്‍ നിന്നും ആറ് വാഹനങ്ങളിലും മധുരയില്‍ നിന്ന് അഞ്ച് ലോറികളിലുമാണ് തമിഴ്‌നാട് സാധനങ്ങള്‍ എത്തിച്ചത്. ഇതുകൂടാതെ തേനി തഹസില്‍ദാര്‍ ആറ് വാഹനങ്ങള്‍ നിറയെ അവശ്യ സാധനങ്ങള്‍ ബോഡിമെട്ട് വഴി ഉടുമ്ബന്‍ചോല താലൂക്കോഫീസിലും എത്തിച്ചിരുന്നു.

‘കേരളത്തിലെയും തമിഴ്‌നാട്ടിലേയും ജനങ്ങള്‍ സഹോദരങ്ങളാണ്. തമിഴ്‌നാട്ടില്‍ പ്രളയമുണ്ടായപ്പോള്‍ കേരളം തന്ന സഹായം സ്മരിക്കുന്നു. പ്രളയം മൂലം ബുദ്ധിമുട്ടുന്ന മലയാളികളോടൊപ്പം തമിഴ്‌നാട് സര്‍ക്കാരും, എ.ഐ.എ.ഡി.എം.കെ.യും പങ്കു ചേരുന്നു. സഹായങ്ങള്‍ ഇനിയും തുടരും’ പനീര്‍ശെല്‍വം പറഞ്ഞു.

അരി, പലചരക്ക് സാധനങ്ങള്‍, ലുങ്കികള്‍, ബിസ്‌കറ്റ് പായ്ക്കറ്റുകള്‍, കുടിവെള്ളം, പച്ചക്കറികള്‍ എന്നിവ അടക്കമുള്ള സാധനങ്ങളാണ് മധുരയില്‍ നിന്നും തമിഴ്‌നാട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ എത്തിച്ചത്. ആവശ്യാനുസരണം കൂടുതല്‍ ഭക്ഷ്യ വസ്തുക്കളും അവശ്യ സാധനങ്ങളും തമിഴ്‌നാട്ടില്‍ നിന്നും എത്തിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top