×

പിണറായിയെ വെറുതെ വിടാന്‍ ഉദ്ദേശിക്കാതെ സിബിഐ; വിജയന്റെ വിചാരണ അനിവാര്യമെന്നും സിബിഐ

ഡല്‍ഹി: ലാവ്‌ലിന്‍ കേസില്‍ ഹൈക്കോടതി വിധിക്കെതിരെ സിബിഐ. വസ്തുതകള്‍ പരിശോധിക്കാതെയാണ് ഹൈക്കോടതി ലാവ്‌ലിന്‍ കേസില്‍ വിധി പറഞ്ഞത് എന്നാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സിബിഐ ഉന്നയിക്കുന്നത്. കസ്തൂരി രംഗ അയ്യര്‍, ആര്‍ ശിവദാസ് എന്നിവര്‍ക്കെതിരെ തെളിവുണ്ടെന്നും ഇവര്‍ ഇനിയും വിചാരണ നേരിടണമെന്നും സിബിഐ ഉന്നയിക്കുന്ന വാദത്തില്‍ പറയുന്നു.

എസ്‌എന്‍സി ലാവലിന്‍ കേസില്‍ പിണറായി വിജയന്റെ വിചാരണ അനിവാര്യമെന്ന് സിബിഐ. ലാവലിന്‍ കേസില്‍ വിചാരണ നേരിടണം എന്ന ഹൈക്കോടതി വിധിക്കെതിരെ കെഎസ്‌ഇബി മുന്‍ അകൗണ്ട്സ് മെമ്ബര്‍ കെജി രാജശേഖരന്‍, മുന്‍ ചെയര്‍മാന്‍ ആര്‍ ശിവദാസന്‍, ജനറേഷന്‍ വിഭാഗം മുന്‍ ചീഫ് എഞ്ചിനീയര്‍ കസ്തുരിരംഗ അയ്യര്‍ എന്നിവര്‍ സുപ്രിം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഫയല്‍ ചെയ്ത പുതിയ സത്യവാങ് മൂലത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കേസില്‍ വിചാരണ നേരിടണം എന്ന് സിബിഐ വ്യക്തമാക്കിയിരിക്കുന്നത്. സിബിഐ കൊച്ചി യൂണിറ്റിലെ എസ്‌പി ഷിയാസാണ് സുപ്രിം കോടതിയില്‍ പുതിയ സത്യവാങ്മൂലം ഫയല്‍ ചെയ്തിരിക്കുന്നത്.

ജി കാര്‍ത്തികേയന്‍ സംസ്ഥാന വൈദ്യുതി മന്ത്രി ആയിരുന്നപ്പോള്‍ 1996 ഫെബ്രുവരി 2 നാണ് എസ്‌എന്‍സി ലാവലിനുമായി കണ്‍സള്‍ട്ടന്‍സി കരാര്‍ ഒപ്പ് വച്ചത്. എന്നാല്‍ 1997 ഫെബ്രുവരി 10 ന് കസള്‍ട്ടന്‍സി കരാര്‍ സപ്ലൈ കരാര്‍ ആയി മാറ്റി. കരാറിലെ ഈ മാറ്റം ലാവലിന്‍ കമ്ബനിയുടെ അതിഥി ആയി പിണറായി കാനഡയില്‍ ഉള്ളപ്പോള്‍ ആയിരുന്നു എന്ന് സിബിഐ തങ്ങളുടെ സത്യവാങ് മൂലത്തില്‍ വ്യക്തമാക്കുന്നു. അക്കാലത്ത് വൈദ്യുത മന്ത്രി ആയിരുന്ന പിണറായി വിജയന്‍, ഊര്‍ജ്ജ വകുപ്പ് മുന്‍ സെക്രട്ടറിയായിരുന്ന കെ മോഹനചന്ദ്രന്‍, ഊര്‍ജ്ജ വകുപ്പ് ജോയിന്റ് സെക്രട്ടറിയായിരുന്ന എ ഫ്രാന്‍സിസ് എന്നിവര്‍ അറിയാതെ കരാറില്‍ മാറ്റം ഉണ്ടാകില്ല എന്നാണ് സിബിഐ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വിചാരണ നേരിടുന്നതില്‍ നിന്ന് പിണറായി വിജയനെയും മറ്റ് രണ്ട് പേരെയും ഒഴിവാക്കി ഉത്തരവിടുമ്ബോള്‍ ഹൈക്കോടതി ഈ വസ്തുത പരിഗണിച്ചില്ല എന്നാണ് സിബിഐയുടെ നിലപാട്.

തലശ്ശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്റര്‍ നിര്‍മ്മിക്കുന്നതിനുള്ള നിര്‍ദ്ദേശം പിണറായി വിജയന്റെ കാനഡ സന്ദര്‍ശന വേളയിലാണ് ഉണ്ടായത്. ലാവലിന്‍ കരാറിലൂടെ എസ്‌എന്‍സി ലാവലിന്‍ കമ്ബനിക്ക് വലിയ ലാഭം ഉണ്ടായി. കെഎസ്‌ഇബിക്ക് ഭീമമായ നഷ്ടവും. പൊതു പ്രവര്‍ത്തകര്‍ മനഃപൂര്‍വ്വം വരുത്തിയ വീഴ്ചകളാണ് കരാറിലൂടെ വന്‍ ലാഭം ലാവലിന്‍ കമ്ബനിക്ക് ഉണ്ടാകാന്‍ കാരണം. ലാവലിന്‍ കരാറുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും വസ്തുതകളും വിചാരണ ഘട്ടത്തില്‍ പരിശോധിക്കണം എന്ന് ഹൈക്കോടതി വിധിച്ചിരുന്നു. എന്നാല്‍ പിണറായി വിജയനെയും മറ്റ് രണ്ട് പേരെയും വിചാരണ നേരിടുന്നതില്‍ നിന്ന് ഒഴിവാക്കി. ഇത് തെറ്റായ നടപടി ആണെന്ന് സിബിഐ ചൂണ്ടിക്കാട്ടുന്നു. പിണറായി വിജയന്‍, കെ മോഹനചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവര്‍ കെജി രാജശേഖരന്‍, ആര്‍ ശിവദാസന്‍, കസ്തുരിരംഗ അയ്യര്‍ എന്നിവര്‍ക്ക് ഒപ്പം വിചാരണ നേരിടണം എന്നാണ് സിബിഐയുടെ ആവശ്യം.

ക്രിമിനല്‍ നടപടി ചട്ടത്തിലെ 239 ആയി ബന്ധപ്പെട്ട് സുപ്രിം കോടതി പുറപ്പെടുവിച്ച വിവിധ ഉത്തരവുകള്‍ക്കും സുപ്രിം കോടതിയുടെ തന്നെ വിവിധ മാര്‍ഗ്ഗ രേഖകകളുടെ ലംഘനവും ആണ് പ്രതികളെ വിചാരണ നേരിടുന്നതില്‍ നിന്ന് ഒഴിവാക്കി കൊടുത്ത വിചാരണ കോടതിയുടെയും ഹൈക്കോടതിയുടെയും വിധികള്‍ എന്നും സിബിഐ സത്യവാങ്മൂലത്തില്‍ ആരോപിച്ചിട്ടുണ്ട്. ഒരേ കേസിലെ വിവിധ പ്രതികളോട് വ്യത്യസ്ത നിലപാട് ഹൈക്കോടതിക്ക് സ്വീകരിക്കാന്‍ ആകില്ലെന്നായിരുന്നു കസ്തുരി രംഗ അയ്യര്‍, കെജി രാജശേഖരന്‍, ആര്‍ ശിവദാസന്‍ എന്നിവരുടെ വാദം.

പിണറായി വിജയന്‍, കെ മോഹനചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവരെ വിചാരണ നേരിടുന്നതില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്ക് എതിരെ സിബിഐ നല്‍കിയ ഹര്‍ജിയില്‍ സുപ്രിം കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ പിണറായി വിജയന്‍ ഉള്‍പ്പടെ ഉള്ളവര്‍ ഇത് വരെ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്തിട്ടില്ല. ഓഗസ്റ്റ് 17 ന് ആണ് ലാവലിന്‍ കേസ് ഇനി സുപ്രിം കോടതി ഇനി പരിഗണിക്കുക.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top