×

മുരളീധരന്‍ യുഡിഎഫ് കണ്‍വീനറായേക്കും; പാര്‍ട്ടി അധ്യക്ഷനാകാന്‍ മുല്ലപ്പള്ളി

തിരുവനന്തപുരം: യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് കെ മുരളീധരന് ദേശീയ നേതൃത്വത്തിന്റെ പിന്തുണ. പുതിയ കെപിസിസി അധ്യക്ഷനായുളള ചര്‍ച്ചകള്‍ പുരോഗമിക്കവെ മുല്ലപ്പളളി രാമചന്ദ്രന് സാധ്യതയേറി. പി ജെ കുര്യനെതിരേയുളള യുവനേതാക്കളുടെ വിമര്‍ശനം ഗൗരവമേറിയതെന്ന വിലയിരുത്തലിലാണ് നേതൃത്വം.

കേരളത്തില്‍ യുഡിഎഫിനെ നയിക്കാന്‍ കോണ്‍ഗ്രസില്‍നിന്നും ശക്തനായ നേതാവ് വേണമെന്ന വിലയിരുത്തലിലാണ് ഹൈക്കമാന്‍ഡ്. ജെഡിയു മുന്നണിവിട്ടത് നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന ബോധ്യം ഹൈക്കമാന്‍ഡിനുണ്ട്. ഘടകകക്ഷി നേതാക്കളുമായുളള മികച്ചബന്ധവും സമുദായങ്ങള്‍ക്കപ്പുറം സ്വീകാര്യതയുമുളള കെ.മുരളീധരനെ കണ്‍വീനറാക്കുന്നത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

ഏകെ.ആന്റണിക്ക് ഈ നീക്കത്തോട് യോജിപ്പെന്നാണ് സൂചന. മുസ്ലീംലീഗ്, കേരളാ കോണ്‍ഗ്രസ് എന്നിവര്‍ക്കു സ്വീകാര്യനെന്നതും മുരളിക്ക് അനുകൂലഘടകമാണ്. ഇക്കാര്യത്തില്‍ സമുദായ പരിഗണന കണക്കിലെടുക്കേണ്ടെന്ന നിലപാടു ഹൈക്കമാന്‍ഡ് സ്വീകരിക്കും.

കെപിസിസി അധ്യക്ഷ ചര്‍ച്ചകളില്‍ മുല്ലപ്പളളി രാമചന്ദ്രന് തന്നെയാണ് മേല്‍ക്കൈ. ദേശീയതലത്തില്‍ സംഘടനാതിരഞ്ഞെടുപ്പ് മികച്ചരീതിയില്‍ പൂര്‍ത്തിയാക്കിയ മുല്ലപ്പളളിയിലൂടെ ഈഴവ, പിന്നോക്കവിഭാഗത്തെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാന്‍ കഴിയുമെന്നു രാഹുല്‍ഗാന്ധി കണക്കൂകൂട്ടുന്നു.

ഗ്രൂപ്പുകളുടെ കടുംപിടുത്തത്തിനു രാഹുല്‍ വഴങ്ങില്ല. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തിയുണ്ടെങ്കിലും തത്കാലം മാറ്റില്ല. പ്രതിപക്ഷനേതാവ് സര്‍ക്കാര്‍ പരിപാടികളിലെ സ്ഥിരം സാന്നിധ്യമാകുന്നതു ശരിയല്ലെന്ന വിമര്‍ശനവും നേതൃത്വത്തിനുണ്ട്.

അതേസമയം പി.ജെ കുര്യനെതിരായ യുവനേതാക്കളുടെ വിമര്‍ശനം ഗൗരവമേറിയതെന്ന വിലയിരുത്തലും ഹൈക്കമാന്‍ഡിനുണ്ട്. രാജ്യസഭാ ഉപാധ്യക്ഷനെന്ന നിലയിലുളള കുര്യന്റെ പ്രവര്‍ത്തനത്തില്‍ പല ദേശീയ നേതാക്കളും ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ചിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top