×

അധ്യക്ഷ സ്ഥാനം വേണ്ടെന്ന്‌ ആര്‍എസ്‌എസ്‌; രമേശോ സുരേന്ദ്രനോ ശനിയാഴ്‌ച അറിയാം

ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ ആര്‍എസ്‌എസ് നേതാക്കള്‍ വിമുഖത പ്രകടിപ്പിച്ചതോടെ കേരള നേതൃത്വത്തില്‍ തന്നെയുള്ള ഒരാള്‍ നിയമിക്കപ്പെടാന്‍ സാധ്യതയേറി. ആര്‍എസ്‌എസിന്റെ അഖിലേന്ത്യാ നേതൃത്വത്തിലുള്ള ജെ നന്ദകുമാര്‍, ബാലശങ്കര്‍ എന്നിവര്‍ കേരളത്തിലേക്കില്ലെന്ന് നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. ഇതോടെ കെ സുരേന്ദ്രനോ എംടി രമേശോ സംസ്ഥാന അധ്യക്ഷനായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവും.

വെള്ളിയാഴ്ച കൊച്ചിയിലെത്തുന്ന കേന്ദ്രനേതാക്കള്‍ സംസ്ഥാന ഭാരവാഹികളുമായി ആലോചിച്ച്‌ പുതിയ പാര്‍ട്ടി അധ്യക്ഷന്റെ കാര്യത്തില്‍ ധാരണയിലെത്തുമെന്ന് ബിജെപി വൃത്തങ്ങള്‍ പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ സുരേന്ദ്രന്‍, എംടി രമേശ് എന്നിവരാണ് പരിഗണനാ പട്ടികയിലുള്ളവര്‍. സംസ്ഥാനത്തെ രണ്ടു പ്രബല ഗ്രൂപ്പുകളുടെ നോമിനികളായാണ് ഇവരെ പരിഗണിക്കുന്നത്. എന്നാല്‍ ഗ്രൂപ്പിന് അതീതമായി ഒരാളെ പരഗിണിക്കാനുള്ള സാധ്യതയും ചില പാര്‍ട്ടി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അങ്ങനെയെങ്കില്‍ മുതിര്‍ന്ന സംസ്ഥാന ഉപാധ്യക്ഷനായ കെപി ശ്രീശനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ദലിത് വിഭാഗത്തില്‍നിന്നുള്ള ആള്‍ എന്ന നിലയില്‍ പിഎം വേലായുധന്റെ പേരും ഉയര്‍ന്നുവരുന്നുണ്ട്.

സംസ്ഥാന അധ്യക്ഷപദത്തിലേക്ക് ആര്‍എസ്‌എസ് അഖിലേന്ത്യാ നേതൃത്വത്തിലുള്ള ജെ നന്ദകുമാര്‍, ആര്‍എസ്‌എസ് ഭൗതികവിഭാഗം ചുമതലക്കാരനായ ബാലശങ്കര്‍, മധ്യപ്രദേശ് സംഘടനാ സെക്രട്ടറിയായിരുന്ന പാലക്കാട് സ്വദേശി അരവിന്ദ് മേനോന്‍ എന്നിവരെയാണ് കേന്ദ്ര നേതൃത്വം മുന്‍ഗണനയോടെ പരിഗണിച്ചിരുന്നത്. എന്നാല്‍ ഇവര്‍ വിമുഖതകാട്ടിയെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന ബൗദ്ധികവിഭാഗം പ്രജ്ഞാപ്രവാഹ് അഖിലേന്ത്യാ കണ്‍വീനര്‍ ജെ നന്ദകുമാര്‍ ഈ ഉത്തരവാദിത്വം ഒഴിയാല്‍ താല്‍പ്പര്യപ്പെടുന്നില്ലെന്ന് വ്യക്തമാക്കിയതായാണ് അറിയുന്നത്. ബാലശങ്കറും അരവിന്ദ് മേനോനും തട്ടകം കേരളത്തിലേക്കു മാറ്റാന്‍ ഈ സാഹചര്യത്തില്‍ താല്‍പ്പര്യപ്പെടുന്നില്ല. സംസ്ഥാന ബിജെപിയിലെ കടുത്ത ഗ്രൂപ്പു പോരാണ് ആര്‍എസ്‌എസ് നേതാക്കളെ പിന്തിരിപ്പിക്കുന്നത് എന്നാണ് സൂചന.

കുമ്മനം ഒഴിഞ്ഞ സാഹചര്യത്തില്‍ സംഘടനാകാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വെള്ളിയാഴ്ച കൊച്ചിയില്‍ സംസ്ഥാന ഭാരവാഹികളുടെ യോഗം വിളിച്ചിട്ടുണ്ട്. അഖിലേന്ത്യാ സെക്രട്ടറി എച്ച്‌ രാജ, കേരളത്തിന്റെ ചുമതലയുള്ള നളിന്‍കുമാര്‍ കട്ടീല്‍ എംപി യോഗത്തിനായി എത്തുന്നുണ്ട്. പുതിയ പാര്‍ട്ടി അധ്യക്ഷന്റെ കാര്യത്തില്‍ തീരുമാനം നീണ്ടാല്‍ തല്‍ക്കാലം ചുമതലയുള്ള ആളെ കണ്ടെത്താനും ചര്‍ച്ചകളുണ്ടാവും. നിലവില്‍ ആര്‍ക്കും ചുമതല കൈമാറാതെയാണ് കുമ്മനം രാജശേഖരന്‍ ഒഴിഞ്ഞത്.

മുന്‍ സംസ്ഥാന പ്രസിഡന്റ് പികെ കൃഷ്ണദാസിനെ പിന്തുണയ്ക്കുന്നവര്‍ കഴിഞ്ഞയാഴ്ച കൊച്ചിയില്‍ പ്രത്യേക യോഗം ചേര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എംടി. രമേശിനുവേണ്ടി സമ്മര്‍ദം ചെലുത്താനാണ് ഈ വിഭാഗത്തിന്റെ തീരുമാനം. അതേസമയം വി മുരളീധരനൊപ്പം നില്‍ക്കുന്നവര്‍ കെ സുരേന്ദ്രന്‍ അധ്യക്ഷനാകണമെന്ന് ആവശ്യപ്പെടുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top