×

ആദരവ്‌ ഏറ്റുവാങ്ങാന്‍ ഇക്കുറി കൊച്ചുമകനും- പ്രതിഭകളെ ആദരിക്കുന്നത്‌ അനുമോദനം മാത്രമല്ല, മറ്റുള്ളവര്‍ക്ക്‌ പ്രചോദനം കൂടിയാണ്‌ – പി ജെ ജോസഫ്‌

തൊടുപുഴ : എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്‌ ലഭിച്ചവര്‍ക്കുള്ള പ്രതിഭാ സംഗമത്തില്‍ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ പി ജെ ജോസഫിന്റെ കൊച്ചുമകനുമെത്തിയത്‌ ഏറെ ശ്രദ്ധേയമായി.
അപു ജോണ്‍ ജോസഫിന്റെ പുത്രന്‍ ജോസഫ്‌ പി ജോണ്‍ പ്ലസ്‌ടു പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയമാണ്‌ കൈവരിച്ചത്‌. മാതാവ്‌ അനുവിനും സഹോദരന്‍ ജോര്‍ജ്ജിനുമൊപ്പം കുടുംബസമേതമാണ്‌ പ്രതിഭാ സംഗമത്തിനെത്തിയത്‌.

 

തൊടുപുഴ : ഏത്‌ ഉത്തരവാദിത്വം ഏറ്റെടുത്താലും അര്‍പ്പണ ബോധത്തോടെ നിര്‍വ്വഹിക്കാനും വിവിധ മേഖലകളില്‍ സമൂഹത്തിന്‌ മുതല്‍ക്കൂട്ടാകാനും വിദ്യാര്‍ത്ഥി സമൂഹത്തിന്‌ കഴിയണമെന്ന്‌ ഗാന്ധിജി സ്റ്റഡി സെന്റര്‍ ചെയര്‍മാന്‍ പി ജെ ജോസഫ്‌ എംഎല്‍എ പറഞ്ഞു. തൊടുപുഴ നിയോജകമണ്‌ഡലത്തിലെ സ്‌കൂളുകളില്‍ നിന്നും എസ്‌.എസ്‌.എല്‍.സി., ഹയര്‍ സെക്കന്‍ഡറി പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്‌ കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പ്രതിഭാസംഗമത്തില്‍ അധ്യക്ഷത വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിഭകളെ ആദരിക്കുന്നത്‌ അവര്‍ക്കുള്ള അനുമോദനം മാത്രമല്ല, മറ്റുള്ളവര്‍ക്ക്‌ പ്രചോദനം നല്‍കുന്നതിന്‌ കൂടി വേണ്ടിയാണ്‌. പുത്തന്‍ പ്രതീക്ഷകളുമായി ഉപരിപഠനത്തിന്‌ തയ്യാറെടുക്കുന്നവര്‍ വീടിനും നാടിനും പ്രയോജനം ചെയ്യുന്നവരായി മാറണം. സമൂഹത്തിന്‌ വലിയ സംഭാവനകള്‍ ചെയ്യാന്‍ കഴിയുന്നവരായി ഓരോ വിദ്യാര്‍ത്ഥികള്‍ക്കും സാധിക്കട്ടെയെന്നും ജോസഫ്‌ കൂട്ടിച്ചേര്‍ത്തു.
പ്രതിഭാ സംഗമത്തില്‍ പങ്കെടുക്കാനെത്തിയിട്ടുള്ള നിങ്ങളിലൂടെ ഞാന്‍ എന്നെയാണ്‌ കാണുന്നതെന്ന്‌ ചടങ്ങിലെ വിശിഷ്‌ടാതിഥിയായിരുന്ന സിവില്‍ സര്‍വ്വീസ്‌ റാങ്ക്‌ ജേതാവ്‌ ശിഖ സുരേന്ദ്രന്‍ പറഞ്ഞു. സിവില്‍ സര്‍വ്വീസ്‌ സ്വപ്‌നം കാണാന്‍ തന്റെ അച്ഛനാണ്‌ പ്രേരണയായത്‌. ജീവിതത്തില്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്ന സ്വപ്‌നം ചെറുപ്പം മുതല്‍ക്കേ എന്നിലുണ്ടായിരുന്നു. വിജയത്തിലെത്താന്‍ അനുഗ്രഹം വേണം. സിവില്‍ സര്‍വ്വീസ്‌ എന്നത്‌ സിലബസ്‌ മാത്രമല്ല, സാമൂഹിക അവബോധവും വ്യക്തിത്വ വികാസവും കൂടി വേണം. സമൂഹത്തില്‍ നടക്കുന്ന പ്രശ്‌നങ്ങളോട്‌ പ്രതികരിച്ച്‌ മുഖ്യധാരയിലേക്ക്‌ ഇറങ്ങാന്‍ കഴിയണം. ഏത്‌ മേഖലയിലാണ്‌ അഭിരുചിയെന്ന്‌ മനസിലാക്കാന്‍ വിദ്യാര്‍ത്ഥിക്കും രക്ഷിതാവിനും സാധിക്കണം. നിങ്ങളുടെ കഴിവുകള്‍ വികസിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തന്നെ സ്വപ്‌നം കാണണം. മറ്റ്‌ കുട്ടികളുമായി താരതമ്യം ചെയ്‌ത്‌ ഇഷ്‌ടപ്പെട്ട മേഖലകളില്‍ നിന്നും വഴിതിരിച്ച്‌ വിടുവാന്‍ രക്ഷിതാക്കള്‍ ശ്രമിക്കരുതെന്നും ശിഖ പറഞ്ഞു. പ്രസംഗത്തോടൊപ്പം ഗാനം ആലപിച്ച്‌ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാനും ശിഖയ്‌ക്ക്‌ കഴിഞ്ഞു.
വിദ്യാര്‍ത്ഥികള്‍ക്ക്‌ ജലീഷ്‌ പീറ്റര്‍ കരിയര്‍ ഗൈഡന്‍സ്‌ ക്ലാസ്സ്‌ നടത്തി. എസ്‌.എസ്‌.എല്‍.സി. വിഭാഗത്തില്‍ 270 വിദ്യാര്‍ത്ഥികളും പ്ലസ്‌ടു വിഭാഗത്തില്‍ 160 വിദ്യാര്‍ത്ഥികളുമാണ്‌ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്‌ കരസ്ഥമാക്കിയത്‌. പ്ലസ്‌ ടു പരീക്ഷയില്‍ 1200 ല്‍ 1200 മാര്‍ക്കും കരസ്ഥമാക്കിയ ആറു വിദ്യാര്‍ത്ഥികള്‍ക്ക്‌ ലാപ്‌ടോപ്പ്‌ സമ്മാനിച്ചു. കരിമണ്ണൂര്‍ സെന്റ്‌ ജോസഫ്‌സ്‌ സ്‌കൂളിലെ ജോസ്‌മി ജെയിംസ്‌, അന്‍സില ബെന്നി, എബിന്‍ ജോളി, ക്രിസ്‌റ്റി ജെയിംസ്‌. കുമാരമംഗലം എം.കെ.എന്‍.എം. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സിദ്ധാര്‍ത്ഥ്‌ എസ്‌., അതില കെ. ഉമ്മര്‍ എന്നിവര്‍ക്കാണ്‌ ലാപ്‌ടോപ്പ്‌ ലഭിച്ചത്‌.
യോഗത്തില്‍ പ്രൊഫ. എം.ജെ.ജേക്കബ്ബ്‌, ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ മാത്യു ജോണ്‍, മുനിസിപ്പല്‍ വൈസ്‌ ചെയര്‍മാന്‍ ടി.കെ.സുധാകരന്‍ നായര്‍, ഫാദര്‍ ജോര്‍ജ്‌ പുതുപ്പറമ്പില്‍, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിനോജ്‌ ജോസ്‌, കൗണ്‍സിലര്‍ സുമോള്‍ സ്റ്റീഫന്‍, പ്രസ്‌ ക്ലബ്ബ്‌ പ്രസിഡന്റ്‌ അഷ്‌റഫ്‌ വട്ടപ്പാറ, അഡ്വ. ജോസഫ്‌ ജോണ്‍, മത്തച്ചന്‍ പുരയ്‌ക്കല്‍ എന്നിവര്‍ സംസാരിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top