നാഗ്പുര്‍: മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജി നാഗ്പുരിലെ ആര്‍.എസ്.എസ് ആസ്ഥാനത്തെത്തി. ആര്‍.എസ്.എസ് സ്ഥാപക നേതാവ് ഹെഡ്‌ഗെവാറിന്റെ സ്മൃതി കുടീരത്തില്‍ പ്രണബ് പുഷ്പാര്‍ച്ചന നടത്തി. ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത് പ്രണബ് മുഖര്‍ജിയെ സ്വീകരിക്കുന്നതിന്റെയും പുഷാപര്‍ച്ചന നടത്തുന്നതിന്റെയും ദൃശ്യങ്ങള്‍ ന്യൂസ് ഏജന്‍സിയായ എ.എന്‍.ഐ പുറത്തുവിട്ടു.

ഇന്ത്യയുടെ മഹത് പുത്രനാണ് കെ.ബി.ഹെഡ്‌ഗേവാര്‍ എന്നും അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കാനാണ് ഇവിടെ എത്തിയതെന്നും പ്രണബ് സന്ദര്‍ശക പുസ്തകത്തില്‍ രേഖപ്പെടുത്തി.

ആര്‍എസ്എസ് പരിപാടിയില്‍  പ്രണബ് മുഖര്‍ജി പങ്കെടുക്കുന്നതിനെതിരെ നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രണബ് പ്രതികരിച്ചില്ല. തന്റെ നിലപാട് എന്താണെന്ന് ചടങ്ങില്‍ അറിയിക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്.

എന്നാല്‍,  ബിജെപിക്കും ആര്‍എസ്എസിനും തെറ്റായ കഥകളുണ്ടാക്കാന്‍ അവസരമൊരുക്കുകയാണ് പ്രണബ് മുഖര്‍ജി ചെയ്യുന്നതെന്നു മകളും കോണ്‍ഗ്രസ് നേതാവുമായ ശര്‍മിഷ്ഠ മുഖര്‍ജി രംഗത്തെത്തി.

‘അദ്ദേഹത്തിന്റെ വാക്കുകള്‍ ഒരുപക്ഷേ മറന്നുപോയേക്കാം, പക്ഷേ ദൃശ്യങ്ങള്‍ ബാക്കിയുണ്ടാകും. ആ ദൃശ്യങ്ങള്‍ക്കൊപ്പം പ്രണബിന്റേതെന്ന പേരില്‍ ആര്‍എസ്എസ് നുണകള്‍ പ്രചരിപ്പിക്കുകയും ചെയ്യും. ബിജെപിയുടെ വൃത്തികെട്ട തന്ത്രങ്ങളെക്കുറിച്ച് മുന്‍ രാഷ്ട്രപതി
മനസിലാക്കുമെന്നാണു പ്രതീക്ഷയെന്നും’ ശര്‍മിഷ്ഠ ട്വിറ്ററില്‍ കുറിച്ചു. ശര്‍മിഷ്ഠ ബിജെപിയില്‍ ചേരാന്‍ പോകുകയാണെന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ ഉയര്‍ന്നുവന്നതിന്റെ കൂടി പശ്ചാത്തലത്തിലാണു പ്രതികരണം.

‘ഞാന്‍ ബിജെപിയില്‍ ചേരുന്നുവെന്ന വാര്‍ത്ത ഒരു ‘ടോര്‍പിഡോ’ വന്നിടിച്ചതു പോലെയാണു കേട്ടത്. കോണ്‍ഗ്രസില്‍ വിശ്വാസമുള്ളതുകൊണ്ടു മാത്രമാണ് രാഷ്ട്രീയത്തില്‍ ഞാന്‍ ഇറങ്ങിയതു തന്നെ. കോണ്‍ഗ്രസ് വിട്ടാല്‍ അതിനര്‍ഥം രാഷ്ട്രീയവും ഉപേക്ഷിച്ചു എന്നാണ്’ ശര്‍മിഷ്ഠ പറഞ്ഞു.