×

ജെഡിഎസിലും കോണ്‍ഗ്രസിലും ഭിന്നത രൂക്ഷം – മന്ത്രി സ്ഥാനം രണ്ട്‌ വര്‍ഷത്തേക്ക്‌, അടുത്ത ടേം മന്ത്രി ആകാത്തവര്‍ക്ക്‌

ബെംഗളൂരു: കര്‍ണാടകത്തിലെ കോണ്‍ഗ്രസ്-ജെഡിഎസ് മന്ത്രിസഭയില്‍ ഉചിതമായ സ്ഥാനം ലഭിക്കാത്തതില്‍ ഇരു പക്ഷത്തുള്ള എംഎല്‍എമാരിലും അസംതൃപ്തി പുകയുന്നു. മന്ത്രിസ്ഥാനം ലഭിക്കാത്ത എംഎല്‍എമാരും ലഭിച്ച മന്ത്രിസ്ഥാനത്തില്‍ അതൃപ്തിയുള്ളവരും ജെഡിഎസ് നേതൃത്വത്തിലും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിലും ശക്തമായ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

ഇപ്പോള്‍ സത്യപ്രതിജ്ഞ ചെയ്ത മന്ത്രിസഭയിലെ മന്ത്രിമാരുടെ കാലാവധി ആദ്യ രണ്ടുവര്‍ഷത്തേക്കായിരിക്കുമെന്നും അതിനു ശേഷം മന്ത്രിസഭ പുനഃസംഘടിപ്പിച്ച്‌ ഇപ്പോള്‍ അവസരം ലഭിക്കാത്തവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കാമെന്നുമുള്ള നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഗൗഡ കുടുംബത്തോട് അടുത്തു നില്‍ക്കുന്നവര്‍ക്ക് മികച്ച സ്ഥാനങ്ങള്‍ നല്‍കുകയും മറ്റുള്ളവരെ തഴയുകയും ചെയ്തതായുള്ള പരാതി ശക്തമായി ഉയരുന്നുണ്ട്. സാമ്ബത്തികം, ഊര്‍ജ്ജം എന്നീ പ്രധാനപ്പെട്ട രണ്ടു വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രി എച്ച്‌.ഡി കുമാരസ്വാമിയാണ്. അദ്ദേഹത്തിന്റെ സഹോദരന്‍ എച്ച്‌.ഡി രേവണ്ണയ്ക്ക് രണ്ടു വകുപ്പുകള്‍ നല്‍കാനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസും ജെഡിഎസില്‍നിന്നുള്ള ചില നേതാക്കളുടെയും ശക്തമായ എതിര്‍പ്പുയര്‍ത്തിയിരുന്നു. തുടര്‍ന്ന് രേവണ്ണയ്ക്ക് പൊതുമരാമത്ത് വകുപ്പ് മാത്രമാക്കി ചുരുക്കേണ്ടിവന്നിരുന്നു.

മാണ്ഡ്യയിലെ ജെഡിഎസ് എംഎല്‍എ സി.എസ് പുട്ടരാജു തനിക്കു ലഭിച്ച ജലസേചന വകുപ്പില്‍ തൃപ്തനല്ലെന്ന് കുമാരസ്വാമിയെ അറിയിച്ചിട്ടുണ്ട്. കുമാരസ്വാമിയുടെ അടുത്ത ബന്ധുവായ ഡി സി തമ്മണ്ണക്ക് ഗതാഗത വകുപ്പ് നല്‍കിയതും പുട്ടരാജുവിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. മന്ത്രിസ്ഥാനം ഏറ്റെടുക്കില്ലെന്ന നിലപാടിലാണ് അദ്ദേഹമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, കോണ്‍ഗ്രസിനുള്ളിലും അതൃപ്തി ശക്തമായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. മന്ത്രിസ്ഥാനം ലഭിക്കാത്ത കോണ്‍ഗ്രസിലെ 15-20 എംഎല്‍എമാര്‍ നേതൃത്വത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രിസ്ഥാനമുണ്ടായിരുന്ന എം.ബി പാട്ടീലിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസിലെ അസംതൃപ്ത എംഎല്‍എമാര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. നിശ്ചിത സമയത്തിനുള്ളില്‍ തങ്ങളുടെ ആവശ്യത്തില്‍ തീരുമാനമുണ്ടാകണമെന്ന് ഇവര്‍ അന്ത്യശാസനം നല്‍കിയതായും വിവരമുണ്ട്.

തനിക്ക് മന്ത്രിപദവി നല്‍കാതിരിക്കുന്നതിനുള്ള കാരണം വ്യക്തമാക്കണമെന്നാണ് എം.ബി പാട്ടീലിന്റെ ആവശ്യം. ഉത്തര കര്‍ണാടകത്തിന് ഒരു ഉപമുഖ്യമന്ത്രിയെ കൂടി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യമുന്നയിച്ചിട്ടുണ്ട്. എം.ബി പാട്ടീലിന്റെ നേതൃത്വത്തിലുള്ള വിഭാഗം ഉറച്ച നിലപാടെടുക്കുന്നതോടെ ഒരു പിളര്‍പ്പ് ഒഴിവാക്കുന്നതിനുള്ള കഠിന ശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. ഇതിന്റെ ഭാഗമായി എം.ബി പാട്ടീലിനെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ട്.

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top