×

ആരോഗ്യപദ്ധതി; ഐഎഎസ്‌ അസോസിയേഷന്‌ സാധിക്കാത്തതാണ്‌ പ്രസ്‌ ക്ലബിന്‌ സാധിച്ചത്‌ – കളക്ടര്‍ ജി ആര്‍ ഗോകുല്‍

തൊടുപുഴ: ഇടുക്കി പ്രസ്‌ ക്ലബുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്ന 30 ഓളം മാധ്യമ സ്ഥാപനങ്ങളിലെ 90 ഓളം പത്രപ്രവര്‍ത്തകര്‍ക്കായി ഒരു ആരോഗ്യപദ്ധതി നടപ്പിലാക്കാന്‍ സാധിച്ചത്‌ ഏറെ ശ്ലാഘനീയമാണെന്ന്‌ കളക്ടര്‍ ജി ആര്‍ ഗോകുല്‍ പറഞ്ഞു. ചാഴികാട്ട്‌ ആശുപത്രിയും സെന്റ്‌ മേരീസ്‌ ആശുപത്രിയുമായി സഹകരിച്ച്‌ ഇടുക്കി പ്രസ്‌ ക്ലബിലെ അംഗങ്ങള്‍ക്കായി വിതരണം ചെയ്‌ത മെഡി ക്ലെയിം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ രംഗത്ത വര്‍ദ്ധിച്ച്‌ വരുന്ന ചെലവുകള്‍ക്ക്‌ ഒരു സഹായമാണ്‌ ഇത്തരം പദ്ധതികളെന്നും കേരളത്തിലെ ഐഎഎസ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷന്‍ ഇത്തരത്തില്‍ ഒരു ആരോഗ്യ പദ്ധതിക്കായി ആലോചിക്കുന്നുവെന്നും കളക്ടര്‍ അഭിപ്രായപ്പെട്ടു.

ചികിത്സാ ചെലവില്‍ 25 % ശതമാനത്തോളം ഇളവും മറ്റുമാണ്‌ ഇപ്പോള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ഭാവിയില്‍ കൂടുതല്‍ ആശുപത്രികളുമായി സഹകരിച്ച്‌ പദ്ധതി കൂടുതല്‍ വ്യാപിപ്പിക്കുമെന്നും സാമൂഹ്യ രംഗത്ത്‌ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ തിരിച്ച്‌ സമൂഹത്തിന്റെ കരുതലും പിന്തുണയും അത്യന്താപേക്ഷിതമാണെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച പ്രസ്‌ ക്ലബ്‌ പ്രസിഡന്റ്‌ അഷ്‌റഫ്‌ വട്ടപ്പാറ പറഞ്ഞു.

നമ്മളുടെ ചുറ്റും നടക്കുന്ന നന്മയും തിന്‍മയും റിപ്പോര്‍ട്ട്‌ ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരോട്‌ സമൂഹത്തിനും തിരിച്ച്‌ കടപ്പാടുണ്ടായിരിക്കണം. ഇത്തരം ആനുകൂല്യങ്ങള്‍ ഇവര്‍ക്ക്‌ കൂടുതല്‍ ഉത്തരവാദിത്വത്തോടെ മാധ്യമ പ്രവര്‍ത്തനം ചെയ്യുന്നതിന്‌ പ്രചോദനമാകുമെന്നും നഗരസഭാ അധ്യക്ഷ മിനി മധു അഭിപ്രായപ്പെട്ടു.

മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ ഞങ്ങളാല്‍ കഴിയുന്ന തരത്തിലുള്ള എല്ലാവിധ പിന്തുണയും സാമൂഹ്യ പ്രതിബദ്ധത മുന്‍ നിര്‍ത്തി ചെയ്യുമെന്നും തങ്ങളുടെ ബിസിനസ്‌ സ്ഥാപനങ്ങള്‍ ആണെങ്കില്‍ കൂടി സേവന മനോഭാവത്തിനാണ്‌ ഞങ്ങള്‍ മുന്‍തൂക്കം നല്‍കുന്നതെന്ന്‌ ചാഴികാട്ട്‌ ആശുപത്രി എം ഡി ഡോ. ജോസഫ്‌ സ്റ്റീഫന്‍ പറഞ്ഞു.

ഈ ആരോഗ്യപദ്ധതി മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ കൂടുതല്‍ പ്രയോജനങ്ങള്‍ ലഭ്യമാക്കത്തക വിധത്തില്‍ നടപ്പിലാക്കുമെന്ന്‌ സെന്റ്‌ മേരീസ്‌ ആശുപത്രിയിലെ ഡയറക്ടര്‍ ഡോ. തോമസ്‌ എബ്രഹാം പറഞ്ഞു.

ചാഴികാട്ട്‌ ആശുപത്രി എം ഡി ഡോ. ജോസഫ്‌ സ്റ്റീഫന്‍, സെന്റ്‌ മേരീസ്‌ ആശുപത്രിയിലെ ഡയറക്ടര്‍ ഡോ. തോമസ്‌ എബ്രഹാം, നഗരസഭാ അധ്യക്ഷ മിനി മധു തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച്‌ സംസാരിച്ചു.
പ്രസ്‌ക്ലബ്‌ പ്രസിഡന്റ്‌ എം എന്‍ സുരേഷ്‌ സ്വാഗതവും മുന്‍ സെക്രട്ടറി ഹാരീസ്‌ മുഹമ്മദ്‌ നന്ദിയും പറഞ്ഞു. വിവിധ പത്ര-ദൃശ്യ മാധ്യമ സ്ഥാപനങ്ങളിലെ പത്ര പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top