×

അല്ല. അത്‌ ജെസ്‌നകുട്ടി അല്ല……

തമിഴ്‌നാട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം ജെസ്‌നയുടേതല്ലെന്ന് സൂചന. കണ്ടെത്തിയ മൃതദേഹത്തിന് ജെസ്‌നയേക്കാള്‍ പ്രായക്കൂടുതല്‍ ഉണ്ടെന്ന് നിഗമനം.

തമിഴ്‌നാട്ടില്‍ കാഞ്ചീപുരം ചെങ്കല്‍പേട്ടിനു സമീപം പഴവേലിയിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തമിഴ്‌നാട് പൊലീസ് വിവരം കൈമാറിയതിനെത്തുടര്‍ന്നാണ് കേരള പൊലീസ് സംഘം ചെങ്കല്‍പേട്ടിലെത്തിയത്. ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചാല്‍ അറിയിക്കണമെന്നാവശ്യപ്പെട്ട് ഫോട്ടോയുള്‍പ്പെടെ കേരള ഡിജിപി തമിഴ്‌നാട്, കര്‍ണാടക പൊലീസിനു കൈമാറിയിരുന്നു. ജെസ്‌നയുടേതു പോലെ, മൃതദേഹത്തിന്റെ പല്ലില്‍ ക്ലിപ്പുണ്ട്. ഉയരം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും സാമ്യമുണ്ട് എന്നതായിരുന്നു സംശയത്തിന് ഇട നല്‍കിയത്. എന്നാല്‍, മൃതദേഹത്തില്‍ മൂക്കുത്തിയുണ്ട്. കത്തിച്ച സ്ഥലത്തുനിന്നു ബാഗിന്റേതെന്നു സംശയിക്കുന്ന കമ്പി, കോയമ്പത്തൂരില്‍ പായ്ക്ക് ചെയ്‌തെന്നു രേഖപ്പെടുത്തിയ വെള്ളക്കുപ്പി എന്നിവ കണ്ടെടുത്തിരുന്നു.ചെങ്കല്‍പേട്ട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയിലാണു മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം.

തിങ്കളാഴ്ച പുലര്‍ച്ചെ ചെന്നൈ തിരുച്ചിറപ്പള്ളി ദേശീയപാതയില്‍ വിജനമായ പഴവേലിയിലെ റോഡരികില്‍ ചാക്കിലിട്ട് എന്തോ കത്തിക്കുന്നത് പൊലീസ് പട്രോള്‍ സംഘമാണു കണ്ടത്. മനുഷ്യശരീരമാണെന്നു മനസിലായതോടെ വാഹനത്തിലുണ്ടായിരുന്ന വെള്ളമൊഴിച്ചെങ്കിലും തീ അണഞ്ഞില്ല. തുടര്‍ന്ന് അര കിലോമീറ്റര്‍ അകലെയുള്ള ഹോട്ടലില്‍നിന്നു വെള്ളം കൊണ്ടുവന്നു തീയണച്ചു. അപ്പോഴേക്കും ശരീരം 90 ശതമാനത്തിലധികം കത്തിയിരുന്നു. പട്രോള്‍ സംഘത്തെ കണ്ട് രണ്ടുപേര്‍ ഓടിപ്പോയതായി പൊലീസ് പറയുന്നു. കൊലപ്പെടുത്തിയ ശേഷം ഇവിടെയെത്തിച്ച് കത്തിക്കുകയായിരുന്നുവെന്നാണ് സൂചന.

മാര്‍ച്ച് 22നാണ് എരുമേലിക്കടുത്ത് കൊല്ലമുളയില്‍ നിന്ന് ജെസ്‌നയെ കാണാതാകുന്നത്. മാര്‍ച്ച് 29ന് മുണ്ടക്കയത്തിനു സമീപം കന്നിമല വഴി ബസില്‍ ജെസ്‌ന യാത്രചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. ഏപ്രില്‍ 1ന് രാജു ഏബ്രഹാം എംഎല്‍എ നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചതിനെത്തുടര്‍ന്ന് തിരുവല്ല ഡിവൈഎസ്പി ആര്‍. ചന്ദ്രശേഖര പിള്ളയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. മേയ് 8ന് ജെസ്‌നയെ ബെംഗളൂരുവില്‍ ഒരു ചെറുപ്പക്കാരനൊപ്പം കണ്ടെത്തിയെന്ന് വിവരം ലഭിച്ചു. അന്വേഷണ സംഘം ദിവസങ്ങളോളം ബെംഗളൂരുവില്‍ അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. മേയ് 11ന് ജെസ്‌നയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഡിജിപി രണ്ടു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുന്നു. പൊലീസ് നല്‍കിയ ഫോണ്‍ നമ്പരിലേക്ക് ഒട്ടേറെ കോള്‍ വന്നെങ്കിലും ജെസ്‌നയിലേക്ക് എത്താന്‍ പറ്റുന്ന വിവരം ലഭിച്ചില്ല. മേയ് 27ന് അന്വേഷണച്ചുമതല ഐജി മനോജ് ഏബ്രഹാമിനു നല്‍കി ഡിജിപി ഉത്തരവിട്ടു. ജെസ്‌നയെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം അഞ്ചു ലക്ഷമാക്കി. എന്നാല്‍ ഇതുവരെയും യാതൊരു വിവരവും ജെസ്‌നയെ കുറിച്ച് ലഭിച്ചില്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top