×

ശുഹൈബ് വധം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഇന്ന് സുപ്രിം കോടതിയില്‍

ദില്ലി: ശുഹൈബ് വധ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ സിപി മുഹമ്മദ്, എസ്പി റസിയ എന്നിവര്‍ നല്‍കിയ ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. കേസിലെ തെളിവ് നശിപ്പിക്കപ്പെടും മുന്‍പ് സ്വതന്ത്രമായ അന്വേഷണത്തിന് സിബിഐക്ക് കൈമാറണം എന്നാണ് ഹര്‍ജിയിലെ ആവശ്യം. മുഹമ്മദിനും റസിയക്കും വേണ്ടി സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ ഹാജരാകും. കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ തടസ്സ ഹര്‍ജി നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അമരീന്ദര്‍ സരണ്‍ ഹാജരായേക്കും.

ഫെബ്രുവരി 12 നാണ് യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ശുഹൈബിനെ ഒരു സംഘം ആക്രമിച്ചു കൊലപ്പെടുത്തിയത്. കേസില്‍ ആകാശ് തിലങ്കരിയടക്കം 11 സിപിഐഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായി. കേസിന്റെ അന്വേഷണം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സിബിഐയ്ക്ക് കൈമാറിയിരുന്നു. എന്നാല്‍ ഡിവിഷന്‍ ബെഞ്ച് ഈ ഉത്തരവ് സ്റ്റേ ചെയ്തു. കേസ് വേനല്‍ അവധിക്ക് ശേഷം പരിഗണിക്കുമെന്നാണ് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കിയത്.

ഡിവിഷന്‍ ബെഞ്ച് പുറപ്പടിവിച്ച സ്റ്റേ ഉത്തരവിന് എതിരെയാണ് ശുഹൈബിന്റെ മാതാപിതാക്കള്‍ സിപി മുഹമ്മദ്, എസ്പി റസിയ എന്നിവര്‍ സുപ്രിം കോടതിയെ സമീപിച്ചത്. സിപിഐഎം പ്രവര്‍ത്തകര്‍ പ്രതികളായ കേസില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് ശുഹൈബിന്റെ മാതാപിതാക്കളുടെ വാദം. തെളിവ് നശിപ്പിക്കപ്പെടും മുന്‍പ് കേസ് അടിയന്തരമായി സിബിഐക്ക് നല്‍കണം. പ്രതികള്‍ക്ക് സിപിഐഎം നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന സിംഗിള്‍ ബഞ്ച് പരാമര്‍ശവും ഹര്‍ജിയില്‍ ചൂണ്ടികാണിച്ചിട്ടുണ്ട്.

പഴയ മലബാര്‍ പ്രവിശ്യകളിലെ ക്രിമിനല്‍ കേസുകളില്‍ വരുന്ന അപ്പീലുകള്‍ പരിഗണിക്കാന്‍ ഡിവിഷന്‍ ബെഞ്ചിന് അധികാര്യമില്ലന്നാണ് ഹര്‍ജിയിലെ മറ്റൊരു വാദം. മുഹമ്മദിനും റസിയക്കും വേണ്ടി സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ ഹാജരാകും. കേസ് അന്വേഷണം ഏറ്റെടുക്കാനുള്ള സന്നദ്ധത സിബിഐ ഹൈക്കോടതിയെ അറിയിച്ച കാര്യം കപില്‍ സിബല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടും.

കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ തടസ്സ ഹര്‍ജി നല്‍കിയിട്ടുണ്ട്. സിബിഐ അന്വേഷണം ആവശ്യമില്ല എന്ന നിലപാടാണ് സര്‍ക്കാരിന്റേത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അമരീന്ദര്‍ സരണ്‍ ഹാജരായേക്കും.. ഹൈക്കോടതിയിലും അമരീന്ദര്‍ സരണാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായിരുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top