×

ജെസ്‌നയെ തേടി പൊലീസ് സംഘം ബംഗളൂരുവില്‍

മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ബിരുദ വിദ്യാര്‍ഥിനി  ജെസ്‌നയെ തേടി പൊലീസ് സംഘം ബംഗളൂരുവിലേക്ക് തിരിച്ചു. ജെസ്‌നയെ ബംഗളൂരുവില്‍ കണ്ടതായി പ്രചരിക്കുന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം യാത്ര തിരിച്ചത്. തിരുവല്ല ഡിവൈഎസ്പി ഉള്‍പ്പെട്ട ആറംഗ സംഘം അല്‍പസമയത്തിനകം ബംഗളൂരുവില്‍ എത്തിച്ചേരും.

കഴിഞ്ഞ ശനിയാഴ്ച്ച ഒരു യുവാവിനൊപ്പം ജെസ്‌നയെ കണ്ടതായി പൊലീസിന് ചൊവ്വാഴ്ച രാത്രിയാണ് വിവരം കിട്ടിയത്. അതേസമയം ആണ്‍സുഹൃത്തിന്റെ കൂടെ ജെസ്‌നയുടേതെന്ന  പേരില്‍ പ്രചരിക്കന്ന ചിത്രം കുട്ടിയുടേതല്ലന്ന് വീട്ടുകാര്‍ അറിയിച്ചു. ജെസ്‌നയെ ബംഗളൂരുവില്‍ കണ്ടതായി പ്രചരിക്കുന്ന വാര്‍ത്ത അന്വേഷണത്തിന്റെ വഴി തെറ്റിക്കുമോയെന്ന ആശങ്കയും കുടുംബത്തിനുണ്ട്. ജെസ്‌നയെ പൊലീസ് കണ്ടെത്തിയാല്‍ മാത്രമേ ബന്ധുക്കള്‍ ബംഗളൂരുവിലേക്ക് പോകൂ.

ജെസ്‌നയുടെ ചിത്രത്തിലുള്ള അതേ സ്‌കാര്‍ഫാണ് ബംഗളൂരുവില്‍ കണ്ട പെണ്‍കുട്ടി ധരിച്ചിരുന്നതെന്ന് വാട്ട്‌സ്ആപ്പില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം ആ സ്‌കാര്‍ഫ് ജെസ്‌ന കൊണ്ടു പോയില്ലെന്ന് സഹോദരി പറഞ്ഞു.

നേരെത്ത കാണാതായ ജെസ്ന മറിയ ജയിംസ് ബംഗളൂരുവിലെത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജെ്സനയെന്നു സംശയിക്കുന്ന പെണ്‍കുട്ടിയും ഒരു യുവാവും ബംഗളൂരു മടിവാളയിലെ ആശ്വാസഭവനില്‍ താമസിക്കാനായി റൂം അന്വേഷിച്ചു ചെന്നതായും ആശ്രമ അധികൃതര്‍ അറിയിച്ചു.  മുറി ഒഴിവില്ലെന്ന് അധികൃതര്‍ അറിയിച്ചതോടെ ഇവര്‍ മൈസൂരിലേക്ക് പോയെന്ന് ആശ്രമ അധികൃതര്‍ അറിയിച്ചു. ഇക്കാര്യം ആശ്രമ അധികൃതര്‍ പത്തനംതിട്ട എം പി ആന്റോ ആന്റണിയെ ധരിപ്പിച്ചു . ആന്റോ ആന്റണി ഇത് പൊലീസിനെ അറിയിച്ചിട്ടുണ്ട്.

ശനിയാഴ്ച 11.30 നാണ് യുവതിയും യുവാവും ഇവിടെ എത്തിയത്. ഇരുവരും ബൈക്കിലാണ് വന്നതെന്ന് പറഞ്ഞിരുന്നു. ഇടയ്ക്ക് തങ്ങളുടെ ബൈക്ക് ഓട്ടോയുമായി കൂട്ടിയിടിച്ചതായി ഇവര്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് നിംഹാന്‍സില്‍ ചികിത്സ തേടിയ ശേഷമാണ് ഇരുവരും ആശ്വാസ ഭവനിലെത്തിയത്.

കഴിഞ്ഞ മാര്‍ച്ച് 22 നാണ് മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌നയെ രാവിലെ 9.30 മുതല്‍ കാണാതായത്. എന്നാല്‍ കാണാനില്ലെന്ന് ചുണ്ടിക്കാട്ടി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു

കാണാതായ ദിവസം രാവിലെ എട്ടു മണിയോടെ ജെസ്ന വീടിന്റെ വരാന്തയിലിരുന്നു പഠിക്കുന്നത് അയല്‍ക്കാര്‍ കണ്ടതാണ്. പിതാവ് ജെയിംസ് ജോലി സ്ഥലത്തേക്ക് പോയി. മൂത്ത സഹോദരി ജെഫിമോളും സഹോദരന്‍ ജെയ്സും കോളജിലേക്കും പോയി. ഒമ്പതു മണിയോടെ മുക്കൂട്ടുതറയിലുള്ള അമ്മായിയുടെ വീട്ടിലേക്കു പോവുകയാണെന്ന് അയല്‍ക്കാരോടു പറഞ്ഞാണ് ജെസ്ന വീട്ടില്‍ നിന്നിറങ്ങിയത്. ഓട്ടോറിക്ഷയിലാണ് മുക്കൂട്ടുതറ ടൗണില്‍ എത്തിയത്. പിന്നീട് ജെസ്നയെ കുറിച്ച് വിവരമൊന്നും ഇല്ല. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജില്‍ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ജെസ്ന. അധികം ആരോടും സംസാരിക്കാത്ത പ്രകൃതമായതിനാല്‍ ജെസ്നയ്ക്ക് അടുത്ത സുഹൃത്തുക്കളും കുറവാണ്.

ജെസ്നയെ കാണാതായതോടെ അന്നു രാത്രി ഏഴരയോടെ പിതാവ് ജെയിംസ് എരുമേലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ജെസ്ന ഉപയോഗിച്ചിരുന്ന ഫോണും കോള്‍ലിസ്റ്റും പൊലീസ് ശാസ്ത്രീയമായി പരിശോധിച്ചെങ്കിലും അസ്വാഭാവികതയൊന്നും കണ്ടെത്താനായില്ല. വീട്ടില്‍ നിന്നിറങ്ങുമ്പോല്‍ ജെസ്‌ന കയ്യില്‍ ഒന്നും കരുതിയിട്ടുമില്ല.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top