×

ഭാഗവത സത്തമ നീലംപേരൂര്‍ പുരുഷോത്തമ ദാസ്‌  ഷഷ്‌ഠ്യബ്‌ദ പൂര്‍ത്തിയിലേക്ക്‌ 

വ്യാസോഹം തവ കേശവ- ലോകാഃ സമസ്‌താഃ സുഖിനോ ഭവന്തുഃ

ഗ്രാമജ്യോതി ലേഖകന്‍
കോട്ടയം : ഭാഗവത സത്തമ ശ്രീ നീലം പേരൂര്‍ പുരുഷോത്തമ ദാസിന്റെ ഷഷ്‌ഠ്യബ്ദ പൂര്‍ത്തി ആഘോഷം 2018 മെയ്‌ 5,6 ശനി ഞായര്‍ ദിവസങ്ങളിലായി നീലംപേരൂര്‍ ചെറുകര ജ്ഞാനേശ്വര മഹാദേവ ക്ഷേത്ര സന്നിധിയില്‍ ആഘോഷി ക്കും.
നീലംപേരൂര്‍ പയ്യംപള്ളില്‍ പി.രാഘവ പണിക്കരുടേയും കിളിരൂര്‍ കൊച്ചുപുരയ്‌ക്കല്‍
തങ്കമ്മയുടേയും മകനായി 1133 മേടമാസത്തിലെ പൂരാടം നക്ഷത്രത്തിലാണ്‌ പുരുഷോത്തമദാസ്‌ ജനിച്ചത്‌.
മാതാവിന്റെ ശിക്ഷണത്തില്‍ ഭാഷാ നൈപുണ്യം നേടി. എട്ടാം വയസ്സില്‍ രാമായണ പാരായണം ആരംഭിച്ചു. അച്ഛനില്‍ നിന്ന്‌ താളബോധവും അമ്മയില്‍ നിന്നും സംഗീതവും ഹൃദ്യസ്ഥമാക്കി. യൗവന കാലത്ത്‌ കലാഭിരുചിമൂലം ഇടയ്‌ക്ക വാദനത്തിലും സോപാന സംഗീതത്തിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. തീയാട്ടും കളമെഴുത്തുംപാട്ടും അദ്ദേഹത്തിന്റെ ഉപാസനകളായി മാറി.
കുറിച്ചി കോയിപ്പുറത്ത്‌ അയ്യപ്പ ഭാഗവതരാണ്‌ ആദ്യ ഗുരുനാഥന്‍. കവിയൂര്‍ ഹനുമദ്‌ സ്വാമി ക്ഷേത്രത്തില്‍ 10 മണിക്കൂര്‍ സമയത്തിനുള്ളില്‍ രാമായണം പൂര്‍ണ്ണമായി വായിച്ചിട്ടുണ്ട്‌. 1978 ഏപ്രില്‍ മാസം കുട്ടനാട്‌ വാലടി കൂട്ടമ്മയില്‍ ദേവീ ക്ഷേത്രത്തില്‍ മുഖത്തല ശ്രീ ചെല്ലപ്പന്‍ പിള്ളയുടെ കൂടെയാണ്‌ ആദ്യ സപ്‌താഹ യജ്ഞം.
കൊല്ലൂര്‍ മുകാംബികയില്‍ വച്ച്‌ നടന്ന ഭാഗവത യജ്ഞത്തില്‍ മൗനിസ്വാമി ഗുരുക്കളാണ്‌ തന്റെ പേരിനോടൊപ്പം ഭാഗവത സത്തമയെന്ന്‌ ആദ്യ നാമകരണം ചെയ്‌തതെന്ന്‌ ദാസ്‌ കൃതാര്‍ത്ഥയോടെ സ്‌മരിക്കുന്നു.
2013 ഡിസംബറില്‍ ഉത്തരാ
ഖണ്ടിലുണ്ടായ കൊടും പ്രളയത്തെ അതിജീവിച്ച്‌ ബദര്യാശ്രമത്തില്‍ സപ്‌താഹയജ്ഞം നടത്തുവാനും ഭാഗ്യം സിദ്ധിച്ചതായി പുരുഷോത്തമദാസ്‌ പറഞ്ഞു.
വിവിധ ജില്ലകളിലുള്ള 146 ക്ഷേത്രങ്ങളിലായി 1350 ഭാഗവത സപ്‌താഹ യജ്ഞങ്ങള്‍ നടത്തിയിട്ടുണ്ട്‌. ഒറീസ, ബീഹാര്‍, ഡല്‍ഹി, രാജസ്ഥാന്‍, കര്‍ണ്ണാടക എന്നിവിടങ്ങളിലും യജ്ഞങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്‌. സപ്‌താഹ യജ്ഞങ്ങള്‍ക്ക്‌ പുറമേ രാമായണ സത്രം, ദേവീ ഭാഗവത നവാഹ യജ്ഞം, ഭാഗവതസത്രം എന്നിവയ്‌ക്കും നേതൃത്വം നല്‍കിയിട്ടുണ്ട്‌.
1984 മുതല്‍ അഘോര മൂര്‍ത്തിയായ ഏറ്റുമാനൂരപ്പന്റെ സോപാനത്തില്‍ ചിങ്ങം 1 ന്‌ ഉപാസന നടത്താറുണ്ട്‌. എല്ലാ വര്‍ഷവും കര്‍ക്കിടകം 31 ന്‌ നീലംപേരൂര്‍ പള്ളി ഭഗവതി പരദേവത സവിധത്തില്‍ ഒഴിവാകാത്ത നൈരന്തരീകപാരായണവും കൊട്ടിപ്പാടി സേവയും 60-ാം വയസിലും ദാസ്‌ തുടരുകയാണ്‌. ക്ഷേത്ര ആചാര-അനുഷ്‌ഠാനങ്ങളും ഭക്തി മുക്തിപ്രദാന മാര്‍ഗ്ഗങ്ങെളക്കുറിച്ചും ജന മനസുകളില്‍ ആഴത്തിലെത്തിക്കുന്നതിന്‌ അസാധാരണ പാടവമാണ്‌ ഇദ്ദേഹം സ്വായത്തമാക്കിയിട്ടുള്ളത്‌. ഏത്‌ നാട്ടില്‍ കാലു കുത്തിയാലും അവിടുത്തെ ഭക്ത വിശ്വാസികളെയും യുവാക്കളെയും സന്മാര്‍ഗ്ഗത്തില്‍ നയിക്കുന്നതിനുള്ള മാര്‍ഗ്ഗോപദേശിയായും ഇദ്ദേഹം വര്‍ത്തിക്കുന്നുണ്ട്‌. ക്ഷേത്ര വികസനത്തോടൊപ്പം ആ ദേശത്തെ ഭക്ത ജനങ്ങളുടെ കുടുംബങ്ങളില ഐശ്വാര്യാഭിവൃദ്ധിയുണ്ടാകുന്നതിനും അദ്ദേഹത്തിന്റെ യജ്ഞങ്ങളിലൂടെ കഴിഞ്ഞിട്ടുണ്ടെന്ന്‌ ക്ഷേത്ര ഭാരവാഹികള്‍ പറയുന്നു.
പുലര്‍ച്ചെ നാല്‌ മണിക്ക്‌ ധ്യാന കര്‍മ്മത്തിലൂടെ ആരംഭിക്കുന്ന ഇദ്ദേഹത്തിന്റെ ദിനചര്യ രാത്രി 11.30 വരെ നീളാറുണ്ട്‌. വര്‍ഷത്തില്‍ 24 ദിവസത്തോളം പൂര്‍ണ്ണോപവാസം അനുഷ്‌ഠിച്ചു വരുന്നു. തപോസിദ്ധിയും, ഉപാസന ബലവും അര്‍പ്പണ മനോഭാവവും ഇദ്ദേഹത്തിന്‌ കൂട്ടായിമാറി.
നൂറുകണക്കിന്‌ ലഭിച്ച പുരസ്‌കാരങ്ങളില്‍ ഗുരുവായൂരില്‍ നിന്നും തനിക്ക്‌ ലഭിച്ച ഭാഗവത കീത്തി രത്‌ന പുരസ്‌കാരമാണ്‌ ശ്രേഷ്‌ഠാല്‍ ശ്രേഷ്‌ഠതരമായിട്ടുള്ളന്നെും പ്രാര്‍ത്ഥനയോടെ ദാസ്‌ പറയുന്നു.
നിര്‍ദ്ധനരായ യുവതികളുടെ വിവാഹ കര്‍മ്മങ്ങള്‍ നടത്തുന്നതിനും ദരിദ്രര്‍ക്ക്‌ വീട്‌ വച്ച്‌ നല്‍കുന്നതിനും സാധുജന സഹായങ്ങള്‍ക്കും നേതൃത്വം നല്‍കി വരുന്നു.
വാക്ക്‌,വിചാരം, പ്രവൃത്തി നല്ലതായാല്‍ ജീവിത വിജയം താനെ വരുമെന്നുംഅദ്ദേഹം ഉദ്‌ഘോഷിക്കുന്നു. വേദ സ്വരൂപനായ ഭഗവാനെ വേദമന്ത്രാഹൂതികള്‍ കൊണ്ട്‌ പ്രസാദിപ്പിക്കുന്ന കര്‍മ്മാനുഷ്‌ഠാനമാണ്‌ യജ്ഞങ്ങള്‍. നാം അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന അധര്‍മ്മ പ്രവൃത്തികളാണ്‌ ഇന്നനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക്‌ കാരണമെന്നും ആ ദുഷ്‌കൃത ദോഷങ്ങള്‍ മാറ്റി സുകൃത കര്‍മ്മഫലം സിദ്ധിക്കുവാന്‍ വേണ്ടി നടത്തപ്പെടുന്ന മഹത്‌ കര്‍മ്മമാണ്‌ യജ്ഞങ്ങളെന്നും കൈകൂപ്പി പുരുഷോത്തമദാസ്‌ സമര്‍ത്ഥിക്കുകയാണ്‌.
ഗുരുവായൂരപ്പന്‍ കനിഞ്ഞു നല്‍കിയ അനുഗ്രഹ ശക്തിയില്‍ ഇന്നും ഭാഗവതവുമായുള്ള പ്രയാണം തുടരുകയാണ്‌. തന്റെ ജന്മം മനസാ വാചാ കര്‍മ്മാണാ ഭഗവത്‌ തൃപ്പാദത്തില്‍ സമ്പൂര്‍ണ്ണ സമര്‍പ്പണം നടത്തിയിരിക്കുകയാണെന്നും ഈറന്‍ മിഴികളോടെ അദ്ദേഹം പറയുന്നു.
വാലടി കല്ലിങ്കല്‍ കുടുംബാംഗമായ മധുമണിയാണ്‌ ഭാര്യ. മഞ്‌ജുശ്രീയും അരുണും മക്കളാണ്‌.

മെയ്‌ 5,6 തീയതികളില്‍
ഷഷ്‌ഠ്യബ്‌ദ പൂര്‍ത്തി ആഘോഷം
ഷഷ്‌ഠ്യബ്ദ പൂര്‍ത്തി ആഘോഷ ത്തിന്‌ മുന്നോടിയായി ചെറുകര ക്ഷേ്രത്തിലലെ ഷഷ്‌ഠ്യയജ്ഞ വേദിയില്‍ വേദ മന്ത്രങ്ങള്‍ ഉരുവിട്ട്‌ പ്രത്യേകം പൂജിച്ച കലശം അഖില ഭാരത ബ്രാഹ്മണ സമൂഹ മഠീ അധ്യക്ഷനും തന്ത്രി മുഖ്യനുമായ കുഴിക്കാട്ട്‌ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്‌ ഷഷ്‌ഠ്യബ്ദ പൂര്‍ത്തി കലശം പ്രോക്ഷിച്ച്‌ പൂജാ ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‍കും. തുടര്‍ന്ന്‌ ആശിര്‍വാദ പ്രഭാഷണം നടക്കും.
മെയ്‌ 6 ഞായറാഴ്‌ച യജ്ഞ സമര്‍പ്പണത്തിന്‌ ശേഷം 2 മുതല്‍ സല്‍സംഗ സഭ ആരംഭിക്കും. ക്ഷേത്രം പ്രസിഡന്റ്‌ ശിവദാസ്‌ അധ്യക്ഷത വഹിക്കും . സല്‍സംഗ സഭ അഖില ഭാരത അയ്യപ്പ സേവാ സമിതി ഉപാധ്യക്ഷന്‍ സ്വാമി അയ്യപ്പദാസ്‌ ഉദ്‌ഘാടന ചെയ്യും . വിവിധ ജില്ലകളിലെ നൂറിലേറെ ക്ഷേത്ര ഭാരവാഹികള്‍ ചടങ്ങില്‍ ആശംസ അര്‍പ്പിച്ച്‌ സംസാരിക്കും .ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കുമ്മനം രാജശേഖരന്‍, വിവിധ രാഷ്ട്രീയ സാമുദായിക സാംസ്‌കാരിക നേതാക്കള്‍ ആശംസ അര്‍പ്പിച്ച്‌ സംസാരിക്കും

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top