×

കൊറിയന്‍ ഉച്ചകോടി ഇന്ന്

സോള്‍: കൊറിയന്‍ മുനമ്ബില്‍ സമാധാന പ്രതീക്ഷ പകര്‍ന്ന് ഉത്തര-ദക്ഷിണകൊറിയന്‍ ഉച്ചകോടി ഇന്ന് നടക്കും. ഉച്ചകോടിക്കായി ഇരു രാജ്യങ്ങളിലെ ഭരണാധികാരികളും അതിര്‍ത്തിഗ്രാമമായ പാന്‍മുന്‍ജോമില്‍ എത്തി. ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മുന്‍ ജേ ഇന്‍ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ ഹസ്തദാനം ചെയ്ത് സ്വീകരിച്ചു. രാവിലെ 9.30-നാണ് ഉച്ചകോടി ആരംഭിക്കുക.

11 വര്‍ഷത്തിനുശേഷമാണ് ഇരുരാജ്യങ്ങളിലെയും തലവന്‍മാര്‍ കൂടിക്കാഴ്ച നടത്തുന്നത്. ഏത് സമയവും ആണവയുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന പ്രതീതിയായിരുന്നു മാസങ്ങള്‍ക്ക് മുന്‍പ് കൊറിയന്‍ ഉപദ്വീപില്‍. എന്നാല്‍ ലോകത്തെയാകെ ആശ്ചര്യപ്പെടുത്തിക്കൊണ്ടാണ് ചര്‍ച്ചയ്ക്ക് ഇരുരാജ്യങ്ങളും തയ്യാറായത്.അണ്വായുധം ഉപേക്ഷിക്കുമെന്ന ഉത്തരകൊറിയയുടെ പ്രഖ്യാപനം ഉച്ചകോടിയിലുണ്ടാകുമോയെന്നാണ് ലോകം കാത്തിരിക്കുന്നത്. 1950-53 ലെ കൊറിയന്‍ ഏറ്റുമുട്ടല്‍ അവസാനിച്ചെങ്കിലും സമാധാനക്കരാറില്‍ ഒപ്പുവെയ്ക്കാത്തതിനാല്‍ സാങ്കേതികമായി രണ്ട് രാജ്യങ്ങളും യുദ്ധാവസ്ഥയിലാണ്.

1953-ല്‍ കൊറിയന്‍യുദ്ധം അവസാനിച്ചതിനുശേഷം ദക്ഷിണകൊറിയയുടെ മണ്ണില്‍ കാലുകുത്തുന്ന ആദ്യ ഉത്തരകൊറിയന്‍ ഭരണാധികാരിയാവുകയാണ് കിം ജോങ് ഉന്‍. ഇരുകൊറിയകളുടെ അതിര്‍ത്തിയിലെ സൈനികരഹിതമേഖലയില്‍ നടക്കുന്ന ഉത്തര-ദക്ഷിണ കൊറിയന്‍രാജ്യത്തലവന്മാരുടെ ഉച്ചകോടിയെ ലോകം ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

ആണവായുധങ്ങള്‍ ഉപേക്ഷിക്കാമെന്ന പ്രഖ്യാപനം നടത്താന്‍ ഉച്ചകോടിയില്‍ ഉത്തരകൊറിയ തയ്യാറായാല്‍ അത് ചരിത്രപരമായ തീരുമാനമായിരുക്കും. ഉത്തരകൊറിയ ആണവ-മിസൈല്‍ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് കഴിഞ്ഞയാഴ്ച കിം ജോങ് ഉന്‍ പ്രസ്താവിച്ചിരുന്നു.

കൊറിയന്‍ വിഭജനത്തിനുശേഷം ഇത് മൂന്നാംതവണയാണ് ഇരുരാജ്യങ്ങളുടെയും ഭരണാധികാരികള്‍ കൂടിക്കാഴ്ചയ്ക്ക് തയ്യാറാകുന്നത്. ഇതിനുമുന്‍പ് 2000-ലും 2007-ലും മാത്രമാണ് ഉത്തര-ദക്ഷിണ കൊറിയന്‍രാഷ്ട്രത്തലവന്മാര്‍ തമ്മില്‍ ചര്‍ച്ചനടത്തിയത്.

ഉച്ചകോടിയുടെ അജന്‍ഡ മുതല്‍ ഭക്ഷണത്തിന്റെ മെനു വരെയുള്ള കാര്യങ്ങള്‍ സൂക്ഷ്മതയോടെ തീരുമാനിച്ചിട്ടുണ്ടെന്ന് ദക്ഷിണകൊറിയന്‍ അധികൃതര്‍ വ്യക്തമാക്കി. പാന്‍മുന്‍ജോമിലെ അതിര്‍ത്തിരേഖയ്ക്ക് സമീപമായിരിക്കും മുന്‍ ജേ ഇന്നും കിം ജോങ് ഉന്നും കൂടിക്കാഴ്ച നടത്തുകയെന്ന് മുന്‍ ജേ ഇന്നിന്റെ വക്താവ് ഇം ജോങ് സോക് പറഞ്ഞു. പാന്‍മുന്‍ജോമില്‍ നടക്കുന്ന സ്വാഗതാഘോഷത്തില്‍ ഇരുനേതാക്കളും ദക്ഷിണകൊറിയന്‍ സൈന്യത്തിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിക്കും. 10.30-നാണ് ഔദ്യോഗിക ചര്‍ച്ചയാരംഭിക്കുക. പാന്‍മുന്‍ജോമിലെ പീസ് ഹൗസിലാണ് ചര്‍ച്ചനടക്കുക.

ഉച്ചയോടെ ആദ്യഭാഗം അവസാനിക്കും. ഉച്ചഭക്ഷണ ഇടവേളയില്‍ ഇരുനേതാക്കളും ഒന്നിച്ചായിരിക്കില്ല. ഉച്ചഭക്ഷണത്തിനായി ഉന്നും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥസംഘവും തിരികെ ഉത്തരകൊറിയയിലെത്തും.

ഉച്ചഭക്ഷണ ഇടവേളയ്ക്കുശേഷം ചര്‍ച്ചയുടെ രണ്ടാം പകുതിയാരംഭിക്കും. രണ്ടുരാജ്യങ്ങളില്‍നിന്നും ശേഖരിച്ച മണ്ണും വെള്ളവും ഉപയോഗിച്ച്‌ പാന്‍മുന്‍ജോമില്‍ ഇരുനേതാക്കളും പൈന്‍ മരത്തൈ നടുന്നതോടെയാണ് ഉച്ചകോടിയുടെ രണ്ടാംപകുതിക്ക് തുടക്കമാകുക. ഇരുരാജ്യങ്ങളുടെയും സമാധാനവും ഐശ്വര്യവും സൂചിപ്പിക്കാനാണിത്. നേതാക്കള്‍ കരാറില്‍ ഒപ്പിട്ട് സംയുക്തപ്രസ്താവനയിറക്കുന്നതോടെ ഉച്ചകോടി ഔദ്യോഗികമായി സമാപിക്കും.

ദക്ഷിണകൊറിയ സംഘടിപ്പിക്കുന്ന അത്താഴവിരുന്നില്‍ രണ്ടുനേതാക്കളും പങ്കെടുക്കും. ഇതിനായി പ്രത്യേക വിഭവങ്ങളാണ് തയ്യാറാക്കുക. അത്താഴവിരുന്നിനുശേഷം ‘സ്?പ്രിങ് ഓഫ് വണ്‍’ എന്നുപേരിട്ട ഹ്രസ്വചിത്രവും കണ്ടതിനുശേഷമാകും ഉന്നും സംഘവും ഉത്തരകൊറിയയിലേക്ക് മടങ്ങുക.

കിം ജോങ് ഉന്നും യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ച ജൂണില്‍ നടക്കുമെന്നാണ് കരുതുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top