×

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടി മഞ്ജു വാര്യര്‍ക്കും സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമെതിരെ ഗുരുതര ആരോപണങ്ങളുമായി രണ്ടാംപ്രതി മാര്‍ട്ടിന്‍.

ശ്രീകുമാര്‍ മേനോനും മഞ്ജു വാര്യരും ലാലും രമ്യാ നമ്പീശനും ചേര്‍ന്ന് ദിലീപിനെ കുടുക്കാനുണ്ടാനുണ്ടാക്കിയ കെണിയാണ് കേസെന്ന് മാര്‍ട്ടിന്‍ മാധ്യമങ്ങളോട് പറഞ്ഞു. ദിലീപിനെ കുടുക്കാന്‍ വേണ്ടി ഗൂഢാലോചന നടത്തി.

‘സത്യസന്ധമായ കാര്യങ്ങളാണു പറയാനുള്ളത്. നിരപരാധിയായ തന്നെ ഉള്‍പ്പെടെ ഒട്ടേറെപ്പേരെ ചതിച്ചതാണ്. അതിന്റെ പ്രതിഫലമായാണു മഞ്ജുവിന് മുംബൈയില്‍ ഫ്‌ലാറ്റും ‘ഒടിയനില്‍’ അവസരവും ലഭിച്ചത്. കുറേ കാര്യങ്ങള്‍ പറയാനുണ്ട്. കോടതയില്‍ പൂര്‍ണ വിശ്വാസമുണ്ട്. കാര്യങ്ങളെല്ലാം കോടതിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. നീതി ലഭിക്കുമെന്നാണു വിശ്വാസം’ വിചാരണയുടെ ഭാഗമായി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മാര്‍ട്ടിന്‍ മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് കോടതിയില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മാര്‍ട്ടിന്‍ പറഞ്ഞു.

ഇതിനിടെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നടിയെ ആക്രമിച്ച കേസില്‍ ഏതൊക്കെ രേഖകള്‍ പ്രതികള്‍ക്കു നല്‍കാനാകുമെന്ന് അറിയിക്കണമെന്നു പ്രോസിക്യൂഷനു നിര്‍ദേശം നല്‍കി. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് അടുത്തമാസം പതിനൊന്നിലേക്കു മാറ്റി. കഴിഞ്ഞ ദിവസം നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതിയില്‍ വാദം തുടരുന്നതിനിടെ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന് എന്തിനാണെന്ന് കോടതി ചോദിച്ചിരുന്നു. ദൃശ്യങ്ങള്‍ മുന്‍പ് ഒരു തവണ കണ്ടതല്ലേയെന്ന് കോടതി ആരാഞ്ഞിരുന്നു.

എന്നാല്‍ ശരിയായ വിചാരണയ്ക്ക് ദൃശ്യങ്ങള്‍ ലഭ്യമാക്കണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. വിഡിയോയില്‍ എഡിറ്റിംഗ് നടന്നതായി സംശയമുണ്ടെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പോലീസ് ഇക്കാര്യം മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നു. സ്ത്രീ ശബ്ദം ആക്രമിക്കപ്പെട്ട നടിയുടേതാണോ എന്നറിയണം. നടിയുടെ ശബ്ദത്തിന്റെ തീവ്രത കുറച്ചതായും സംശയമുണ്ടെന്ന് അഭിഭാഷകന്‍ പറഞ്ഞു. പുരുഷ സ്ത്രീ ശബ്ദങ്ങളുടെ തീവ്രതകള്‍ തമ്മില്‍ വ്യത്യാസമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നേരത്തെ ദിലീപ് നല്‍കിയ ഹര്‍ജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ദിലീപിന് കൈമാറിയാല്‍ ദൃശ്യങ്ങള്‍ പുറത്താകുമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഹൈക്കോടതിയിലെ ഹര്‍ജിയില്‍ തീരുമാനമാകുന്നത് വരെ വിചാരണ തുടങ്ങരുതെന്ന ദിലീപിന്റെ ആവശ്യവും സിംഗിള്‍ ബെഞ്ച് അംഗീകരിച്ചിരുന്നില്ല.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top