×

30 കോടിയുടെ പുറപ്പുഴ – മണക്കാട്‌ ശുദ്ധജല വിതരണ പദ്ധതി  ഉദ്‌ഘാടനം 24 – ന്‌ 

195 കിലോമീറ്റര്‍ പൈപ്പ്‌ ലൈന്‍
തൊടുപുഴ : ദേശീയ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജലഅതോറിറ്റി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പുറപ്പുഴ – മണക്കാട്‌ ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള സമഗ്ര കുടിവെള്ള പദ്ധതിയുടെ ഉദ്‌ഘാടനം 24 – ന്‌ ജലവിഭവ മന്ത്രി മാത്യു ടി തോമസ്‌ നിര്‍വ്വഹിക്കുമെന്ന്‌ പി.ജെ.ജോസഫ്‌ എം.എല്‍.എ. അറിയിച്ചു. വൈകിട്ട്‌ അഞ്ചിന്‌ വഴിത്തല (പുറപ്പുഴ പഞ്ചായത്ത്‌ അങ്കണം) യില്‍ നടക്കുന്ന യോഗത്തില്‍ പി.ജെ.ജോസഫ്‌ എം.എല്‍.എ. അദ്ധ്യക്ഷത വഹിക്കും. അഡ്വ. ജോയ്‌സ്‌ ജോര്‍ജ്‌ എം.പി. മുഖ്യപ്രഭാഷണം നടത്തും.
അരിക്കുഴ കൃഷി ഫാമിനു സമീപം തൊടുപുഴയാറിന്റെ മേതലപ്പാറ ഭാഗത്താണ്‌ പദ്ധതിക്കുള്ള കിണറിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്‌. 30 കോടി രൂപയുടെ ഭരണാനുമതിയാണ്‌ യു.ഡി.എഫ്‌. സര്‍ക്കാര്‍ അനുവദിച്ചിരുന്നത്‌. പ്രതിദിനം 80 ലക്ഷം ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള പ്ലാന്റിന്റെ നിര്‍മ്മാണവും പൂര്‍ത്തിയായിട്ടുണ്ട്‌. പദ്ധതിയോടനുബന്ധിച്ച്‌ മണക്കാട്‌ പഞ്ചായത്തിലെ പച്ചൂര്‍, താമല, മുടക്കൊല്ലി,മുണ്ടന്‍മല, ഉന്നയ്‌ക്കാട്ടുമല പുറപ്പുഴ പഞ്ചായത്തിലെ കൊടികുത്തി, കുണിഞ്ഞി, നെടുമ്പാറ എന്നിവിടങ്ങളില്‍ ടാങ്കുകളുടെ നിര്‍മ്മാണവും പൂര്‍ത്തിയാക്കി.
അരിക്കുഴയില്‍ നിന്നും ശുദ്ധീകരിച്ച വെള്ളം പുതിയതായി സ്ഥാപിച്ച മെയിന്‍ ലൈനിലൂടെ ടാങ്കുകളിലെത്തിക്കും. മണക്കാട്‌ പഞ്ചായത്തില്‍ 125 കിലോ മീറ്റര്‍ പ്രദേശത്തും പുറപ്പുഴ പഞ്ചായത്തില്‍ ആകെയുള്ള 80 കിലോമീറ്ററില്‍ 70 കിലോമീറ്റര്‍ പ്രദേശത്തും വിതരണ ലൈനുകള്‍ സ്ഥാപിച്ചിട്ടുണ്ട്‌. മണക്കാട്‌ പഞ്ചായത്തില്‍ 19 പൊതു ടാപ്പുകളും പുറപ്പുഴ പഞ്ചായത്തില്‍ 18 പൊതു ടാപ്പുകളും പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട്‌.
നെടുമ്പാറ ടാങ്ക്‌ 4.5 ലക്ഷം ലിറ്ററും, കുണിഞ്ഞി ടാങ്ക്‌ 1.6 ലക്ഷം ലിറ്ററും, കൊടുകുത്തി ടാങ്ക്‌ 90000 ലിറ്ററും സംഭരണ ശേഷിയുള്ളതാണ്‌. നിലവിലുള്ള ചുണ്ടേക്കാട്‌ ടാങ്കില്‍ 60000 ലിറ്റര്‍ വെള്ളം ശേഖരിക്കാനാവും. പദ്ധതിയോടനുബന്ധിച്ച്‌ മേതലപ്പാറയില്‍ 400 കെ.വി. യുടെയും 160 കെ.വി.യുടെയും രണ്ടു ട്രാന്‍സ്‌ഫോര്‍മറുകളും സ്ഥാപിച്ചിട്ടുണ്ട്‌. പദ്ധതി കമ്മീഷന്‍ ചെയ്യുന്നതോടെ രണ്ടു പഞ്ചായത്തുകളിലേയും ഉയര്‍ന്ന പ്രദേശങ്ങളിലടക്കം കുടിവെള്ള വിതരണം സുഗമമാകും.
വഴിത്തലയില്‍ നടക്കുന്ന ഉദ്‌ഘാടന യോഗത്തില്‍ ജനപ്രതിനിധികള്‍, കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top