×

കേരള കോണ്‍ഗ്രസിന്റെ രാഷ്ട്രീയനയം 18 ന് പ്രഖ്യാപിക്കും.

കോട്ടയം: കേരള കോണ്‍ഗ്രസിന്റെ രാഷ്ട്രീയനയം ഉടന്‍ വ്യക്തമാക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ കെഎം മാണി. ഈ മാസം 18 ന് ചേരുന്ന സ്റ്റിയറിങ്ങ് കമ്മറ്റിക്ക് ശേഷം തീരുമാനം പ്രഖ്യാപിക്കുമെന്നും കെഎം മാണി പറഞ്ഞു.

കേരള രാഷ്ട്രീയത്തില്‍ നിര്‍ണായകമായ നിലപാട് സ്വീകരിക്കാന്‍ കേരള കോണ്‍ഗ്രസ് തയാറെടുക്കുകയാണെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണി പറഞ്ഞു. രാജ്യസഭാ തെരഞ്ഞെടുപ്പ് അടക്കമുള്ള വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ച ചെയ്യാന്‍ ഈ മാസം 18 ന് പാര്‍ട്ടിയുടെ സ്റ്റിയറിങ്ങ് കമ്മറ്റി യോഗം ചേരുമെന്നും കെഎം മാണി പറഞ്ഞു.

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിലെ നിലപാട് പിന്നീട് പ്രഖ്യാപിക്കും. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്ന നടപടികള്‍ക്കാണ് ഇപ്പോള്‍ ഊന്നല്‍ നല്‍കുന്നതെന്നും പാര്‍ട്ടി സ്റ്റിയറിങ്ങ് കമ്മറ്റിക്ക് ശേഷം നിലപാട് പ്രഖ്യാപിക്കുമെന്നും പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ് കെ മാണിയും അറിയിച്ചു.

എല്‍ഡിഎഫ് പ്രവേശനത്തിനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയനയം പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ ശക്തമായ എതിര്‍പ്പുമായി സിപിഐ നില്‍ക്കുന്നതിനാല്‍ ഇടതുമുന്നണി പ്രവേശം അത്രവേഗം സാധ്യമല്ല. തങ്ങള്‍ ഒരുമുന്നണിയ്ക്കും അപേക്ഷ നല്‍കിയിട്ടില്ലന്ന് മാണി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇടതുമുന്നണി പ്രവേശനം ആഗ്രഹിക്കുന്നു എന്നത് വ്യക്തമാണ്. ബാര്‍കോഴയില്‍ കാലുവാരിയ കോണ്‍ഗ്രസുമായി തത്കാലം സഹകരിക്കാന്‍ സാധ്യമല്ലെന്ന നിലപാടിലാണ് മാണിയും അദ്ദേഹത്തെ അനുകൂലിക്കുന്ന വിഭാഗവും. എന്നാല്‍ എല്‍ഡിഎഫിലേക്ക് മടങ്ങിപ്പോകുന്നതിനെ പിജെ ജോസഫ് വിഭാഗം അംഗീകരിക്കുന്നില്ല. അതിനാല്‍ 18 ന് കൈക്കൊള്ളുന്ന രാഷ്ട്രീയ നിലപാട് നിര്‍ണായകമാണ്. എല്‍ഡിഎഫിന് അനുകൂലമായ നിലപാടാണ് കൈക്കൊള്ളുന്നതെങ്കില്‍ അത് പാര്‍ട്ടിയെ വീണ്ടുമൊരു പിളര്‍പ്പിലേക്ക് നയിച്ചേക്കുമെന്നാണ് സൂചന.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top