×

ഉത്സവകാലം; 11 ആനകള്‍ ചരിഞ്ഞു; ആനപ്രേമികള്‍ക്ക്‌ ഇത്‌ കഷ്ടകാലം

ഉത്സവക്കാലം ആരംഭിച്ചതോടെ നാട്ടാനകള്‍ക്ക് കഷ്ടകാലം. ഉത്സവ സീസണ്‍ ആരംഭിച്ച് കേവലം രണ്ടുമാസം പിന്നിടുമ്പോഴേക്കും 11 നാട്ടാനകള്‍ ചെരിഞ്ഞുവെന്ന്  റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്സവപ്പറമ്പിലും മറ്റും പൊരിവെയിലത്ത് കനത്ത വെലില്‍ മണിക്കൂറുകളോളമാണ് ആനകളെ ‘നിര്‍ത്തിപൊരിക്കുന്നത് കടുത്ത ചൂടിനിടയിലും അമിതമായി ജോലിയെടുപ്പിക്കുന്നതും കൃത്യമായ പരിചരണം ലഭിക്കാത്തതുമാണ് മിക്ക ആനകളും ചെരിയാന്‍ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആനകളെ ഇത്തരം രീതിയില്‍ കൈകാര്യം ചെയ്യുന്നതിനെതിരേ രംഗത്തുവരുന്നവര്‍ക്ക് ആനക്കമ്പക്കാരെന്ന് പേരില്‍ അക്രമം നടത്തുന്നവരില്‍ നിന്നും ഭീഷണിയടക്കമുള്ളവയാണ് പ്രതികരണമായി ലഭിക്കുന്നത്. ഒമ്പത് കൊമ്പന്മാരും രണ്ട് പിടിയാനകളുമാണ് കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ ചെരിഞ്ഞത്.

Image result for elephant kerala

ഇക്കാലയളവില്‍ ആനകളുടെ ആക്രമണത്തില്‍ മൂന്ന് പാപ്പാന്മാരും കൊല്ലപ്പെട്ടു. 178 ആനകള്‍ ഇടഞ്ഞ് അക്രമാന്തരീക്ഷം സൃഷ്ടിച്ചു. നാട്ടാനകളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 80 വര്‍ഷമാണ്. എന്നാല്‍ ചെരിഞ്ഞ ആനകള്‍ക്കൊന്നും 50 വയസ്സ് പിന്നിട്ടിരുന്നില്ല എന്നതാണ് മറ്റൊരു ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്. ഉത്സവങ്ങളിലെ എഴുന്നള്ളിപ്പിനും മറ്റും ഉപയോഗിക്കുന്ന ആനകളുമായി ബന്ധപ്പെട്ട് കര്‍ശന നിബന്ധനകളുണ്ടെങ്കിലും ഇവയൊക്കെ എത്രത്തോളം പാലിക്കപ്പെടുന്നുണ്ടെന്ന കാര്യം സംശയമാണ്. ഇതില്‍ തന്നെ ഉത്സവങ്ങള്‍ക്കിടയില്‍ ആനകള്‍ക്ക് 12 മണിക്കൂര്‍ വിശ്രമം നല്‍കണമെന്ന ചട്ടം പലപ്പോഴും ലംഘിക്കപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊടുംചൂടില്‍ ഒരിടത്തുനിന്ന് മറ്റിടത്തേക്ക് വിശ്രമമില്ലാതെയാണ് ആനകളെ എഴുന്നള്ളിക്കാനായി കൊണ്ടുപോകുന്നത്. കഴിഞ്ഞ ബുധനാഴ്ച പാലക്കാട് ശ്രീകൃഷ്ണപുരം തിരുനാരായണപുരം ഉത്രത്തില്‍കാവ് ക്ഷേത്രത്തിലേക്ക് ഗുരുവായൂരില്‍നിന്ന് കൊണ്ടുവന്ന ശേഷാദ്രി എന്ന ആന ഇടഞ്ഞോടി കിണറ്റില്‍വീണ് ചെരിഞ്ഞിരുന്നു. തിരുവമ്പാടി ശിവസുന്ദര്‍ എന്ന ആന ചെരിഞ്ഞത് മാര്‍ച്ച് 11നാണ്. 46 ആയിരുന്നു പ്രായം. ഫെബ്രുവരി 12ന് എരുമേലിയില്‍ ഉത്സവത്തിനിടെ ഇടഞ്ഞോടിയ കണ്ണമത്ത് ദേവദത്തന്‍ (33) ഉടമസ്ഥന്റെ വീട്ടിലെത്തിയപ്പോഴേക്കും തളര്‍ന്നുവീണ് ചെരിഞ്ഞു. കുന്നംകുളത്ത് ശിവന്‍ (17), വൈലാശ്ശേരി കേശവന്‍ (46), ചെളിപ്പറമ്പില്‍ അയ്യപ്പന്‍ (42), കൊടുമണ്‍ ദീപു എന്ന പുത്തന്‍കുളം ചന്ദ്രശേഖരന്‍ (44), മംഗലാംകുന്ന് ചന്ദ്രശേഖരന്‍ (44), നെയ്യാറ്റിന്‍കര കണ്ണന്‍ (22) എന്നീ ആനകളാണ് ചുരുങ്ങിയ ദിവസങ്ങളില്‍ ചെരിഞ്ഞത്. മൂന്നാറില്‍ രണ്ട് പിടിയാനകളും ചെരിഞ്ഞു. തൃശൂരിലാണ് ഇ്ത്തരം സംഭവങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top