×

മാണി ഗ്രൂപ്പ്‌ ; ചെങ്ങന്നൂരില്‍ മനസാക്ഷി വോട്ടും- രാജ്യസഭയില്‍ വീരേന്ദ്രകുമാറിനും

ഈ മാസം 18 നു ചേരുന്ന കേരള കോണ്‍ഗ്രസ് (എം) സ്റ്റിയറിങ് കമ്മറ്റി യോഗത്തില്‍ മുന്നണി ബന്ധം സംബന്ധിച്ചു നിലപാട് പ്രഖ്യാപിക്കുമെന്നാണു നേതൃത്വം വ്യക്തമാക്കിയിരുന്നത്. ഇടതു പക്ഷത്തെ അനുകൂലിക്കണമെന്നതാണ് മാണിയുടെ ആഗ്രഹം. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മാണി ഉറപ്പ് നല്‍കിയതുമാണ്. ഇത് വിശ്വസിച്ചാണ് സജി ചെറിയാന്‍ സ്ഥാനാര്‍ത്ഥിയാക്കിയതും. കേരളാ കോണ്‍ഗ്രസിന്റെ ക്രൈസ്തവ വോട്ടുകള്‍ ലക്ഷ്യമിട്ടായിരുന്നു ഇത്. എന്നാല്‍ പിന്തുണക്കാര്യത്തില്‍ കേരളാ കോണ്‍ഗ്രസില്‍ സമവായം ആയിട്ടില്ല.

ചെങ്ങന്നൂരില്‍ പഴയ ജോസഫ്‌ ഗ്രൂപ്പിന്‌ വലിയ സ്വാധീനമില്ലെന്നാണ്‌ വിലയിരുത്തല്‍. അതിനാല്‍ തന്നെ ജോസ്‌ കെ മാണിയുടെ മനസാക്ഷിക്ക്‌ അനുസരിച്ച്‌ അവിടുത്തെ മാണി ഗ്രൂപ്പ്‌ പ്രവര്‍ത്തകര്‍ വോട്ട്‌ രേഖപ്പെടുത്തുമെന്ന്‌ മാണിക്ക്‌ അറിയാം. സജി ചെറിയാന്‌ മാണിയുടെ പിന്തുണ ലഭിക്കുമെന്ന്‌ ഉറപ്പിലാണ്‌ സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നതെന്നാണ്‌ അറിയാന്‍ സാധിച്ചിട്ടുള്ളത്‌. അല്ലെങ്കില്‍ കഴിഞ്ഞ തവണ പോലും സജി ചെറിയാനെ നിര്‍ത്താതെ രാമചന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ രണ്ടാമതൊന്ന്‌ ആലോചിക്കാന്‍ പോലും പിണറായി തയ്യാറായിരുന്നില്ല. രാമചന്ദ്രന്റെ മകനോ ഭാര്യയ്‌ക്ക്‌ സീറ്റ്‌ നല്‍കി വിജയിപ്പിക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. എന്നാല്‍ അവര്‍ക്ക്‌ മത്സര രംഗത്തോട്‌ വലിയ താല്‍പര്യം ഉണ്ടായിരുന്നില്ല.

മാണിയ്‌ക്കും ജോസഫിന്‌ മാതൃഭൂമി പത്രവും ചാനലും ആവശ്യ ഘടകമായതിനാല്‍ രാജ്യസഭയില്‍ വോട്ട്‌ വീരേന്ദ്രകുമാറിന്‌ നല്‍കും. ഈ തീരുമാനത്തില്‍ യുഡിഎഫ്‌ നേതാക്കള്‍ക്ക്‌ വിയോജിപ്പ്‌ ഇല്ല താനും. മത്സര സമയത്ത്‌ തന്നെ സഹായിച്ചവരെ വീരേന്ദ്രകുമാര്‍ തിരിച്ച്‌ സഹായിക്കും എന്ന വിലയിരുത്തലാണ്‌ ഇതിന്‌ കാരണം.  വീരേന്ദ്രകുമാറാണ് ഇടത് സ്ഥാനാര്‍ത്ഥി. വീരനുമായി മാണിക്ക് അടുത്ത ബന്ധവുമുണ്ട്. ഇതും തീരുമാനങ്ങളെ സ്വാധീനിക്കും.

വിഷ്‌ണുനാഥിന്‌ ലഭിച്ച 12,000 കേരള കോണ്‍ഗ്രസ്‌ വോട്ടുകള്‍ മണ്ഡലത്തിലെ വിജയ പരാജയം നിശ്ചയിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മൂന്ന്‌ മുന്നണികളും ലക്ഷക്കണക്കിന്‌ രൂപ മുടക്കിയാണ്‌ ഇലക്ഷന്‍ പ്രചരണത്തിന്‌ കൊഴുപ്പേകുന്നത്‌. പിണറായി വിജയനെ മുന്നില്‍ നിര്‍ത്തിയാണ്‌ എല്ലാ പോസ്‌റ്ററുകളും സജി ചെറിയാന്‍ തയ്യറാക്കിയിരിക്കുന്നത്‌. വിജയം നിലനിര്‍ത്തേണ്ടത്‌ എല്‍ഡിഎഫിന്‌ അത്യാന്താപേക്ഷിതമാണ്‌. ലോക്‌സഭാ തിരഞ്ഞെടുപ്പിന്‌ മുന്നോടിയായി നടക്കുന്ന സെമി ഫൈനല്‍ മത്സരമായിട്ടാണ്‌ ചെങ്ങന്നൂരിനെ മലയാളികള്‍ കാണുന്നത്‌. 20 മന്ത്രിമാരും 14 ജില്ലാ സെക്രട്ടറിമാരും ഓരോ പഞ്ചായത്തിന്റെയും പ്രചരണ നേതൃത്വം നല്‍കും.

എന്നാല്‍ ചെങ്ങന്നൂരിലെ കാര്യത്തില്‍ സമവായത്തിലെത്തുക എന്നത്‌ ഏറെ അപരിഹാര്യമാണ്‌. ആര്‌ ജയിച്ചാലും അവര്‍ക്ക്‌ കേരള കോണ്‍ഗ്രസിന്റെ ഗ്രൂപ്പിന്റെ പിന്തുണ ഉണ്ടായിരുന്നുവെന്ന പ്രതീതി ഉയര്‍ത്തണമെന്നതാണ്‌ ജോസഫ്‌ ഗ്രൂപ്പിന്റെ ഇപ്പോഴത്തെ ആവശ്യം. അതിനിടെ ബിജെപി കേന്ദ്രനേതൃത്വം ജോസ്‌ കെ മാണിയെ സമീപിച്ചതായി അറിയാന്‍ കഴിയുന്നുണ്ട്‌. ലോക്‌സഭാ എം പി മാര്‍ ആരും കേരളത്തില്‍ നിന്നും എന്‍ഡിഎ മുന്നണിക്ക്‌ ഇല്ല. ആഭ്യന്തര സഹമന്ത്രി സ്ഥാനം വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെന്ന്‌ അറിയാന്‍ സാധിക്കുന്നു. മോന്‍സിനും പി ജെ ജോസഫിനും എന്‍ഡിഎ പ്രവേശനം അംഗീകരിക്കാനെ സാധിക്കുന്നില്ല. യുഡിഎഫ്‌ വേണോ എല്‍ഡിഎഫ്‌ വേണോ എന്ന കാര്യം ചെങ്ങന്നൂര്‍ ഫലത്തിന്‌ ശേഷം മാത്രമേ തീരുമാനമാകൂ. എന്‍ഡിഎ യിലേക്ക്‌ പോയാല്‍ പാര്‍ട്ടി പിളരുമെന്നതാണ്‌ ഇപ്പോഴത്തെ പ്രധാന തടസം.

ഈ സാഹചര്യത്തില്‍ ചെങ്ങന്നൂരില്‍ മനഃസാക്ഷി വോട്ടെന്ന സമീപനം സ്വീകരിക്കുമെന്ന സൂചനയാണു പാര്‍ട്ടി നേതാക്കള്‍ നല്‍കുന്നത്. ചെങ്ങന്നൂരില്‍ മുന്‍തൂക്കം യുഡിഎഫിനാണ്. അതുകൊണ്ട് തന്നെ ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്നാണ് ജോസഫിന്റെ പക്ഷം. ജോസഫിന് പാര്‍ട്ടിയെ യുഡിഎഫിലെത്തിക്കാനാണ് ഇപ്പോഴും താല്‍പ്പര്യം.

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top