×

ഭാഷാ പത്രങ്ങളോടുള്ള സര്‍ക്കാരുകളുടെ അവഗണന അവസാനിപ്പിക്കണം : ഇല്‍ന

കൊച്ചി: ഡിജിറ്റല്‍ മാധ്യമങ്ങളുടെ മത്സരം, പ്രചാരത്തിലേയും പരസ്യ വരുമാനത്തിലേയും ഇടിവ്‌, കടലാസ്‌ വില വര്‍ധനയും ദൗര്‍ലഭ്യവും, ചെലവ്‌ വര്‍ധന തുടങ്ങിയ വെല്ലുവിളികള്‍ കടുത്തതാണെങ്കിലും പ്രാദേശിക ഭാഷകളിലെ മാഗസിനുകളും മറ്റു പ്രസിദ്ധീകരണങ്ങളും വളര്‍ച്ച തിരിച്ചു പിടിക്കുമെന്ന്‌ ഇന്ത്യന്‍ ലാംഗ്വേജസ്‌ ന്യൂസ്‌പേപ്പേഴ്‌സ്‌ അസോസിയേഷന്‍ (ഇല്‍ന) പ്രസിഡന്റും  സ്ഥാപകനും ഡെല്‍ഹി പ്രസ്സ്‌ ഗ്രൂപ്പ്‌ പ്രസിദ്ധീകരണങ്ങളടെ സിഎംഡിയുമായ പരേഷ്‌ നാഥ്‌ പറഞ്ഞു. കൊച്ചിയി ല്‍ നടന്ന ഇൽന യുടെ  യോഗത്തില്‍ പ്രസംഗിക്കുകായിരുന്നു അദ്ദേഹം. പത്ത്‌ ഭാഷകളില്‍ മുപ്പത്താറ്‌ പ്രസിദ്ധീകരണങ്ങള്‍ നടത്തി വരുന്ന ഡെല്‍ഹി പ്രസിന്റെ അമരക്കാരന്‍ എന്ന നിലയില്‍ പരേഷ്‌ നാഥ്‌ പങ്കിട്ട ആശയങ്ങള്‍ യോഗത്തില്‍ പങ്കെടുത്ത കേരളത്തിലെ വിവിധ മലയാള പ്രസിദ്ധീകരണങ്ങളുടെ പ്രതിനിധികള്‍ക്ക്‌ ഏറെ ആവേശകരമായി.
ഡിജിറ്റല്‍ മാധ്യമങ്ങളുടെ കടന്നുകയറ്റം അവയുടെ വാര്‍ത്തകള്‍ പോലെ തന്നെ താല്‍ക്കാലികമാണ്‌. ടെലിവിഷന്‍ പരസ്യങ്ങളോടാണ്‌ ഡിജിറ്റല്‍ വാര്‍ത്തകള്‍ക്ക്‌ സാമ്യം. അത്‌ ആവര്‍ത്തിച്ച്‌ പറഞ്ഞാലേ ശ്രദ്ധിക്കപ്പെടുന്നുള്ളു. അതുകൊണ്ടാണല്ലോ ഫോര്‍വേഡ്‌ എന്ന പരിപാടി? അച്ചടിമാധ്യമങ്ങളെ ആരെങ്കിലും ഫോര്‍വേഡ്‌ ചെയ്യേണ്ട ആവശ്യമുണ്ടോ? ആവര്‍ത്തനം നിര്‍ത്തുന്ന ഉടന്‍ ഡിജിറ്റല്‍ വാര്‍ത്തകള്‍ വിസ്‌മരിക്കപ്പെടുന്നു.പരേഷ് നാഥ്  ചൂണ്ടിക്കാട്ടി. ഒരു ടീവി പരസ്യം  പല തവണ കൊടുക്കുന്നു. ഒരു എഡിറ്റോറിയല്‍ ഒരു പത്രത്തില്‍ ഒരു തവണ മാത്രമല്ലേ കൊടുക്കുന്നുള്ളു, അദ്ദേഹം ചോദിച്ചു.
 സമൂഹമാധ്യമങ്ങള്‍ക്ക്‌ പ്രശ്‌നങ്ങള്‍ പങ്കുവെയ്‌ക്കാന്‍ മാത്രമേ സാധിക്കൂ. പക്വതയാര്‍ന്നതും നിലനില്‍ക്കുന്നതുമായ പരിഹാരങ്ങള്‍ ഉരുത്തിരിയുന്നത്‌ അച്ചടി മാധ്യമങ്ങള്‍ക്ക്‌ കൂടുതല്‍ സ്വാധീനമുള്ളിടങ്ങളിലാണ്‌. ഇന്ത്യയിലെ ഭാഷാ പ്രസിദ്ധീകരണങ്ങള്‍ വെല്ലുവിളി നേരിടുമ്പോഴും മലയാള പ്രസിദ്ധീകരണങ്ങള്‍ വളരുന്നത്‌ കേരളത്തിന്റെ കരുത്ത്‌ തെളയിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 20-30 ലക്ഷം മാത്രം ജനസംഖ്യയുള്ള ബാള്‍ടിക്‌ രാജ്യങ്ങളില്‍ അവരുടെ ഭാഷകളിലെ മാഗസിനുകള്‍ക്ക്‌ മികച്ച നിലനില്‍പ്പുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. എന്നാല്‍ തപാല്‍ വകുപ്പിന്റെ പ്രാദേശിക മേധാവികളും മറ്റും അവര്‍ക്ക്‌ ഒരു പൈസയുടെ ഉപകാരം പോലും ഉണ്ടാക്കാത്ത നൂലാമാലകളാണ്‌ മാഗസിനുകളോട്‌ അനുവര്‍ത്തിക്കുന്നത്‌. സര്‍ക്കാര്‍ വക പരസ്യങ്ങളും ഭാഷാ പത്രങ്ങള്‍ക്കും പ്രസിദ്ധീകരണങ്ങള്‍ക്കും തുല്യരീതിയില്‍ നല്‍കപ്പെടാന്‍ അവകാശമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
കമ്പ്യൂട്ടറുകളുടേയും മൊബൈലുകളുടേയും ഇക്കാലത്തും എല്‍കെജി മുതല്‍ ജോലി കിട്ടുന്നതുവരെയുള്ള വിദ്യാഭ്യാസകാലത്ത്‌ ഒരു കുട്ടിക്കു വേണ്ടി ശരാശരി ഇന്ത്യന്‍ കുടുംബം  ലക്ഷങ്ങൾ   പുസ്‌തകങ്ങള്‍ക്കുമാത്രമായി ചെലവിടുന്നു. ജോലി കിട്ടിയാലുടന്‍ പെട്ടെന്ന്‌ ഇത്‌ നിലയ്‌ക്കുന്നതെന്താണ്‌? വായനയാണ്‌ മനുഷന്റെ വളര്‍ച്ചയുടെ അടിസ്‌ഥാനം. പുസ്‌തകങ്ങളുടെ പ്രസക്തി നഷ്ടപ്പെടാന്‍ അനുവദിക്കരുത്‌. മാഗസിനുകള്‍ ഇത്‌ വെല്ലുവിളിയായി ഏറ്റെടുക്കണം.
സമൂഹ മാധ്യമങ്ങളില്‍ നമ്മുടെ വിവരങ്ങള്‍ക്ക്‌ ഒരു സുരക്ഷിതത്വവുമില്ലെന്ന കാര്യവും മറന്നുകൂടാ. അച്ചടി മാധ്യമങ്ങള്‍ ഒരിക്കലും ഇത്തരം ഭീഷണി സൃഷ്ടിക്കുന്നില്ല. അവിടെ കൊടുക്കല്‍ മാത്രമേയുള്ളു, എടുക്കല്‍ ഇല്ല. സമൂഹ മാധ്യമങ്ങള്‍ക്ക്‌ ആരോടും ഉത്തരവാദിത്തമില്ല. ഒരു നിയമവും ബാധകമല്ല. ആരും ഇല്ല അവരെ നിയന്ത്രിക്കാന്‍. വ്യാജവാര്‍ത്തകളും ഡിജിറ്റല്‍ മാധ്യമങ്ങളില്‍ വ്യാപകമാണ്‌. എന്നല്ല, അത്തരം വാര്‍ത്തകളാണ്‌ ഭൂരിപക്ഷവും.
ഇന്ത്യയുടെ മൊത്തം പരസ്യവിപണി (അച്ചടി, ടിവി, റേഡിയോ, ഡിജിറ്റല്‍, ഔട്ട്‌ഡോര്‍ ഉള്‍പ്പെടെ) 50,000 കോടി രൂപയ്‌ക്കു മേല്‍ വരുമെന്ന്‌ ചടങ്ങില്‍ സംസാരിച്ച മാതൃഭൂമി മിഡിയ സൊലൂഷന്‍സ്‌ തലവന്‍ കമല്‍ കൃഷ്‌ണന്‍ പറഞ്ഞു. ഇതില്‍ 37-38% വീതം ടിവിയും പ്രിന്റും 14-15% ഡിജിറ്റലും 5% വീതം റേഡിയോയും ഔട്ട്‌ഡോറും പങ്കിടുന്നു. നിലവില്‍ പ്രിന്റിന്റെ വളര്‍ച്ചാനിരക്ക്‌ ഇടിഞ്ഞ്‌ 6-7% ആയിരിക്കുമ്പോള്‍ ഡിജിറ്റല്‍ 28-30% വളര്‍ച്ചയോടെ വന്‍കുതിപ്പാണ്‌ നടത്തുന്നത്‌. എന്നാല്‍ പ്രിന്റ്‌ രംഗത്തെ പരസ്യവില്‍പ്പനക്കാര്‍ ഇപ്പോഴും പഴയ രീതിയിലാണ്‌ സ്‌പേസ്‌ വില്‍ക്കുന്നത്‌ അഥവാ ഇപ്പോഴും അവര്‍ സ്‌പേസ്‌ വില്‍പ്പന മാത്രമാണ്‌ നടത്തുന്നതെന്ന്‌ കമല്‍ ചൂണ്ടിക്കാണിച്ചു. ഡിജിറ്റലിനെ നേരിടണമെങ്കില്‍ ഡിജിറ്റലിനെ മനസ്സിലാക്കണം. അച്ചടി മേഖലയിലെ ഭൂരിപക്ഷം പേരും ഇതിന്‌ തയ്യാറാകുന്നില്ലെന്ന്‌ കമല്‍ പറഞ്ഞു. ആഗോള ഡിജിറ്റല്‍ പരസ്യ വിപണി മൊത്തം നോക്കിയാലും 80%-ത്തിലേറെയും ഫേസ്‌ബുക്കിന്റേയും ഗൂഗ്‌ളിന്റേയും കയ്യിലാണ്‌. ഡിജിറ്റലിലെ സുരക്ഷിത ഭീഷണയും വ്യാജവാര്‍ത്തകളും പ്രിന്റില്‍ ഇല്ലെങ്കിലും ഡിജിറ്റലിന്‌ ഒട്ടേറെ മികവുകളുണ്ട്‌. അതേ സമയം വിശ്വസനീയമായ ഉള്ളടക്കം നല്‍കാന്‍ പരമ്പരാഗത പ്രസിദ്ധീകരണ സ്ഥാപനങ്ങള്‍ക്ക്‌ സാധിക്കും. ഇത്‌ സാമ്പത്തികമായി ഉപയോഗപ്പെടുത്താന്‍ കഴിയണം. ക്രെഡിബ്‌ള്‍ കണ്ടെന്റിന്‌ പ്രതിഫലം ലഭ്യമാക്കണം. ടിവി പോലെ പുതുതായി വന്ന ഒരു മാധ്യമമാണ്‌ ഡിജിറ്റല്‍. കാര്യക്ഷമമായ സഹവര്‍ത്തിത്തമാണ്‌ അഭികാമ്യം, കമല്‍ പറഞ്ഞു.
ഇൽന  കേരള  പ്രസിഡന്റും ധനം പബ്ലിക്കേഷന്‍സ്‌ എംഡിയും എഡിറ്ററുമായ കുര്യന്‍ ഏബ്രഹാം സ്വാഗതം പറഞ്ഞു.ഇൽന കേരള വൈസ്  പ്രസിഡന്റ്‌  മംഗളം പത്രാധിപര്‍ സാബു വര്‍ഗീസ്‌, എഴുത്തുകാരന്‍ കെ. എസ്‌. ആര്‍. മേനോന്‍ തുടങ്ങിയവരും പ്രസംഗിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top