×

പടച്ചോന്‍ തന്നെയാണു ജഡ്ജിയുടെ രൂപത്തില്‍ വന്നതെന്നു – ഷുഹൈബിന്റെ പിതാവ്

കണ്ണൂര്‍: പടച്ചോന്‍ തന്നെയാണു ജഡ്ജിയുടെ രൂപത്തില്‍ വന്നതെന്നു കൊല്ലപ്പെട്ട ഷുഹൈബിന്റെ പിതാവ് സി.പി. മുഹമ്മദ്. അന്വേഷണം സി.ബി.ഐക്കു വിട്ട കോടതിവിധിയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോടതിയില്‍നിന്ന് തങ്ങള്‍ക്കു നീതി ലഭിച്ചു. സി.പി.എം നേതാക്കളെ രക്ഷിക്കാനായിരുന്നു സര്‍ക്കാരിന്റെ ശ്രമം. സംഭവത്തില്‍ ഉന്നത നേതാക്കള്‍ക്കു പങ്കുണ്ടെന്നു കരുതുന്നു. കൊലപാതകത്തിനു പിന്നിലുള്ള എല്ലാവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നാണ് ആഗ്രഹം. മകനെ കൊന്നവരെയും കൊല്ലിച്ചവരെയും കണ്ടെത്താന്‍ സി.ബി.ഐ. അന്വേഷണം കൂടിയേതീരൂ.
രാഷ്ട്രീയപ്പകയുടെ പേരില്‍ ഇനി ഒരമ്മയ്ക്കും അച്ഛനും മകന്‍ നഷ്ടപ്പെട്ടു കൂടാ- മുഹമ്മദ് പറഞ്ഞു. സത്യമേ എപ്പോഴും വിജയിക്കുകയുള്ളൂവെന്നു ഷുഹൈബിന്റെ സഹോദരി ഷര്‍മിന പറഞ്ഞു.

സി.ബി.ഐയെ കാണിച്ച്‌ വിരട്ടേണ്ടെന്നു പി. ജയരാജന്‍

കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ സി.പി.എമ്മിന് ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്നു കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. കേസ് സി.ബി.ഐ. അന്വേഷിക്കട്ടെ. സി.ബി.ഐയെ കാണിച്ച്‌ സി.പി.എമ്മിനെ വിരട്ടേണ്ടെന്നാണ് വലതുപക്ഷ മാധ്യമങ്ങളോടും വലതുപക്ഷ രാഷ്ട്രീയകക്ഷികളോടും പറയാനുള്ളത്. സി.ബി.ഐയെ കണ്ടൊന്നും ഞങ്ങള്‍ പേടിക്കുമെന്നു കരുതണ്ട.
കൊലപാതകം നടന്നപ്പോള്‍ത്തന്നെ ഞങ്ങള്‍ അതിനെ അപലപിച്ചിരുന്നു. പോലീസ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യട്ടെയെന്ന നിലപാടാണു സ്വീകരിച്ചത്. പോലീസ് ശരിയായ രീതിയിലാണ് അന്വേഷിച്ചുവന്നത്. പോലീസ് പിടിച്ചത് ഡമ്മി പ്രതികളെയാണെന്ന് ആദ്യം പറഞ്ഞ കോണ്‍ഗ്രസ് പിന്നീട് നിലപാടു മാറ്റി. ഹര്‍ജി പരിഗണിച്ചപ്പോള്‍ സര്‍ക്കാരിനു പറയാനുള്ളതെല്ലാം ഹൈക്കോടതി കേട്ടോ എന്നത് സര്‍ക്കാര്‍ പരിശോധിക്കട്ടെ. കോടതിവിധിയില്‍ പാര്‍ട്ടിക്കെതിരായി വിമര്‍ശനങ്ങളില്ലെന്നാണു മനസിലാക്കുന്നത്. ഉണ്ടെങ്കില്‍ അത് പരിശോധിക്കും.

ഭയപ്പെടുത്തേണ്ടെന്ന് കോടിയേരി

തിരുവനന്തപുരം: സി.ബി.ഐയെ ഉപയോഗിച്ച്‌ സി.പി.എമ്മിനെ ഭയപ്പെടുത്താമെന്ന് ചിലര്‍ വിചാരിക്കുന്നുണ്ടെന്നും ഒരന്വേഷണത്തെയും ഭയക്കുന്നില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍.എസ്.എസിന് നേരിട്ടു നിയന്ത്രിക്കാന്‍ കഴിയുന്ന ഏജന്‍സിയാണ് സി.ബി.ഐ. അന്വേണത്തിന്റെ പേരില്‍ സി.പി.എമ്മിനെ വേട്ടയാടാന്‍ ശ്രമിച്ചാല്‍ നിയമപരമായി നേരിടും. ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ പോലീസ് അന്വേഷണം ശരിയാണെന്ന് കോണ്‍ഗ്രസും അംഗീകരിച്ചതാണ്. സി.പി.എമ്മിന് ഒന്നും ഒളിക്കാനില്ല. ഒരന്വേഷണത്തെയും ഭയപ്പെടുന്നുമില്ല. എന്നാല്‍, ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ കേസുമായി ബന്ധപ്പെട്ട് പിടിയിലായത് ഗൗരവമായി എടുക്കുന്നു. ആര്‍.എസ്.എസ്- കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ടാണ് കേസിലെ ഇപ്പോഴത്തെ വഴിത്തിരിവിനു പിന്നിലെന്നും കോടിയേരി പറഞ്ഞു.

സി.ബി.ഐക്കു വിടുന്നത് ആദ്യമായല്ലെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: പോലീസിന്റെ അന്വേഷണത്തിലിരിക്കുന്ന കേസുകള്‍ കോടതി ഉത്തരവിലൂടെ സി.ബി.ഐക്കു കൈമാറുന്നത് ആദ്യസംഭവമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തില്‍നിന്ന് സി.ബി.ഐക്കു കൈമാറിയ 79 കേസുകളില്‍ 31 എണ്ണം കോടതി ഇടപെടലിലൂടെയായിരുന്നെന്നു നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചകള്‍ക്കുള്ള മറുപടിയില്‍ മുഖ്യമന്ത്രി പറഞ്ഞു.
ഷുഹൈബ് വധക്കേസില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാണ്. കേസ് പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. പ്രതികള്‍ പോലീസിന്റെ പിടിയിലായിട്ടുണ്ട്. അന്വേഷണം ശരിയായ വഴിക്കാണു മുന്നോട്ടുപോകുന്നതെന്നതിനാല്‍ മറ്റൊരു വഴി സര്‍ക്കാര്‍ ആലോചിച്ചിട്ടില്ല. ഈ കേസ് സംബന്ധിച്ച്‌ സര്‍ക്കാര്‍ പറഞ്ഞതെല്ലാം ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top