×

പാര്‍ലമെന്റ് സീറ്റ് നാലര കോടിയ്ക്ക് സ്വാശ്രയ കോളേജ് മുതലാളിക്ക് വിറ്റ പാര്‍ട്ടിയാണ് സിപിഐ ; രൂക്ഷ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ്

കോട്ടയം : സിപിഐക്കെതിരെ ആഞ്ഞടിച്ച്‌ കേരള കോണ്‍ഗ്രസ്. അഴിമതിക്കെതിരെ സിപിഐയുടെ വീമ്ബുപറച്ചില്‍ വേശ്യയുടെ ചാരിത്ര്യപ്രസംഗത്തിന് തുല്യമെന്ന് കേരള കോണ്‍ഗ്രസ് പരിഹസിച്ചു. പാര്‍ലമെന്റ് സീറ്റ് നാലര കോടി രൂപയ്ക്ക് സ്വാശ്രയ കോളേജ് മുതലാളിക്ക് വിറ്റ പാര്‍ട്ടിയാണ് സിപിഐയെന്നും കേരള കോണ്‍ഗ്രസ് നേതാവ് ജോസഫ് എം പുതുശ്ശേരി ആരോപിച്ചു.

ഇതു സംബന്ധിച്ച്‌ ലോകായുക്തയില്‍ കേസ് വന്നപ്പോള്‍ പാര്‍ട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ട് കത്തിച്ചു കളഞ്ഞെന്നു സത്യവാങ്മൂലം നല്‍കിയതും സിപിഐ ആണ്. ഇതിലൂടെ ലോകത്ത് ഒരു പാര്‍ട്ടിക്കും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡ് സൃഷ്ടിച്ച്‌ ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ച പാര്‍ട്ടിയാണ് സിപിഐ. പാര്‍ട്ടിയുടെ അന്വേഷണ കമീഷന്‍ തന്നെ സ്ഥിരീകരിച്ച ഈ അഴിമതി തങ്ങള്‍ പുരപ്പുറത്ത് കയറി നിന്നു ഉദ്ഘോഷിക്കുന്ന ഏത് “ആദര്‍ശ പരിപ്രേഷ്യത്തില്‍”പ്പെട്ടതാണന്ന്, മറ്റുള്ളവര്‍ക്കു നേരെ വിരല്‍ ചൂണ്ടുന്നതിനു മുമ്ബ് സുധാകര്‍ റെഡ്ഡിയും കാനം രാജേന്ദ്രനും വിശദീകരിക്കണമെന്നും പുതുശ്ശേരി ആവശ്യപ്പെട്ടു.

അക്രമത്തിനെതിരായ സിപിഐയുടെ നിലപാടുകള്‍ പൊള്ളത്തരമാണ്. മൂന്നുദിവസത്തിനിടെ രണ്ടുപേരുടെ ജീവനെടുത്ത പാര്‍ട്ടിയാണ് സിപിഐ. ആത്മവഞ്ചന കലയും തൊഴിലുമാക്കി ആളുകളെ പറ്റിക്കാമെന്ന് കരുതേണ്ടെന്നും കേരള കോണ്‍ഗ്രസ് തുറന്നടിച്ചു.

കേരള കോണ്‍ഗ്രസ് ഒരു മുന്നണിയുടെയും പിറകെ പോയിട്ടില്ല. ആരോടും മുന്നണിയിലെടുക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടില്ല. എന്നിട്ടും സിപിഐ കേരള കോണ്‍ഗ്രസിനെതിരെ രംഗത്തുവരുന്നത് അവരുടെ അസ്തിത്വ ഭയം കൊണ്ടാണെന്നും കേരള കോണ്‍ഗ്രസ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

കേരള കോണ്‍ഗ്രസ് ലീഡര്‍ കെ എം മാണി അഴിമതിക്കാരന്‍ തന്നെയെന്ന് സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി ആവര്‍ത്തിച്ചിരുന്നു. അഴിമതിക്ക് വലിപ്പചെറുപ്പമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. മാണിക്കെതിരായ അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ ഉല്‍പ്പന്നമാണ് എല്‍ഡിഎഫ് സര്‍ക്കാരെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു. കെ എം മാണിയെ ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്തുന്നതിനെ സിപിഐ സംസ്ഥാന നേതൃത്വം കടുത്ത ഭാഷയില്‍ എതിര്‍ക്കുകയാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top