×

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ വിതരണം 20 നു തുടങ്ങും

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ കുടിശിക പ്രാഥമിക സഹകരണ ബാങ്കുകള്‍ മുഖേന ഈ മാസം 20 മുതല്‍ വിതരണം ചെയ്തു തുടങ്ങും. 28നകം പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. സഹകരണ സംഘം പ്രതിനിധികളുമായി ചര്‍ച്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

പെന്‍ഷന്‍ വിതരണത്തിനുള്ള സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന്റെ ഭാഗമാകാന്‍ 223 സംഘങ്ങള്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 832 കോടി രൂപ നല്‍കാന്‍ സംഘങ്ങള്‍ തയ്യാറായി മുന്നോട്ട് വന്നിടുണ്ട്. എന്നാല്‍ പെന്‍ഷന്‍ കുടിശിക നല്‍കാന്‍ 219.62 കോടി രൂപ മതി. 71 സഹകരണ സംഘങ്ങളെ ഇതിനായി കണ്ടെത്തിയിടുണ്ട്. പെന്‍ഷന്‍കാര്‍ പെന്‍ഷന്‍ വാങ്ങുന്ന ബാങ്കിന് സമീപമുള്ള സംഘങ്ങളില്‍ അക്കൗണ്ട് തുടങ്ങണം. ഇതുവഴിയാണ് പെന്‍ഷന്‍ വിതരണം ചെയ്യുക. 39,045 പെന്‍ഷന്‍കാരാണുള്ളത്. കൂടുതല്‍ പേര്‍ തിരുവനന്തപുരത്താണ്, 12266 പേര്‍. ഇവര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ 70.31 കോടി രൂപയാണ് ആവശ്യമുള്ളത്. വായ്പയെടുക്കുന്നതിന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിടുണ്ടെന്നും മന്ത്രി പറഞ്ഞു.

പെന്‍ഷന്‍ കുടിശിക ഏറ്റെടുത്തതിനാല്‍ കെ. എസ്. ആര്‍. ടി. സിക്കൊപ്പം സഹകരണ ബാങ്കുകളും തകരുമെന്ന തരത്തിലെ പരാമര്‍ശങ്ങള്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന് അടിസ്ഥാനമില്ല. സഹകരണ ബാങ്കുകളെ സംബന്ധിച്ച്‌ കെ. എസ്. ആര്‍.ടി. സി നല്ല ഇടപാടുകാരനാണ്. നിലവില്‍ സഹകരണ സ്ഥാപനങ്ങളില്‍ നിന്ന് കെ. എസ്. ആര്‍. ടി. സി 600 കോടി രൂപ വായ്പ എടുത്തിട്ടുണ്ട്. ഇത് കൃത്യമായി തിരിച്ചടയ്ക്കുന്നുമുണ്ട്. കെ. എസ്. ആര്‍. ടി. സിയെ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. ആറു മാസത്തിനുള്ളില്‍ തുക ബാങ്കുകള്‍ക്ക് തിരികെ നല്‍കും. പത്തു ശതമാനം പലിശ ലഭിക്കുന്നതിനാല്‍ സഹകരണ ബാങ്കുകളെ സംബന്ധിച്ച്‌ ഇത് ലാഭകരമായ ബിസിനസാണെന്ന് മന്ത്രി പറഞ്ഞു.

ദര്‍ബാറില്‍ ഹാളലാണ് യോഗം നടന്നത്. പത്ത് ശതമാനം പലിശ സഹിതം യഥാസമയത്ത് വായ്പാത്തുക പ്രാഥമിക സംഘങ്ങള്‍ക്ക് മടക്കി നല്‍കുമെന്ന് സഹകരണ വകുപ്പ് സെക്രട്ടറി പി.വേണുഗോപാല്‍ സഹകരണ സംഘം ഭാരവാഹികളെ അറിയിച്ചു. സഹകരണ സംഘം രജിസ്ട്രാര്‍ ഡോ. ഡി. സജിത് ബാബു ഐഎഎസ്, സംസ്ഥാന സഹകരണ ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ ഇ. ദേവദാസ്, പതിനാല് ജില്ലകളിലെ ജോയിന്റ് രജിസ്ട്രാര്‍മാരും, ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍മാര്‍, പ്രാഥമിക സഹകരണ സംഘങ്ങളുടെ പ്രസിഡന്റുമാര്‍, ചീഫ് എക്സിക്യൂട്ടിവുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

കുടിശിക വിതരണം ഇങ്ങനെ

*4 ജില്ലകളിലെ 24 സംഘങ്ങളില്‍ നിന്ന് മാത്രം പണം സമാഹരിക്കും
*കോഴിക്കോട് ജില്ലയിലെ 14 സംഘങ്ങളില്‍ നിന്നായി 140 കോടി രൂപ
* എറണാകുളം ജില്ലയിലെ 4 സംഘങ്ങളില്‍ നിന്ന് 50 കോടി രൂപ
* പാലക്കാട് ജില്ലയിലെ 3 സംഘങ്ങളില്‍ നിന്ന് 30 കോടി രൂപയും
* തിരുവനന്തപുരം ജില്ലയിലെ 3 സംഘങ്ങളില്‍ നിന്ന് 30 കോടി രൂപ
* ആകെ 250 കോടി രൂപയാണ് കണ്‍സോര്‍ഷ്യം ഇപ്രകാരം ആദ്യം സമാഹരിക്കുന്നത്.
* 219 കോടി രൂപയാണ് പെന്‍ഷന്‍കാരുടെ കുടിശ്ശിക തീര്‍ക്കാന്‍ വേണ്ടത്.
* തുടര്‍മാസങ്ങളില്‍ കൃത്യമായി പെന്‍ഷന്‍ തുക അതാത് സഹകരണ ബാങ്കുകളിലെ കെഎസ്‌ആര്‍ടിസി പെന്‍ഷന്‍കാരുടെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കും.
# ആകെ പെന്‍ഷന്‍കാരുടെ എണ്ണം- 39045

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top