×

മധുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിക്കുക; മാവോയിസ്റ്റ് ലഘുലേഖ

കല്‍പറ്റ: ആദിവാസി യുവാവ് മധു അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദനത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിക്കാന്‍ മാവോയിസ്റ്റുകളുടെ ആഹ്വാനം.

ആദിവാസി സമൂഹത്തിന് നേരെയുള്ള മലയാളി വംശീയ കടന്നാക്രമണത്തെ ചെറുക്കുക, മധുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിക്കുക എന്ന തലക്കെട്ടോടെ വയനാട് പ്രസ് ക്ലബിലും പരിസരത്തും തിങ്കളാഴ്ച രാവിലെയാണ് പത്ര പ്രസ്താവനക്കുറിപ്പുകള്‍ ലഭിച്ചത്.

ജോഗി, വക്താവ്, സി.പി.ഐ (മാവോയിസ്റ്റ്) എന്ന പേരിലാണ് വാര്‍ത്തക്കുറിപ്പ്.

അട്ടപ്പാടിയില്‍ കടുകമണ്ണ ഊരിലെ മധുവിനെ കൊലചെയ്ത നടപടി ആദിവാസി സമൂഹത്തിനുമേലുള്ള അത്യന്തം ക്രൂരമായ മലയാളി വംശീയതയുടെ ആധിപത്യമാണ് പ്രകടമാക്കുന്നത്. ഇതില്‍ മുഴുവന്‍ ജനാധിപത്യ പുരോഗമന ശക്തികളും പ്രതിഷേധിക്കണം. നൂറുകണക്കിന് ആദിവാസികള്‍ ഇത്തരത്തില്‍ അട്ടപ്പാടിയിലും കേരളത്തിന്റെ മറ്റ് ആദിവാസി മേഖലകളിലും വംശീയ കടന്നാക്രമണത്തിന്റെ ഭാഗമായി മലയാളികളാല്‍ കൊലചെയ്യപ്പെട്ടിട്ടുണ്ട്.

ദൈനംദിന ജീവിതത്തില്‍ കേരളത്തില്‍ ആദിവാസി ജനത മലയാളി വംശീയതയുടെ ബഹുമുഖമായ തോതിലുള്ള കടന്നാക്രമണത്തിന് വിധേയരാകുകയാണ്. ഒരു പരിഷ്കൃത സമൂഹമെന്ന് അഹങ്കരിക്കുന്ന കേരളീയ സമൂഹത്തിന്റെ യഥാര്‍ഥ പിന്തിരിപ്പന്‍ മുഖമാണ് മലയാളികള്‍ ഇത്തരത്തില്‍ അനാവരണം ചെയ്യുന്നത്.

കക്ഷി -രാഷ്ട്രീയ കൊലപാതകത്തില്‍ മത്തുപിടിച്ചു മനുഷ്യാവകാശങ്ങള്‍ ചവിട്ടിമെതിക്കുന്ന സി.പി.എമ്മും മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളും ഇത്തരം സംഭവങ്ങള്‍ ആകസ്മികതയായിട്ടാണ് ചിത്രീകരിക്കുന്നതെന്നും ഇത് ആക്രമണ വാഴ്ചയെ വെള്ളപൂശുന്ന വംശീയ സമീപനമാണെന്നും വാര്‍ത്തക്കുറിപ്പില്‍ ആരോപിക്കുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top