×

മാണിയെ പ്രോസിക്യുട്ട് ചെയ്യാന്‍ വിജിലന്‍സിന് താത്പര്യം ഇല്ലെന്ന് കാട്ടി പരമോന്നത കോടതിയെ സമീപിച്ചത് നോബിള്‍ മാത്യു

തിരുവനന്തപുരം: കെ എം മാണിയാണ് ഇപ്പോള്‍ കേരളത്തിലെ ചൂടുള്ള രാഷ്ട്രീയ വിഷയം. ബാര്‍കോഴ കേസ് ആയുധമാക്കി യുഡിഎഫിനെ ഭരണത്തില്‍ നിന്നും താഴെയിറക്കിയ സിപിഎം തന്നെ ഇപ്പോള്‍ മാണിയെ ഇടതു മുന്നണിയിലേക്ക് ക്ഷണിച്ചു കൊണ്ടുവരാന്‍ കച്ചകെട്ടി നില്‍ക്കുന്നു. ഈ തീരുമാനത്തെ എതിര്‍ത്തു കൊണ്ട് രംഗത്തുള്ളത് സിപിഐയാണ്. എന്നാല്‍, സിപിഐയുടെ എതിര്‍പ്പിനെയും മറികടന്ന് മാണിയെ മുന്നണിയിലെത്തിക്കാന്‍ വേണ്ടി പച്ചക്കൊടി കാട്ടാന്‍ തൃശ്ശൂരില്‍ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ തീരുമാനം ഉണ്ടായേക്കും. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ തൃശ്ശൂര്‍ സമ്മേളനത്തില്‍ ഉണ്ടായേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവരുമ്ബോള്‍ തന്നെ നിര്‍ണായക ഒരു നീക്കം ഡല്‍ഹിയില്‍ ഉണ്ടായി.

കെഎം മാണി ഉള്‍പ്പെട്ട ബാര്‍ കോഴ കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന കമ്മറ്റി അംഗം നോബിള്‍ മാത്യു നല്‍കിയ ഹര്‍ജി സുപ്രിം കോടതി നാളെ പരിഗണിക്കും. ബാര്‍കോഴയില്‍ നിന്നും മാണിയെ കുറ്റവിമുക്തനാക്കിയാലും കെഎം മാണിക്ക് മേല്‍ കുരുക്കായി സിബിഐ വരുമോ എന്ന ആശങ്ക ഇതോടെ കേരളാ കോണ്‍ഗ്രസ് കേന്ദ്രങ്ങളിലും സജീവമായി. ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയി, ആര്‍ ഭാനുമതി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

നിലവില്‍ ബാര്‍ കോഴ കേസ് അന്വേഷിക്കുന്നത് സംസ്ഥാന വിജിലിന്‍സാണ്. മാണിയെ പ്രോസിക്യുട്ട് ചെയ്യാന്‍ വിജിലന്‍സിന് താത്പര്യം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നോബിള്‍ മാത്യു സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്. കെഎം മാണി കേരള രാഷ്ട്രീയത്തിലെ പ്രധാനപ്പെട്ട നേതാവും, നാല് തവണ സംസ്ഥാനത്ത് മന്ത്രിയായിരുന്ന വ്യക്തിയുമാണ്. മാണിക്ക് എതിരെ സംസ്ഥാന ഏജന്‍സികള്‍ നടത്തുന്ന അന്വേഷണം നിഷ്പക്ഷമായിരിക്കില്ല. പൊതു ജനങ്ങള്‍ക്കിടയില്‍ അത് ഒരു വിശ്വാസ്യതയും ഉണ്ടാകില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബാര്‍ കോഴ കേസില്‍ നടക്കുന്ന അന്വേഷണം അവസാനിക്കാന്‍ ഒന്നില്‍ അധികം തവണ വിജിലന്‍സ് നീക്കം നടത്തിയതാണ്.

എന്നാല്‍ കോടതികളുടെ ഫലപ്രദമായ ഇടപെടലുകള്‍ കാരണമാണ് കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ വിജിലന്‍സിന് കഴിയാത്തതെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ബാര്‍ കോഴ കേസില്‍ തുടരന്വേഷണം നടക്കുന്നതിനാല്‍ ഈ ഘട്ടത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് കാണിച്ച്‌ നോബിള്‍ മാത്യുവിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. വിജിലന്‍സ് റിപ്പോര്‍ട്ടില്‍ എന്തങ്കിലും ആക്ഷേപം ഉണ്ടെങ്കില്‍ ഹര്‍ജിക്കാരന് വിചാരണക്കോടതിയെ സമീപിക്കാമെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നോബിള്‍ സമര്‍പ്പിച്ച ഹര്‍ജയില്‍ പൊതുതാല്‍പ്പര്യമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

കെഎം മാണി ബാറുടമകളില്‍നിന്ന് ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന കേസാണ് വിജിലന്‍സ് അന്വേഷിച്ചിരുന്നത്. 148 ബാറുകള്‍ തുറക്കാന്‍ മാണി അഞ്ചു കോടി ആവശ്യപ്പെട്ടെന്നാണു ബാര്‍ ഉടമയായ ബിജു രമേശിന്റെ ആരോപണം. എന്നാല്‍ ബാര്‍ കോഴക്കേസില്‍ സാഹചര്യത്തെളിവുകളോ ശാസ്ത്രീയത്തെളിവുകളോ കണ്ടെത്താനായിട്ടില്ലെന്നാണ് വിജിലിന്‍സിന്റെ കണ്ടെത്തല്‍ എന്നാണ് സൂചന. മാണി കോഴ വാങ്ങിയതിനും തെളിവില്ല.

കേസിലെ പരാതിക്കാരനായ ബിജു രമേശ് തെളിവായി ഹാജരാക്കിയ സിഡിയില്‍ കൃത്രിമമുണ്ടെന്നു ഫൊറന്‍സിക് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ടെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സംസ്ഥാന വിജിലിന്‍സ് വ്യക്തമാക്കിയിട്ടുണ്ടെന്നാണ് സൂചന. മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, മന്ത്രി വി എസ് സുനില്‍കുമാര്‍, ബാറുടമ ബിജു രമേശ്, ബിജെപി നേതാവ് വി മുരളീധരന്‍ എന്നിവരുടെ പരാതിയിലാണു വിജിലന്‍സ് അന്വേഷണം നടത്തിയത്.

മാണിയുടെ ഇടത് മുന്നണി പ്രവേശനം സംബന്ധിച്ച്‌ തൃശൂരില്‍ നടക്കുന്ന സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ ചര്‍ച്ചകള്‍ ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ബാര്‍ കോഴ കേസ് സുപ്രിം കോടതിയുടെ പരിഗണനയ്ക്കെത്തുന്നതെന്നും ശ്രദ്ധേയമാണ്. മാണിയെ മുന്നണിയില്‍ എടുക്കുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുമ്ബോഴേക്കും സുപ്രീം കോടതിയില്‍ കേസ് പരിഗണിക്കുകുയം ചെയ്യും.

അതേസമയം സിപിഐ ഇപ്പോഴും ശക്തമായ എതിര്‍പ്പാണ് മാണിയുടെ കാര്യത്തില്‍ നടത്തുന്നത്. കെ.എം. മാണിയെ ഒപ്പംകൂട്ടാന്‍ തയ്യാറെടുക്കുന്ന സിപിഎമ്മിനെ യുഡിഎഫിന്റെ ബജറ്റ് ദിനത്തിലെ കാര്യങ്ങള്‍ ഓര്‍മപ്പെടുത്തി സിപിഐ. മാണിക്കെതിരെ ഇടതുമുന്നണി മുന്‍പ് പുറത്തിറക്കിയ ലഘുലേഖ, നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചാണ് സിപിഐയുടെ നീക്കം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top