×

55 വര്‍ഷം ഭരിച്ചവര്‍ എന്തുചെയ്തു; അമിത് ഷായുടെ പാര്‍ലമെന്റിലെ കന്നിപ്രസംഗം

രാജ്യസഭയില്‍ അമിത് ഷായുടെ പ്രസംഗം

ദില്ലി: പ്രതിപക്ഷമായ കോണ്‍ഗ്രസിനെ വിമര്‍ശിച്ച്‌ രാജ്യസഭയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ കന്നി പ്രസംഗം. രാജ്യത്തെ തൊഴിലില്ലായ്മയുടെ പേരിലാണ് കോണ്‍ഗ്രസിനെ അമിത് ഷാ വിമര്‍ശിച്ചത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ ഗുജറാത്തില്‍ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ആദ്യമായാണ് ഷായ്ക്ക് പാര്‍ലമെന്റില്‍ പ്രസംഗിക്കാന്‍ അവസരം ലഭിക്കുന്നത്.

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി പറയാനായിരുന്നു അമിത് ഷാ തന്റെ കന്നിപ്രസംഗം നടത്തിയത്. എന്നാല്‍ പ്രസംഗത്തിലുടനീളം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി സര്‍ക്കാരിനെയും സ്തുതിപാടുന്നതിനാണ് അമിത് ഷാ ശ്രമിച്ചത്.

രാജ്യത്ത് തൊഴിലില്ലായ്മയുണ്ടെന്ന് പറഞ്ഞ അമിത് ഷാ ഇത് പരിഹരിക്കാന്‍ രാജ്യം 55 വര്‍ഷം ഭരിച്ച കോണ്‍ഗ്രസ് എന്താണ് ചെയ്തതെന്ന് ചോദിച്ചു. തൊഴിലില്ലായ്മക്ക് ഉത്തരവാദികള്‍ കോണ്‍ഗ്രസാണ്. പണിയൊന്നുമില്ലാതെ ഇരിക്കുന്നതിലും ഭേദമാണ് പക്കോഡ വില്‍ക്കുന്നത്. നേരത്തെ പക്കോഡ വില്‍പ്പനകാരനെ യാചകനോട് ഉപമിച്ച മുന്‍ ധനമന്ത്രി പി ചിദംബരത്തെ വിമര്‍ശിച്ച്‌ അമിത് ഷാ പറഞ്ഞു. പക്കോഡ കച്ചവടക്കാരനെ യാചകനാക്കിയ ചിദംബരത്തിന്റെ മനോഭാവത്തെയും അമിത് ഷാ ചോദ്യം ചെയ്തു.

കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ പരിരക്ഷ പദ്ധതിയായ ആയുഷ്മാന്‍ ഭാരതിനെ വിമര്‍ശിച്ചവര്‍ പോലും ഇപ്പോള്‍ അതിനെ നമോഹെല്‍ത്ത് കെയര്‍ എന്നു വിളിക്കുന്നു. രാജ്യത്ത് ജിഎസ്ടി നടപ്പാക്കാനാകുമെന്ന് ആരും വിചാരിച്ചില്ല. ബിജെപി ഒരിക്കലും ജിഎസ്ടിയെ എതിര്‍ത്തിരുന്നില്ല. അത് നടപ്പാക്കുന്ന രീതിയെ ആണ് എതിര്‍ത്തിരുന്നത്. കോണ്‍ഗ്രസ് കൊണ്ടുവന്ന ജിഎസ്ടി ഫെഡറല്‍ സംവിധാനത്തിനു തന്നെ ദോഷമായിരുന്നു. ചെറുകിട ബിസിനസുകളെ തകര്‍ക്കുന്നതായിരുന്നു. എന്നാല്‍ ബിജെപി സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പിലാക്കിയ ജിഎസ്ടി താന്‍ പഠിച്ചു. ഇതില്‍
ഒരു ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും അമിത് ഷാ പറഞ്ഞു.

സര്‍ജിക്കല്‍ സ്ട്രൈക്കിലൂടെ രാജ്യത്തിന്റെ ശക്തി ലോകം അറിഞ്ഞു. അമേരിക്കയേയും ഇസ്രയേലിനെയും പോലെ അതിര്‍ത്തി സംരക്ഷിക്കാനുള്ള കരുത്ത് ഇന്ത്യയ്ക്കുമുണ്ടെന്ന് ലോകം കണ്ടു. സര്‍ജിക്കല്‍ സ്ട്രൈക്ക് ചരിത്ര നിമിഷമായിരുന്നു. കഴിഞ്ഞ 35 വര്‍ഷത്തില്‍ കശ്മീര്‍ ഇപ്പോഴാണ് ഏറ്റവും സുരക്ഷിതം. ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഭീകരരും തീവ്രവാദികളും അഴിക്കുള്ളിലായി.

മുത്തലാഖ് ബില്ലിനേയും അമിത് ഷാ പ്രകീര്‍ത്തിച്ചു. അവകാശങ്ങള്‍ക്കു വേണ്ടി മുസ്ലീം സ്ത്രീകള്‍ കോടതികള്‍ കയറിയിറങ്ങുകയാണ്. ഷാ ബാനു കേസില്‍ കോടതി ഒരു ഉത്തരവ് നല്‍കിയെങ്കിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ അതിനെ ഒരു നിയമത്തിലൂടെ മറികടന്നു. ഇപ്പോള്‍ ബില്‍ രാജ്യസഭയില്‍ കുടുങ്ങിക്കിടക്കുകയാണ്. കോണ്‍ഗ്രസിന് എതിര്‍പ്പില്ലെങ്കില്‍ ബില്‍ നാളെത്തന്നെ പാസാക്കാനാകുമെന്നും ഷാ വ്യക്തമാക്കി.

മുപ്പത് വര്‍ഷത്തിനു ശേഷമാണ് ഒരു കക്ഷിക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കുന്നത്. ഇത് ബിജെപിക്ക് കിട്ടിയ ചരിത്ര വിജയമാണ്. സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായാണ് ഒരു കോണ്‍ഗ്രസ് ഇതര സര്‍ക്കാരിന് ജനങ്ങളുടെ പൂര്‍ണ്ണ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനാവുന്നത്. ഭൂരിപക്ഷമുണ്ടായിട്ടും എന്‍ഡിഎ കക്ഷികളെ കൂടി സഹകരിപ്പിച്ചാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. മഹാത്മാ ഗാന്ധിയുടെയും ദീന്‍ ദയാല്‍ ഉപാധ്യായയുടേയും തത്വങ്ങളിലാണ് ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളുടെ ഉന്നമനത്തിനു വേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഈ സര്‍ക്കാര്‍ ജന്‍ ധന്‍ യോജന കൊണ്ടുവന്നു. ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും അതുവഴി ബാങ്ക് അക്കൗണ്ട് ഉറപ്പാക്കാന്‍ കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഹ്വാനം ഉള്‍ക്കൊണ്ട് സമ്ബന്നര്‍ ദരിദ്രര്‍ക്കു വേണ്ടി പാചക വാതക സബ്സിഡി ഉപേക്ഷിച്ചു. ആര്‍ക്കെങ്കിലും വേണ്ടി എന്തെങ്കിലും ഉപേക്ഷിക്കുന്നത് ആദ്യമായാണ്.

സര്‍ക്കാരിന്റെ ‘സ്വച്ഛ് ഭാരത് അഭിയാന്‍’ പദ്ധതിയെയും അമിത് ഷാ പുകഴ്ത്തി. ആഡംബര വസതികളില്‍ കഴിയുന്നവര്‍ക്ക് വീടുകളില്‍ ശൗചാലയമില്ലാത്തവരുടെ അവസ്ഥ പറഞ്ഞാല്‍ മനസ്സിലാകില്ല. വെളിയിട വിസര്‍ജ്ജനത്തിന് പോകേണ്ടിവരുന്നത് പെണ്‍കുട്ടികളുടെ ആത്മവിശ്വാസം തന്നെ ഇല്ലാതാക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.

കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 19 നാണ് അമിത് ഷാ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തത്. ഗുജറാത്തില്‍ നിന്ന് ഏറെ ശ്രദ്ധേയമായ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി, കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയംഗം അഹമ്മദ് പട്ടേല്‍ എന്നിവര്‍ക്കൊപ്പമാണ് അമിത് ഷാ രാജ്യസഭയിലേക്ക് തെരഞ്ഞടുക്കപ്പെട്ടത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top