×

സിപിഎം ജില്ലാ സെക്രട്ടറി വാ തുറക്കണം : – കെ കെ ശിവരാമന്‍

തൊടുപുഴ: സിപിഐ ഇടുക്കി ജില്ലാ സമ്മേളനം ഫെബ്രുവരി 10 മുതല്‍ 14 വരെ വൈവിധ്യമാര്‍ന്ന പരിപാടികളോടെ നെടുങ്കണ്ടത്ത്‌ നടക്കുമെന്ന്‌ സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമനും സ്വാഗതസംഘം ചെയര്‍മാന്‍ സി കെ കൃഷ്‌ണന്‍കുട്ടിയും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


തൊടുപുഴ : സിപിഎം- സിപിഐ തമ്മില്‍ കടുത്ത തര്‍ക്കങ്ങള്‍ ഇല്ലെന്നും കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട്‌ എല്‍ഡിഎഫ്‌ നയത്തില്‍ നിന്നും പിന്‍മാറുന്ന സാഹചര്യങ്ങളില്‍ മാത്രമാണ്‌ തര്‍ക്കമെന്ന്‌ സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ പറഞ്ഞു. എന്നാല്‍ സിപിഐ യെ പലപ്പോഴും കടന്നാക്രമിക്കുന്ന നിലപാട്‌ സിപിഎമ്മിലെ ഒരു നേതാവ്‌ എല്ലായ്‌പ്പോഴും സ്വീകരിക്കാറുണ്ട്‌. ഇത്‌ അവരുടെ പാര്‍ട്ടി നിലപാടാണെന്ന വിശ്വാസമില്ല. ഇക്കാര്യത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ നിലപാട്‌ വ്യക്തമാക്കാന്‍ തയ്യാറാകണമെന്നും വാര്‍ത്താ ലേഖകരുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടിയായി അദ്ദേഹം വ്യക്തമാക്കി. ഇടുക്കി ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

2015 ഫെബ്രുവരി 9-13 വരെ തൊടുപുഴയില്‍ വച്ചാണ്‌ കഴിഞ്ഞ ജില്ലാ സമ്മേളനം നടന്നത്‌. ജില്ലയിലെവിടെയും അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിച്ച മൂന്നു വര്‍ഷങ്ങളാണ്‌ പിന്നിട്ടത്‌. പാര്‍ട്ടി മെമ്പര്‍ഷിപ്പിലും ബ്രാഞ്ച്‌ ലോക്കല്‍ കമ്മിറ്റികളുടെ എണ്ണത്തിലും ഗണ്യമായ വളര്‍ച്ചഉണ്ടായി. വര്‍ഗ്ഗ ബഹുജന സംഘടനാ രംഗത്തും വന്‍ വളര്‍ച്ച നേടി. എഐടിയുസിയില്‍ അഫിലയേറ്റ്‌ ചെയ്‌തു പ്രവര്‍ത്തിക്കുന്ന വിവിധ യൂണിയനുകളിലായി 60,000 മെമ്പര്‍മാരുണ്ട്‌. കര്‍ഷക തൊഴിലാളി യൂണിയന്‍, അഖിലേന്ത്യാ കിസാന്‍സഭ, കേരള മഹിളാ സംഘം, എഐവൈഎഫ്‌, എഐഎസ്‌എഫ്‌ എന്നീ സംഘടനകളിലായി 95000 മെമ്പര്‍മാരുണ്ട്‌.
ജനങ്ങളെ ബാധിക്കുന്ന എല്ലാ ജനകീയ പ്രശ്‌നങ്ങളിലും, ഭൂ പ്രശ്‌നങ്ങളിലും കൃത്യമായ നിലപാട്‌ സ്വീകരിക്കുവാന്‍ സിപിഐയ്‌ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. സംസ്ഥാനത്ത്‌ ഉയര്‍ന്നു വരുന്ന വിവിധ രാഷ്‌ട്രീയ പ്രശ്‌നങ്ങളില്‍ സിപിഐ എടുക്കുന്ന ശരിയായ നിലപാടിന്‌ ജനങ്ങളുടെ വന്‍ പിന്തുണ ലഭിക്കുന്നുണ്ട്‌. ജില്ലയിലെ ഭൂപ്രശ്‌നങ്ങളില്‍ സിപിഐ സ്വീകരിക്കുന്ന ശരിയായ നിലപാട്‌ മുന്നണിയില്‍ തന്നെ ചിലരെ പ്രകോപിതരാക്കുന്നുണ്ട്‌. അതുകൊണ്ട്‌ തന്നെ സിപിഐയ്‌ക്കെതിരെ കള്ളക്കഥകള്‍ പറഞ്ഞും പ്രചരിപ്പിച്ചും ഈ പാര്‍ട്ടിയെ തകര്‍ക്കാനുള്ള ശ്രമങ്ങളും അവര്‍ നടത്തുന്നുണ്ട്‌.
2004 ലെ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത്‌ കുറ്റിയാര്‍ വാലിയില്‍ പട്ടയം നല്‍കിയ 2400 പേര്‍ക്ക്‌ ഇനിയും ഭൂമി ലഭിച്ചിട്ടില്ല. പെരിഞ്ചാംകുട്ടിയില്‍ നിന്ന്‌ കുടിയിറക്കപ്പെട്ട ആദിവാസികള്‍ 6 വര്‍ഷമായി സമരത്തിലായിരുന്നു. പെരിഞ്ചാംകുട്ടിയില്‍ ഇവര്‍ക്ക്‌ ഭൂമി നല്‍കാന്‍ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ തീരുമാനിച്ചുവെങ്കിലും നടന്നിട്ടില്ല. ഇത്തരം വിഷയങ്ങളെല്ലാം സമ്മേളനം ഗൗരവ്വമായി ചര്‍ച്ച ചെയ്യും.
ഏപ്രില്‍ 25 മുതല്‍ 29 വരെ കൊല്ലത്തു നടക്കുന്ന 23 -ാം പാര്‍ട്ടി കോണ്‍ഗ്രസിനും മാര്‍ച്ച്‌ 1 മുതല്‍ 4 വരെ മലപ്പുറത്ത്‌ നടക്കുന്ന സംസ്ഥാന സമ്മേളനത്തിനും മുന്നോടിയായിട്ടാണ്‌ ജില്ലാ സമ്മേളനം നടക്കുന്നത്‌. സമ്മേളനത്തില്‍ ചുവപ്പുസേനാ മാര്‍ച്ച്‌, ബഹുജന റാലി, പൊതുസമ്മേളനം, പ്രതിനിധി സമ്മേളനം, സാംസ്‌കാരിക സമ്മേളനം, ആദ്യകാല നേതാക്കളെ ആദരിക്കല്‍, സെമിനാറുകള്‍, കവിയരങ്ങ്‌, കലാപരിപാടികള്‍ എന്നിവ നടക്കും.
തൊടുപുഴയില്‍ കെ.എസ്‌ കൃഷ്‌ണപിള്ളയുടെ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും മാത്യു വര്‍ഗ്ഗീസ്‌ ഉദ്‌ഘാടനം ചെയ്‌ത്‌ കെ. സലിംകുമാര്‍ ക്യാപ്‌റ്റനായുള്ള പാതക ജാഥയും ഏലപ്പാറയില്‍ പി.എസ്‌ ഭാസ്‌കരന്റെ സ്‌മൃതിപണ്ഡപത്തില്‍ നിന്നും ഇ.എസ്‌ ബിജിമോള്‍ എംഎല്‍എ ഉദ്‌ഘാടനം ചെയ്‌ത്‌ ജോസ്‌ ഫിലിപ്പ്‌ ക്യാപ്‌റ്റനായുള്ള കൊടിമര ജാഥയും മൂന്നാറില്‍ പാപ്പമ്മാള്‍-ഹസന്‍ റാവുത്തര്‍ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും പി. മുത്തുപാണ്ടി ഉദ്‌ഘാടനം ചെയ്‌ത്‌ ജി.എന്‍ ഗുരുനാഥന്‍ ക്യാപ്‌റ്റനായുള്ള ജാഥയും കൂട്ടാറില്‍ സി.എം. ദാമോദരന്‍ നായര്‍ സ്‌മൃതി മണ്ഡപത്തില്‍ നിന്നും സി.എ ഏലിയാസ്‌ ഉദ്‌ഘാടനം ചെയ്‌ത്‌ ്‌പ്രിന്‍സ്‌ മാത്യു നേത്യത്വം നല്‍കുന്ന ദീപ ശിഖ ജാഥയും 10ന്‌ 4.30ന്‌ പടിഞ്ഞാറെക്കവല കേന്ദ്രികരിച്ച്‌ സംയുക്തമായി കിഴക്കേകവലയിലെ പഞ്ചായത്ത്‌ സ്‌റ്റേഡിയത്തില്‍ സംഗമിക്കും.
ദീപശിഖ സി.എ കുര്യനും പതാക കെ.കെ ശിവരാമനും കൊടിമരം പി.കെ സദാശിവനും ബാനര്‍ സി.യു ജോയിയും ഏറ്റുവാങ്ങും. തുടര്‍ന്ന്‌ സി.എ കുര്യന്‍ സമ്മേളന നഗരിയില്‍ ദീപം തെളിയിക്കും. സ്വഗത സംഘം ചെയര്‍മാന്‍ സി.കെ കൃഷ്‌ണന്‍കുട്ടി പതാക ഉയര്‍ത്തും. 11 ന്‌ ഉച്ചക്ക്‌ 2 ന്‌ ചുവപ്പുസേനാ മാര്‍ച്ചും ബഹുജനറാലിയും നടക്കും. 5 ന്‌ പഞ്ചായത്ത്‌ സ്റ്റേഡിയത്തില്‍ (സഖാവ്‌ എം. പി. ശ്രീധരന്‍പിള്ള നഗര്‍) പൊതുസമ്മേളനം നടക്കും. സമ്മേളനം സി. പി.ഐ കേന്ദ്ര സെക്രട്ടറിയേറ്റ്‌ അംഗം പന്ന്യന്‍ രവീന്ദ്രന്‍ ഉദ്‌ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി കെ. കെ. ശിവരാമന്‍ അധ്യക്ഷത വഹിക്കും. സ്വാഗതസംഘം ജനറല്‍ കവീനര്‍ പി.കെ സദാശിവന്‍ സ്വാഗതം പറയും, മുന്‍ റവന്യൂ വകുപ്പ്‌ മന്ത്രി കെ. പി. രാജേന്ദ്രന്‍, ദേശീയ കണ്‍ട്രോള്‍ കമ്മീഷനംഗം സി. എ. കുര്യന്‍, സി.പി.ഐ. ദേശീയ കൗണ്‍സില്‍ അംഗം ജെ. ചിഞ്ചുറാണി, സംസ്ഥാന എക്‌സിക്യൂട്ടീവ്‌ അംഗം പി. പ്രസാദ്‌, ഇ.എസ്സ്‌. ബിജിമോള്‍ എം. എല്‍.എ. തുടങ്ങിയവര്‍ സംസാരിക്കും. സ്വാഗത സംഘം ട്രഷറര്‍ സി.യു. ജോയി നന്ദി പറയും. വൈകിട്ട്‌ 8 ന്‌ പാണ്ഡവാസ്‌ കൊച്ചി അവതരിപ്പിക്കുന്ന നാടന്‍പാട്ടുകളുടെ ദൃശ്യാവിഷ്‌കരണവും വിപ്ലവഗാനങ്ങളും അടങ്ങിയ ‘മുടിയരങ്ങ്‌’ അരങ്ങേറും.
12 ന്‌ രാവിലെ 9 ന്‌ പ്രതിനിധി സമ്മേളനം ആരംഭിക്കും. സി.എ.കുര്യന്‍ പതാക ഉയര്‍ത്തും. സ്വാഗതസംഘം ചെയര്‍മാന്‍ സി. കെ. കൃഷ്‌ണന്‍കുട്ടി സ്വാഗതം പറയും. സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. വൈകിട്ട്‌ 5 ന്‌ നെടുങ്കണ്ടം വികസന സമിതി സ്റ്റേജില്‍ (ഇ. ചന്ദ്രശേഖരന്‍ നായര്‍ നഗര്‍) നവലിബറല്‍ നയങ്ങളും കാര്‍ഷികമേഖല നേരിടുന്ന പ്രശ്‌നങ്ങളും എന്ന വിഷയത്തില്‍ കാര്‍ഷിക സെമിനാര്‍ നടക്കും. അഖിലേന്ത്യാ കിസാന്‍ സഭ സംസ്ഥാന സെക്രട്ടറി മാത്യു വര്‍ഗ്ഗീസ്‌ മോഡിറേറ്ററായിരിക്കും. മുന്‍ റവന്യൂ വകുപ്പ്‌ മന്ത്രി കെ. പി. രാജേന്ദ്രന്‍ സെമിനാര്‍ ഉദ്‌ഘാടനം ചെയ്യും, കെ.കെ. ദേവസ്യ പ്രബന്ധാവതരണം നടത്തും.
അഡ്വ. ജോയ്‌സ്‌ ജോര്‍ജ്ജ്‌ എം.പി, സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍, ഇ. എം. ആഗസ്‌തി എക്‌സ്‌ എം.എല്‍.എ, പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തിലെ അസി. പ്രൊഫസര്‍ എം. കെ. ധന്യ തുടങ്ങിയവര്‍ ചര്‍ച്ച നയിക്കും. പി.എം ആന്റണി സ്വാഗതവും ജോയി അമ്പാട്ട്‌ നന്ദിയും പറയും. 7.30 ന്‌ കോമ്പയാര്‍ സംസ്‌കാര പോഷണി വായനശാലയിലെ ബാലവേദി അവതരിപ്പിക്കുന്ന കലാപരിപാടികള്‍ നടക്കും.
13 ന്‌ പ്രതിനിധി സമ്മേളനം തുടരും. വനം വകുപ്പ്‌ മന്ത്രി കെ. രാജു സമ്മേളനത്തില്‍ അഭിവാദ്യം ചെയ്യും. വൈകിട്ട്‌ 4 ന്‌ ആദ്യകാല നേതാക്കളെ ആദരിക്കും. സി. കെ. കൃഷ്‌ണന്‍കുട്ടി അധ്യക്ഷത വഹിക്കും. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേതാക്കളെ ആദരിക്കും. എ.ഐ.റ്റി.യു.സി. സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ വാഴൂര്‍ സോമന്‍, കട്ടപ്പന മണ്ഡലം സെക്രട്ടറി വി. ആര്‍ ശശി തുടങ്ങിയവര്‍ സംസാരിക്കും. ജില്ലാ അസിസ്റ്റന്റ്‌ സെക്രട്ടറി പി. മുത്തുപാണ്ടി സ്വാഗതവും ജയ മധു നന്ദിയും പറയും.
വൈകിട്ട്‌ 6 ന്‌ സാംസ്‌കാരിക സമ്മേളനവും കവിയരങ്ങും നടക്കും. ജിജി കെ ഫിലിപ്പ്‌ അധ്യക്ഷത വഹിക്കും. സിനിമാ സംവിധായകന്‍ വിനയന്‍ സമ്മേളനത്തിന്റെ ഉദ്‌ഘാടനവും യുവകലാ സാഹിതി സംസ്ഥാന പ്രസിഡന്റ്‌ ആലങ്കോട്ട്‌ ലീലാകൃഷ്‌ണന്‍ മുഖ്യ പ്രഭാഷണവും നടത്തും.
ഡോ. കെ. സോമന്‍, കെ.ആര്‍ രാമചന്ദ്രന്‍, ആന്റണി മുനിയറ, സുകുമാര്‍ അരിക്കുഴ, പ്രിന്‍സ്‌ മാത്യു, സുഗതന്‍ കരിവാറ്റ, കെ.പി അനില്‍, അഡ്വ. വി.എസ്‌ അഭിലാഷ്‌, ഇ.എസ്‌ ബിജിമോള്‍, സന്ദിപ്‌ രാജക്കാട്‌, ടി.എം ഗാന്ധി, ജോയി തൊമ്മന്‍കുത്ത്‌, കെ.ജെ. ജോയ്‌സ്‌ കെ.ആര്‍ രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. ലേഖന, കവിത മത്സര വിജയികള്‍ക്ക്‌ സമ്മാനദാനം നടത്തും. എം.ബി. ഷിജികുമാര്‍ സ്വഗതവും അജീഷ്‌ മുതുകുന്നേല്‍ നന്ദിയും പറയും. 14 ന്‌ രാവിലെ 10 ന്‌ പ്രതിനിധി സമ്മേളനം തുടരും. റവന്യൂ വകുപ്പ്‌ മന്ത്രി ഇ. ചന്ദ്രശേഖരന്‍ സമ്മേളനത്തില്‍ സംസാരിക്കും. 12 ന്‌ ചര്‍ച്ചക്കുള്ള മറുപടിക്കും തെരഞ്ഞെടുപ്പിനും ശേഷം 14 ന്‌ വൈകിട്ട്‌്‌ 4 ന്‌ സമ്മേളനം സമാപിക്കും.

സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ മാത്യു വര്‍ഗീസ്‌, കെ സലിംകുമാര്‍, തൊടുപുഴ താലൂക്ക്‌ സെക്രട്ടറി പി പി ജോയി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top