×

യാക്കോബായ വിശ്വാസ പ്രഖ്യാപന സമ്മേളനത്തെ ആവേശത്തോടെ ഏറ്റെടുത്ത് വിശ്വാസികള്‍

കൊച്ചി : യാക്കോബായ, ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ സഹോദരസഭകളായി വിഴിപിരിയുകയാണ് ഉചിതമെന്ന് ആഹ്വാനം ചെയ്ത് യാക്കോബായ സുറിയാനി സഭയുടെ വിശ്വാസപ്രഖ്യാപനസമ്മേളനം. ഓര്‍ത്തഡോക്സ് വിഭാഗത്തിന് അനുകൂലമായ സുപ്രീംകോടതി വിധി മാനിക്കില്ലെന്നും വ്യക്തമാക്കിയാണ് സമ്മേളനം അവസാനിക്കുന്നത്.

വിശ്വാസപരവും ആചാരപരവുമായ കാര്യങ്ങളില്‍ കോടതികള്‍തീര്‍പ്പുകല്‍പ്പിക്കുന്നത് ഖേദകരമാണെന്ന് സമ്മേളനം അംഗീകരിച്ച പ്രതിഷേധപ്രമേയത്തില്‍ പറഞ്ഞു. ഭരണഘടന അംഗീകരിക്കുന്ന മൗലികാവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമായാണ് കോടതികള്‍ നടത്തുന്നതെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. അത്തരം കല്‍പ്പനകള്‍ അംഗീകരിക്കില്ല. വിശ്വാസങ്ങളും ആചാരങ്ങളും നിഷേധിക്കാനും ദേവാലയങ്ങള്‍ പിടിച്ചടക്കാനുമുള്ള ശ്രമങ്ങള്‍ക്കെതിരെ ചെറുത്തുനില്‍പ്പ് ശക്തമായി തുടരും. വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് യാക്കോബായ സുറിയാനി സഭയുടെ ആരാധനാസ്വാതന്ത്ര്യവും മൗലികാവകാശവും സംരക്ഷിക്കണമെന്ന് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളോട് പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന വിശ്വാസപ്രഖ്യാപനസമ്മേളനവും പാത്രിയാര്‍ക്കാദിനാചരണവും ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവായുടെ പ്രതിനിധിയും ലക്സംബര്‍ഗ് ആര്‍ച്ച്‌ബിഷപ്പുമായ ജോര്‍ജ് ഖൂറി ഉദ്ഘാടനംചെയ്തു. പാത്രിയാര്‍ക്കീസ് ബാവായുടെ വീഡിയോസന്ദേശം സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. കൂനന്‍കുരിശില്‍ ആലാത്തുകള്‍ കെട്ടിയ പൂര്‍വികര്‍ അക്കാലത്ത് സ്വീകരിക്കാത്ത വിശ്വാസങ്ങളൊന്നും ഇന്ന് അവരുടെ പിന്മുറക്കാര്‍ സ്വീകരിക്കേണ്ടതില്ലെന്നും പൗരാണികസഭയുടെ ആരാധനാപാരമ്ബര്യം മുറുകെപ്പിടിക്കാനും വീഡിയോസന്ദേശത്തില്‍ പറഞ്ഞു.

2017 ജൂലൈ മൂന്നിനുശേഷം യാക്കോബായ സഭയ്ക്ക് ചില ദേവാലയങ്ങള്‍ നഷ്ടമായി. ആരാധനാവകാശം നിഷേധിക്കപ്പെട്ടതിനൊപ്പം വിശ്വാസികള്‍ മര്‍ദിക്കപ്പെട്ടുവെന്നത് ഖേദകരമാണ്. ഇന്ത്യയില്‍ സുറിയാനിസഭയുടെ ഇരുവിഭാഗങ്ങളിലുമുള്ളവര്‍ പരസ്പരം സഹവര്‍ത്തിത്വവും സമാധാനവും ആഗ്രഹിക്കുന്നു. എന്നാല്‍, സഭയ്ക്കകത്തെ ഈ അനുരഞ്ജനം നീതിയും അന്തസ്സും ഉള്‍ച്ചേര്‍ന്നാല്‍ മാത്രമേ സാധ്യമാകൂ. യാക്കോബായസഭ അനുരഞ്ജന ചര്‍ച്ചകള്‍ക്കായി മെത്രാന്‍സമിതിയെ നിയോഗിച്ചിരുന്നു.

എന്നാല്‍, സമാധാനശ്രമങ്ങളോട് മറുപക്ഷം പ്രതികരിച്ചില്ല. മെത്രാന്‍സമിതിയെയും നിയോഗിച്ചില്ല. ഈ വിഷയത്തില്‍ ‘ദേവലോക’സഭ കാട്ടിയ വിമുഖത നിരാശപ്പെടുത്തുന്നതാണ്. ഈ അനാസ്ഥയോടുള്ള പ്രതികരണം ഇനിയും തുടരണം. ദേവാലയങ്ങള്‍ കൈവശപ്പെടുത്താനും വികാരിമാരെ നിയമിക്കാനും നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ, അമര്‍ഷം പ്രകടിപ്പിക്കുമ്ബോള്‍ അതില്‍നിന്നു വിശ്വാസികളെ തടയാന്‍ ആര്‍ക്കും അവകാശമില്ലെന്നും പാത്രിയാര്‍ക്കീസ് ബാവായുടെ സന്ദേശത്തില്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top