×

വിരമിക്കാന്‍ ആറു മാസം മാത്ര; സെബാസ്റ്റ്യന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: മഹാത്മഗാന്ധി സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ബാബു സെബാസ്റ്റ്യന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി. വിസി ആവാന്‍ സര്‍വ്വകലാശാല അനുശാസിക്കുന്ന യോഗ്യത ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബാബു സെബാസ്റ്റ്യനെ കോടതി അയോഗ്യനാക്കിയത്. വിസിയുടെ യോഗ്യത ചോദ്യം ചെയ്ത് ടി ആര്‍ പ്രേംകുമാര്‍ സമര്‍പ്പിച്ച റിട്ടിലാണ് കോടതി വിധി ഉണ്ടായത്.

വൈസ് ചാന്‍സലറാകാന്‍ സെര്‍ച്ച്‌ കമ്മിറ്റി മൂന്ന് പേരെ നിര്‍ദേശിക്കുകയും അതില്‍നിന്ന് ഒരാളെ ചാന്‍സലറായ ഗവര്‍ണര്‍ തിരഞ്ഞെടുക്കുകയുമാണ് ചെയ്യുക. എന്നാല്‍, നാമനിര്‍ദേശത്തിന് ബാബു സെബാസ്റ്റ്യന്‍ നിര്‍ദേശിക്കപ്പെടാന്‍ പോലും അര്‍ഹനല്ലെന്നാണ് പ്രേംകുമാര്‍ ചൂണ്ടിക്കാണിക്കുന്നത്.

പത്തു വര്‍ഷം പ്രൊഫസറായി പ്രവൃത്തി പരിചയമുള്ളയാളെയാണ് വിസിയാകാന്‍ പരിഗണിക്കേണ്ടത്. ന്നാല്‍ അസിസ്റ്റന്റ് പ്രൊഫസറായി മാത്രമാണ് ഇദ്ദേഹത്തിന് പരിചയമുള്ളത്. അതേസമയം ബാബു സെബാസ്റ്റ്യനൊപ്പം നിര്‍ദേശിക്കപ്പെട്ട മറ്റു രണ്ടുപേര്‍ 19ഉം 17ഉം വര്‍ഷം യൂണിവേഴ്സിറ്റി പ്രൊഫസര്‍മാരായി പരിചയമുള്ളവരാണെന്നും പ്രേംകുമാറിനായി ഹാജരായ അഭിഭാഷകന്‍ ശ്യാം കൃഷ്ണന്‍ പറഞ്ഞു.

വിസിയുടെ നിയമനത്താനായി രൂപീകരിച്ച സെര്‍ച്ച്‌ കമ്മിറ്റി രൂപവത്കരിച്ചതിലും ക്രമക്കേടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. വൈസ് ചാന്‍സലറെ തിരഞ്ഞെടുത്ത നടപടികളിലും അപാകതകളുള്ളതായി കോടതി വിധിയില്‍ പറയുന്നു. സെര്‍ച്ച്‌ കമ്മിറ്റിയിലെ അംഗങ്ങള്‍ക്ക് യൂണിവേഴ്സിറ്റിയുമായി ബന്ധം പാടില്ല എന്നതുള്‍പ്പെടെയുള്ള ചട്ടങ്ങള്‍ പാലിച്ചിട്ടില്ലെന്ന് കോടതി കണ്ടെത്തി.

പ്രൊഫസറായുള്ള പ്രവൃത്തി പരിചയം ഇല്ലെങ്കില്‍ പത്തു വര്‍ഷത്തെ ഗവേഷണ പരിചയമോ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഡയറക്ടറായി പത്തു വര്‍ഷത്തെ പരിചയമോ വേണം. തിരുവനന്തപുരത്തെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ ഡയറക്ടറായിരുന്നു എന്നു കാണിച്ചാണ് ബാബു സെബാസ്റ്റ്യന്‍ വിസി നിയമനത്തിനായി അപേക്ഷിച്ചിരുന്നത്. എന്നാല്‍, ഇത് യുജിസി ചട്ടപ്രകാരമുള്ള യോഗ്യതയ്ക്ക് തുല്യമല്ലെന്നാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരുന്ന വാദം. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

അതേസമയം, തനിക്ക് വിസി ആയിരിക്കാനുള്ള യോഗ്യതയുണ്ടെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ബാബു സെബാസ്റ്റ്യന്‍ പ്രതികരിച്ചു. വിരമിക്കാന്‍ ആറു മാസം മാത്രമുള്ളപ്പോള്‍ ഇത്തരമൊരു നടപടി ഉണ്ടായത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top