×

നടിയെ ആക്രമിച്ച കേസ്: വനിതാ ജഡ്ജി വേണമെന്ന് ആവശ്യം

കൊച്ചി: നടന്‍ ദിലീപ് പ്രതിയായ കേസിന്റെ വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്നാവശ്യപ്പെട്ട് ആക്രമക്കപ്പെട്ട നടി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നതായി സൂചന. കേസുമായി ബന്ധപ്പെട്ട രേഖകളുടെ പരിശോധന പൂര്‍ത്തിയായി കേസ് നമ്ബര്‍ ലഭിച്ചാലുടന്‍ സ്വകാര്യ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ട്. നടിയ്ക്ക് പിന്നാലെ പ്രോസിക്യൂഷനും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. കേസിന്റെ വിചാരണ വേഗത്തിലാക്കുന്നതിന് പ്രത്യേക കോടതി അനുവദിക്കണം എന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, വനിതാ ജഡ്ജി വേണമെന്ന ആവശ്യം പ്രോസിക്യൂഷന്‍ ഉന്നയിച്ചേക്കില്ലെന്നാണ് സൂചന. പ്രോസിക്യൂഷന്‍ അത്തരമൊരു ആവശ്യം ഉന്നയിച്ചാല്‍ ഹൈക്കോടതി അത് പരിഗണിച്ചേക്കില്ല എന്ന വിലയിരുത്തലിനെ തുടര്‍ന്നാണിത്. ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നിരവധി സ്ത്രീകള്‍ സാക്ഷികളായും മറ്റും ഉള്‍പ്പെട്ടിരിക്കുന്ന കേസായത് കൊണ്ട് വിചാരണ നടത്തുന്നത് വനിതാ ജഡ്ജിയാകുന്നതാണ് നല്ലതെന്ന് പ്രോസിക്യൂഷന്‍ കരുതുന്നുണ്ട്. സമാനമായ പല കേസുകളിലും മുമ്ബ് വനിതാ ജഡ്ജിമാരെ വിചാരണയ്ക്ക് നിയോഗിച്ചിട്ടുണ്ട്.

വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക കോടതിയേയോ വനിതാ ജഡ്ജിയേയോ അനുവദിക്കാനുള്ള അധികാരം ഹൈക്കോടതിയില്‍ നിക്ഷിപ്തമാണ്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തന്നെ കേസ് കേള്‍ക്കാനുള്ള സാഹചര്യമാണ് നിലവിലുള്ളത്. എറണാകുളത്തെ ഏഴ് സെഷന്‍സ് കോടതികളില്‍ രണ്ടിടത്താണ് വനിതാ ജഡ്ജിമാരുള്ളത്. നടിയുടെ സ്വകാര്യ ഹര്‍ജിയിലെ ആവശ്യം ഹൈക്കോടതി അനുഭാവപൂര്‍വം പരിഗണിച്ചേക്കുമെന്നാണ് അറിയുന്നത്.

തൃശൂരിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും കൊച്ചിയിലെ ആത്മസുഹൃത്തിന്റെ വീട്ടിലേക്കുള്ള കാര്‍ യാത്രയ്ക്കിടെയാണ് കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഓടിക്കൊണ്ടിരുന്ന കാറിനകത്ത് വച്ച്‌ യുവനടി ആക്രമിക്കപ്പെട്ടത്. സിനിമാക്കാര്‍ക്കിടയില്‍ ചിരപരിചിതനായൊരു ക്രിമിനലും അയാളുടെ കൂട്ടാളികളും ചേര്‍ന്ന് നടപ്പാക്കിയൊരു സംഘടിത ആക്രമണമായേ പലരും അതിനെ കണ്ടുള്ളൂ. എന്നാല്‍, പ്രത്യേകാന്വേഷണ സംഘത്തിന്റെ നേതൃത്വത്തില്‍ മാസങ്ങള്‍ നീണ്ടുനിന്ന അന്വേഷണത്തിനിടെ സിനിമാക്കഥകളെ വെല്ലുന്ന അപ്രതീക്ഷിതമായ ഒട്ടേറെ വഴിത്തിരിവുകള്‍ ഉണ്ടായി. കുറ്റപത്രം സമര്‍പ്പിച്ച ശേഷവും എണ്ണമറ്റ വഴിത്തിരിവുകളിലൂടെയാണ് കേസ് കടന്ന് പോയത്. കേസുമായി ബന്ധപ്പെട്ട് പല ദുരൂഹതകളുമുണ്ടായി. ഇത്ര സുപ്രധാനമായൊരു കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച്‌ മാസങ്ങള്‍ കഴിഞ്ഞിട്ടും വിചാരണ വൈകുന്നത് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. അങ്കമാലി കോടതിയില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ പലവിധ ആവശ്യങ്ങളുമായി ഹര്‍ജി സമര്‍പ്പിച്ചതാണ് കേസ് വിചാരണ വൈകിക്കാന്‍ ഇടയാക്കുന്നത്. അന്വേഷണ സംഘം അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ച കേസിന്റെ രേഖകളും തെളിവുകളുമെല്ലാം ഇതിനോടകം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിശോധിച്ച്‌ കഴിഞ്ഞതായാണ് വിവരം. അതിനാല്‍ അധികം വൈകാതെ തന്നെ ഏത് കോടതിയെയാണ് വിചാരണ ഏല്‍പ്പിക്കേണ്ടതെന്ന് സെഷന്‍സ് കോടതി തീരുമാനിക്കും. പ്രിന്‍സിപ്പല്‍ ജഡ്ജിക്കാണ് മറ്റേതെങ്കിലും സെഷന്‍സ് കോടതിയിലേക്ക് കേസ് മാറ്റാന്‍ ചുമതല. കേസിന്റെ വിചാരണ ഉടന്‍ ആരംഭിക്കാനിരിക്കുകയാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top