×

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സമ്മര്‍ദ്ദവുമായി ഓര്‍ത്തഡോക്സ്, യാക്കോബായ സഭകള്‍

കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സമ്മര്‍ദ്ദതന്ത്രവുമായി ഓര്‍ത്തഡോക്സ്, യാക്കോബായ സഭകള്‍. വിലപേശി രാഷ്ട്രീയനേതൃത്വത്തിന്റെ നിലപാട് അനുകൂലമാക്കാനാണ് ഇരു സഭകളുടെയും തീരുമാനം. ഇരു സഭകളുടെയും നേതൃത്വങ്ങള്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും പുറമേ ബി.ജെ.പി. നേതാക്കളുമായും ചര്‍ച്ച നടത്തിക്കഴിഞ്ഞു.

രണ്ടു ലക്ഷത്തോളം വോട്ടര്‍മാരാണ് ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തിലുള്ളത്. ഇവരില്‍ ഇരുപതിനായിരത്തോളം പേര്‍ ഈ സഭകളില്‍നിന്നാണെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവരുടെ നിലപാട് ഏതു സ്ഥാനാര്‍ഥിയുടെയും ജയപരാജയം നിശ്ചയിക്കുമെന്നതിനാലാണ് ഈ വിലപേശല്‍.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒന്നരലക്ഷത്തോളം പേരാണ് വോട്ട് ചെയ്തത്. അന്ന് വിജയിച്ച ഇടതുമുന്നണിയിലെ കെ.കെ. രാമചന്ദ്രന്‍നായര്‍ക്ക് 52880 വോട്ടും തൊട്ടുപിന്നിലായ യു.ഡി.എഫിലെ പി.സി. വിഷ്ണുനാഥിന് 44897 വോട്ടും ബി.ജെ.പി. സ്ഥാനാര്‍ഥി പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് 42682 വോട്ടുമാണ് ലഭിച്ചത്.

സുപ്രീം കോടതി വിധിക്ക് അനുസൃതമായി മുഴുവന്‍ പള്ളികളും 1934-ലെ ഭരണഘടനയസുസരിച്ച്‌ ഭരിക്കപ്പെടണമെന്നും സര്‍ക്കാര്‍ അതിനുള്ള സാഹചര്യമൊരുക്കണമെന്നുമാണ് ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ ആവശ്യം. യാക്കോബായ വിഭാഗം ഈ ആവശ്യത്തെ പൂര്‍ണമായും എതിര്‍ക്കുന്നു.

യാക്കോബായ സഭാ നേതൃത്വം ബി.ജെ.പി. അഖിലേന്ത്യാ അദ്ധ്യക്ഷനുമായും കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു. യാക്കോബായ വിഭാഗത്തിനു സ്വതന്ത്രസഭയായി നില്‍ക്കുന്നതിനുള്ള ക്രമീകരണം ചെയ്താല്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സഹായിക്കാമെന്ന വാഗ്ദാനം അവര്‍ ബി.ജെ.പിക്കു മുന്നില്‍വച്ചതായാണ് വിവരം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top