×

ലോകായുക്ത ഉത്തരവുമായെത്തുന്ന കുട്ടികള്‍ക്ക് കലോത്സവത്തില്‍ പങ്കെടുക്കാനാവില്ല.

 സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കുട്ടികളെ പങ്കെടുപ്പിക്കാന്‍ നിര്‍ദേശിച്ച് ലോകായുക്ത നല്‍കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ലോകായുക്തയുടെ അധികാര പരിധി ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സ്റ്റേ. ഇതോടെ ലോകായുക്ത ഉത്തരവുമായെത്തുന്ന കുട്ടികള്‍ക്ക് കലോത്സവത്തില്‍ പങ്കെടുക്കാനാവില്ല. മുന്‍ വര്‍ഷങ്ങളില്‍ ജില്ലാതല കലോത്സവങ്ങളിലെ വിധി നിര്‍ണ്ണയം ചോദ്യം ചെയ്ത് നിരവധി വിദ്യാര്‍ത്ഥികള്‍ ലോകായുക്തയെ സമീപിക്കാറുണ്ടായിരുന്നു.

ഇവരില്‍ ഭൂരിപക്ഷത്തിനും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാനുള്ള അനുമതി ലോകായുക്ത നല്‍കാറുമുണ്ടായിരുന്നു. ഇത് കാരണം മത്സരങ്ങളുടെ സമയക്രമം താളം തെറ്റുന്നതും പതിവായതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി ആറുമുതല്‍ പത്തുവരെ തൃശൂരില്‍ നടക്കും. പരിഷ്‌കരിച്ച കലോത്സവ മാന്വല്‍ പരിഷ്‌കരണനിര്‍ദേശങ്ങള്‍ യോഗം അംഗീകരിച്ചിരുന്നു. ഏഴുദിവസമായി നടത്തിയിരുന്ന കലോത്സവം അഞ്ചുദിവസമായി ചുരുക്കി. ഘോഷയാത്ര ഇനി ഇല്ല. പകരം സാംസ്‌കാരികസംഗമം നടത്തും. എ ഗ്രേഡ് നേടുന്ന എല്ലാവര്‍ക്കും നിശ്ചിത തുക സാംസ്‌കാരിക സ്‌കോളര്‍ഷിപ്പായി നല്‍കും.

കഥകളി, ഓട്ടന്‍തുള്ളല്‍, നാടോടിനൃത്തം, കേരളനടനം, മോണോ ആക്ട്, മിമിക്രി എന്നിവയില്‍ മത്സരം പൊതുവിഭാഗത്തിലാക്കി. ആണ്‍- പെണ്‍ മത്സരങ്ങളുണ്ടാകില്ല. ഇംഗ്‌ളീഷ്, കന്നട, തമിഴ് ഭാഷകളില്‍ കവിതാരചനയും ഇംഗ്‌ളീഷ് സ്‌കിറ്റും പുതുതായി ഉള്‍പ്പെടുത്തി. ഗാനമേളയ്ക്കുപകരം സംഘഗാനം ഉള്‍പ്പെടുത്തി. തുടങ്ങിയവയാണ് ഇത്തവണത്തെ കലോത്സവത്തിന്റെ പ്രത്യേകതകള്‍

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top