×

പൂരങ്ങളുടെ നാട്ടില്‍ ഇനി കലയുടെ പൂരം

തൃശൂര്‍/കൊച്ചി:  അമ്ബത്തിയെട്ടാമത് സ്കൂര്‍ കലോത്സവത്തിന് തൃശൂരില്‍ കൊടിയേറി. വെള്ളിയാഴ്ച രാവിലെ ഒമ്ബതരയോടെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍ ഐഎഎസ് പതാക ഉയര്‍ത്തി.

പൂക്കളുടെയും മരങ്ങളുടെയും പേരിട്ട വേദിയിലാണ് പുതുമകളുമായി കൗമാര കലാപൂരത്തിന് അരങ്ങുണരുന്നത്. പ്രധാനവേദിയായ തേക്കിന്‍കാട് മൈതാനത്തെ ‘നീര്‍മാതള’ത്തിന് മുന്നിലാണ് കൊടി ഉയര്‍ന്നത്. മന്ത്രി വി.എസ് സുനില്‍കുമാര്‍, കെ.രാജന്‍ എംഎല്‍എ എന്നിവരും സന്നിഹിതരായിരുന്നു. പത്തുമണിയോടെ രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു. പഴയിടം മോഹനന്‍ നമ്ബൂതിരിയുടെ രുചിയാണ് ഊട്ടുപുരയില്‍ തയ്യാറാകുന്നത്. ഇതിനു മുന്നോടിയായി പാചകപുരയില്‍ പാല്‍കാച്ചല്‍ ചടങ്ങും നടന്നു.

അതിനിടെ, കലോത്സവത്തിന്റെ വിധി നിര്‍ണയത്തില്‍ എട്ട് വിധികര്‍ത്താക്കള്‍ പിന്മാറി. മത്സരവേദികളില്‍ വിജിലന്‍സ് നിരീക്ഷണം കര്‍ശനമാക്കിയതോടെ ആയിരിക്കാം ഇവര്‍ പിന്മാറിയതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പറഞ്ഞു. നൃത്ത ഇനങ്ങളില്‍ നിന്ന് പിന്മാറിയ ഇവര്‍ക്ക് പകരം ആളെ നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍ വര്‍ഷങ്ങളില്‍ എട്ടു ദിവസം നീണ്ടുനിന്ന കലോത്സവം ഇത്തവണ അഞ്ചു ദിവസമായി ചുരുക്കിയിട്ടുണ്ട്.

അതേസമയം, കലോത്സവത്തില്‍ ഇനി ലോകായുക്ത ഉത്തരവുമായി മത്സരാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ലോകായുക്ത അനുമതി നല്‍കിയ ഉത്തരവുകള്‍ ഹൈക്കോടതി പിന്‍വലിച്ചു. ജില്ലാതലത്തില്‍ ഒന്നാമതെത്തിയവര്‍ക്കും ലോകായുക്ത അനുമതി നല്‍കിയിരുന്നു. ഇങ്ങനെ ഉത്തരവ് നല്‍കാന്‍ ലോകായുക്തയ്ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത്തവണ 52 പേരാണ് ലോകായുക്തയുടെ ഉത്തരവുമായി മത്സരിക്കാന്‍ എത്തിയിരുന്നത്. ഹൈക്കോടതി വിധിയോടെ ഇവരുടെ സാധ്യത ഇല്ലാതായി.

കലോത്സവത്തിന്റെ ഓപചാരിക ഉദ്ഘാടനം നാളെ രാവിലെ പത്തുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ആദ്യ ദിനത്തിലെ ഘോഷയാത്ര ഒഴിവാക്കിയിട്ടുണ്ട്. തുടര്‍ന്ന് മത്സരങ്ങള്‍ ആരംഭിക്കും. മത്സരിക്കുന്ന കുട്ടികള്‍, കാണികള്‍, സംഘാടകര്‍, വിധികര്‍ത്താക്കള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി കലോത്സവവുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയാണ് ഇത്തവണത്തെ പ്രത്യേകത. വേദികള്‍ക്ക് 40 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്. യുണൈറ്റഡ് ഇന്‍ഷുറന്‍സ് കമ്ബനിയുമായി ചേര്‍ന്നുള്ള പദ്ധതിക്ക് 22,000 രൂപയാണ് പ്രീമിയം അടയ്ക്കുന്നത്.

വിജയികള്‍ക്ക് ഒന്നും രണ്ടും സ്ഥാനങ്ങള്‍ ഇത്തവണ ഉണ്ടാവില്ല. 80 മാര്‍ക്ക് നേടുന്നവര്‍ക്ക് എ ഗ്രേഡ് കിട്ടും. മത്സരിക്കുന്ന എല്ലാവര്‍ക്കും ട്രോഫിയുമുണ്ടാകും. പൂര്‍ണ്ണമായും ഹരിതനയത്തിലാണ് ഇത്തവണ കലോത്സവം. മാര്‍ക്കിടുന്നതിന് കടലാസ് പേനകളാണ് ഉപയോഗിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top