×

നമ്ബി നാരായണനെപോലെ കള്ള കേസില്‍ കുടുക്കിയ അന്വേഷണ ഉദ്യോഗസ്ഥരോട് ക്ഷമിക്കുന്ന ഏര്‍പ്പാട് തനിക്കില്ല,വെറുതെ വിട്ടാലും പൊലീസിനെ വിടില്ല – ദിലീപ്

കൊച്ചി: ദക്ഷിണ മേഖലാ എ.ഡി.ജി.പി സ്ഥാനത്ത് നിന്നും ബി.സന്ധ്യ തെറിച്ചതോടെ നടി ആക്രമിക്കപ്പെട്ട കേസില്‍ പിടിമുറുക്കി ദിലീപ്.

കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയ സംഭവത്തില്‍ മജിസ്ട്രേറ്റ് കോടതി അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിനെ താക്കീത് ചെയ്തിട്ടുണ്ടങ്കിലും അതുകൊണ്ട് മാത്രം തൃപ്തനല്ല ദിലീപ്.

തനിക്കെതിരെ കേസിന്റെ തുടക്കം മുതല്‍ നടന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഈ നടപടിയെന്നുമാണ് ദിലീപ് ആരോപിക്കുന്നത്.

ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചത് പൊലീസ് തന്നെയാണെന്നും മെമ്മറി കാര്‍ഡിലെ എഡിറ്റിംഗിന്റെ യാഥാര്‍ത്ഥ്യം പുറത്തായാല്‍ പൊലീസിന്റെ വാദം പൊളിയുമെന്നും ദിലീപ് ചൂണ്ടിക്കാട്ടുന്നു.

ഇക്കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് ദിലീപിന്റെ അഭിഭാഷകനായ രാമന്‍പിള്ളയുടെ നീക്കം.

മെമ്മറി കാര്‍ഡ് ഉള്‍പ്പെടെ മുഴുവന്‍ തെളിവുകളും നല്‍കണമെന്ന ദിലീപിന്റെ ആവശ്യം 22ന് മജിസ്ട്രേറ്റ് കോടതി തള്ളിയാല്‍ ഉടന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും.

മെമ്മറി കാര്‍ഡിലെ ഉള്ളടക്കം സംബന്ധിച്ച്‌ ദിലീപ് ഗുരുതരമായ ആരോപണമാണ് ഉന്നയിക്കുന്നത്. മെമ്മറി കാര്‍ഡിലെ സ്ത്രീ ശബ്ദം പൊലീസ് കുറ്റപത്രത്തില്‍ മറച്ചുവച്ചു. സ്ത്രീ ശബ്ദത്തെ കുറിച്ച്‌ പരാമര്‍ശമേ ഇല്ല. ‘ഓണ്‍ ചെയ്യൂ, ഓണ്‍ ചെയ്യൂ’ എന്ന് രണ്ടു പ്രാവശ്യം സ്ത്രീ ശബ്ദം പറയുന്നുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ആരോപിക്കുന്നു. മെമ്മറി കാര്‍ഡിലെ സ്ത്രീ ശബ്ദം പ്രോസിക്യൂഷന്‍ മറച്ചുവെന്നുവെന്ന ആക്ഷേപം ഗുരുതര സ്വഭാവമുള്ളതാണ്. സ്ത്രീ ശബ്ദത്തിന്റെ ശബ്ദ സാംപിള്‍ പരിശോധനയും നടത്തിയിട്ടില്ല. എന്നാല്‍, മെമ്മറി കാര്‍ഡിലുള്ള പള്‍സര്‍ സുനിയുടെ ശബ്ദ സാംപിള്‍ പരിശോധനയ്ക്ക് അയക്കുകയും ചെയ്തിരുന്നു. ഈ വൈരുദ്ധ്യം ദിലീപിനെ സംബന്ധിച്ച്‌ നല്ല പിടിവള്ളിയാണ്.

മെമ്മറി കാര്‍ഡിലെ സ്ത്രീ ശബ്ദം പരിശോധിക്കാത്തത് ഗുരുതരമായ വീഴ്ചയാണെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ബി.രാമന്‍പിള്ള ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് കിട്ടാതെ പിന്നോട്ടില്ലെന്നും പ്രതിഭാഗം പറയുന്നു. മെമ്മറി കാര്‍ഡ് ലഭിച്ചാല്‍ ദിലീപിന് ലഭിക്കുന്ന ഏറ്റവും വലിയ തുറുപ്പുചീട്ടായിരിക്കുമത്.

പൊലീസിനെതിരെ ഗുരുതരമായ ആരോപണങ്ങളും അഡ്വ.രാമന്‍പിള്ള ഉന്നയിക്കുന്നുണ്ട്. ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കണ്ടെടുക്കാനായില്ലെന്ന വാദം അവിശ്വസനീയമാണ്. മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചത് പൊലീസ് തന്നെയാണ്. മൊബൈല്‍ ഫോണ്‍ ഹാജരാക്കിയാല്‍ യഥാര്‍ത്ഥ ദൃശ്യങ്ങള്‍ പുറത്തുവരും. മെമ്മറി കാര്‍ഡിലെ എഡിറ്റിംഗിന്റെ യഥാര്‍ത്ഥ്യം പുറത്താകും. ആക്രമണം നടന്നുവെന്ന വാദം പൊളിയുമെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടുന്നു.

പതിനാല് ദിവസം പള്‍സര്‍ സുനി പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്നു. എന്നിട്ടും ഫോണ്‍ എവിടെയെന്ന് കണ്ടെത്താനായില്ലെന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കുമെന്നും നല്ല പൊലീസാണെങ്കില്‍ ഫോണ്‍ കണ്ടെത്താന്‍ രണ്ടു ദിവസം പോലും വേണ്ടെന്നും രാമന്‍പിള്ള തുറന്നടിച്ചു.

വിചാരണ തുടങ്ങും മുന്‍പ് തന്നെ കേസിന് പിന്നാലെ കള്ളത്തരം പൊളിച്ചടക്കാനും അതുവഴി കുറ്റപത്രം തന്നെ റദ്ദാക്കിക്കാനും പറ്റുമോയെന്നാണ് ഇപ്പോള്‍ ദിലീപിന്റെ അഭിഭാഷകന്‍ ശ്രമിക്കുന്നത്.

ഇതിനായി ആവശ്യമെങ്കില്‍ സുപ്രീംകോടതി വരെ പോയി നിയമ പോരാട്ടം നടത്താനാണ് തീരുമാനം.

താന്‍ നിരപരാധിയാണെന്ന് തെളിയിക്കുന്നതോടൊപ്പം തന്നെ ജയിലിലടക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരമാവധി ശിക്ഷ വാങ്ങി കൊടുക്കണമെന്നും ദിലീപ് അഭിഭാഷകനാട് ആവശ്യപ്പെട്ടിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top