×

ഡോക്ടര്‍മാരുടെ സമരം: രോഗികള്‍ ദുരിതത്തിലായി.

തിരുവനന്തപുരം: ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്‍ ജനവിരുദ്ധമാണെന്ന് ആരോപിച്ച്‌ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടത്തുന്ന മെഡിക്കല്‍ ബന്ദില്‍ രോഗികള്‍ വലഞ്ഞു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ബന്ദ്.

കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ രാവിലെ ഒരു മണിക്കൂര്‍ ഒ.പി ബഹിഷ്ക്കരണം മാത്രമാണ് നടന്നതെങ്കിലും സമരത്തെക്കുറിച്ച്‌ അറിയാതെ എത്തിയ രോഗികള്‍ ദുരിതത്തിലായി.രാവിലെ ആറു മുതല്‍ തന്നെ വിവിധ ആശുപത്രികളില്‍ രോഗികളെത്തിയിരുന്നു.

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സിച്ചുകൊണ്ടിരുന്ന ഡോക്ടറെ മറ്റ് ഡോക്ടര്‍മാര്‍ വിളിച്ചിറക്കിക്കൊണ്ടു പോയത് വിമര്‍ശനത്തിനിടയാക്കി. പണിമുടക്കുന്ന ഡോക്ടര്‍മാര്‍ രാവിലെ 11-ന് രാജ്ഭവന്‍ മാര്‍ച്ച്‌ നടത്തി.മെഡിക്കല്‍ വിദ്യാര്‍ഥികളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ബില്ലിനെതിരേ അലോപ്പതി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ രാജ്ഭവനു മുന്നില്‍നടത്തുന്ന പഠിപ്പുമുടക്കിയുള്ള അനിശ്ചിതകാല നിരാഹാരസമരം തുടരുകയാണ്.

സ്വകാര്യ ആശുപത്രികളില്‍ വൈകുന്നേരം വരെ ഡോക്ടര്‍മാര്‍ ചികിത്സ ബഹിഷ്ക്കരിക്കും. അടിയന്തര ചികിത്സാവിഭാഗം മാത്രമേ ഈ സമയത്ത് പ്രവര്‍ത്തിക്കൂ.

ബില്ലിലെ വിവാദവ്യവസ്ഥകളെ കുറിച്ചുള്ള ആശങ്കകള്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയെ ഐ.എം.എ. അറിയിച്ചിട്ടുണ്ട്. ബില്‍ പാസാക്കാന്‍ തിടുക്കം കാണിക്കുന്നതിനു പകരം പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ബില്ലിലെ വ്യവസ്ഥകള്‍ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് എം.ബി.ബി.എസ്. പഠനം അസാധ്യമാക്കുമെന്ന് സംഘടനയുടെ ദേശീയ അധ്യക്ഷന്‍ രവി വന്‍ഖേദ്കര്‍ കുറ്റപ്പെടുത്തി. വിദ്യാഭ്യാസത്തിന്റെ നിലവാരം താഴും. അഴിമതി വളര്‍ത്താനാണ് ഇത് ഉപകരിക്കുക.

മെഡിക്കല്‍ സീറ്റുകളിലെ ഫീസ് നിയന്ത്രിക്കുന്നതില്‍ സര്‍ക്കാരിന്റെ അധികാരം കുറയ്ക്കുന്ന വ്യവസ്ഥയാണ് ബില്ലില്‍ പ്രധാനമായും എതിര്‍ക്കുന്നത്. 40 ശതമാനം സീറ്റിലേ സര്‍ക്കാരിന് ഫീസ് നിയന്ത്രണം ഏര്‍പ്പെടുത്താനാകൂ. പണമുണ്ടെങ്കില്‍ മാര്‍ക്ക് വേണ്ടെന്ന സ്ഥിതിയുണ്ടാക്കുന്ന ഈ വ്യവസ്ഥ ഭേദഗതി ചെയ്യണമെന്നതാണ് ഐ.എം.എ.യുടെ ആവശ്യം.

ആയുഷ് ശാക്തീകരണത്തിന്റെ മറവില്‍ ആധുനിക വൈദ്യശാസ്ത്രത്തെ തകര്‍ക്കാനുള്ള നീക്കമാണ് ബില്ലിലൂടെ നടത്തുന്നതെന്നും അസോസിയേഷന്‍ ആരോപിച്ചു. ബ്രിഡ്ജ് കോഴ്സ് പാസായവര്‍ക്ക് അലോപ്പതി ഡോക്ടറായി പ്രാക്ടീസ് ചെയ്യാനാകുമെന്നും വ്യവസ്ഥയുണ്ട്. ഇതര വൈദ്യമേഖലകളിലുള്ളവരെ എം.ബി.ബി.എസ്. ഡോക്ടര്‍മാരായി പരിഗണിക്കാനാകില്ലെന്നും ഇവര്‍ പറയുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top