×

അശരണനായ യുവാവിന് നീതിതേടി (Video) ജനസാഗരം ഒഴുകി എത്തി

തിരുവനന്തപുരം: സമരങ്ങള്‍ക്ക് പഞ്ഞമില്ലാത്ത നമ്മുടെ നാട്ടില്‍ വ്യത്യസ്തത കൊണ്ട് കൈയടി നേടി ശ്രീജിത്തിന് പിന്തുണയുമായെത്തിയ സാമൂഹ്യ മാധ്യമ കൂട്ടായ്മ. അക്ഷരാര്‍ഥത്തില്‍ സോഷ്യല്‍ മീഡിയയിലെ ഒരു ട്രോള്‍ പേജ് തുറന്നത് പോലെയുള്ള പ്ലക്കാര്‍ഡുകളാണ് സമരത്തിലധികവും കണ്ടത്. 765 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നില്‍ സഹോദരന് നീതി ലഭിക്കണമെന്ന ആവശ്യവുമായി സമരം ചെയ്യുന്ന തനിക്ക് ലഭിച്ച പിന്തുണ കണ്ട് അക്ഷരാര്‍ഥത്തില്‍ ശ്രീജിത്ത് പോലും ഞെട്ടുകയായിരുന്നു. ആരും തിരിഞ്ഞ് നോക്കാനില്ലാതിരുന്ന തന്റെയടുത്തേക്ക് ഇത്രയും പേര്‍ എത്തുകയും ഒപ്പം നടന്‍ ടോവിനോ തന്നെ നേരിട്ടെത്തുകയും ചെയ്തപ്പോള്‍ ആവേശക്കടലായി മാറുകയായിരുന്നു സെക്രട്ടേറിയറ്റ് പരിസരം.

സോഷ്യല്‍ മീഡിയയില്‍ ശ്രീജിത്തിന്റെ സമരം ട്രെന്‍ഡിങ് ആയത് മുതല്‍ നിരവധിപേരാണ് ഇക്കഴിഞ്ഞ രണ്ട് ദിവസമായി ശ്രീജിത്തിനെ കാണാനെത്തിയിരുന്നത്. രണ്ട് ദിവസമായി നിരവധിയാളുകളെത്തിയിരുന്നുവെങ്കിലും ഇന്ന് ഇത്രയും ആളുകള്‍ ഇവിടേക്ക് ഒഴുകിയെത്തുമെന്ന് സംഘാടകര്‍ പോലും പ്രതീക്ഷിച്ചുകാണില്ല. പതിനായിരകണക്കിന് ആളുകളാണ് ഇന്ന് തലസ്ഥാന നഗരത്തിലേക്ക് ശ്രീജിത്തിനെ കാണാനായി എത്തിയത്. രാവിലെ പതിനൊന്ന് മണിക്ക് പ്രതിഷേധ കൂട്ടായ്മ ആരംഭിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും രാവിലെ ആറര മണി മുതല്‍ തന്നെ ശ്രീജിത്തിനെ കാണാന്‍ ആളുകള്‍ എത്തിയിരുന്നു.

ശ്രീജിത്തിന്റെ അടുതെത്തുന്നവരുടെ തിരക്ക് കാരണം കയറ് കെട്ടി ശ്രീജിത്ത് കിടന്നിരുന്ന സ്ഥലം അടച്ചിരുന്നു.ശ്രീജിത്തിനെ നേരിട്ട് കാണാനായി സ്ഥിരം അയാള്‍ ഇരിക്കുന്ന മരത്തിന്റെ ചുവട്ടിലേക്ക് നിരവധിപേരെത്തിയതോടെ തിരക്ക് നിയന്ത്രിക്കാനും അധികൃതര്‍ ബുദ്ധിമുട്ടുന്നത് കാണാമായിരുന്നു. വിവിധ ഫേസ്ബുക്ക് വാട്സാപ്പ് ഗ്രൂപ്പുകളുടെ ആഹ്വാനവും സോഷ്യല്‍ മീഡിയയിലെ പ്രചരണവും കണ്ടാണ് തങ്ങള്‍ ഈ സമരത്തിന് എത്തിയത് എന്നാണ് ഭൂരിഭാഗം സമരക്കാരും മറുനാടന്‍ മലയാളിയോട് പറഞ്ഞത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും ആഹ്വാനമില്ലാതെ ഒരു സല്‍പ്രവര്‍ത്തിക്ക് വേണ്ടി നടത്തിയ സമരത്തെ പതിവിന് വിപരീതമായി തലസ്ഥാന നഗരവാസികള്‍ പുകഴ്ത്തുകയും അതിലുപരി സമരത്തില്‍ പങ്കാളിയാവുകയും ചെയ്തു.

കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള വിവിധ സാമൂഹ്യമാധ്യമ കൂട്ടായ്മകളുടെ ഭാഗമായുള്ള ചെറുപ്പക്കാരാണ് സമരത്തില്‍ അണിനിരന്നത്. രാഷ്ട്രീയത്തിനും ജാതിക്കും മതത്തിനും അഥീതമായി മനുഷ്യത്വമാണ് ഉയര്‍ന്ന് നില്‍ക്കേണ്ടത് എന്നതിന്റെ തെളിവാണ് സമരത്തിലെ ജനപങ്കാളിത്തം. രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും തങ്ങളുടെ സമര പരിപാടികളില്‍ സ്ത്രീകളെ പങ്കെടുപ്പിക്കാന്‍ ബുദ്ധിമുട്ടുന്ന കാലത്ത് കുട്ടികളും കുടുംബവും സഹിതം സമരത്തിന് നിരവധിപേരെത്തി. ഇതും സമരത്തില്‍ അപൂര്‍വ്വമായ ഒരു കാഴ്ചയായി. ഇന്നല രാത്രി വൈകിയും ഏകദേശം ഒന്നര മണിവരെ ശ്രീജിത്തിനൊപ്പം നിരവധി സ്ത്രീകള്‍ സമര വേദിയിലുണ്ടായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top