×

ഭൂമി കൈയേറ്റക്കേസില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു; തോമസ് ചാണ്ടി ഒന്നാം പ്രതി ; മുന്‍ കളക്ടറും പ്രതി

കോട്ടയം: ഭൂമി കൈയേറ്റക്കേസില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെയുള്ള പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് സംഘം സമര്‍പ്പിച്ചു. കോട്ടയം വിജിലന്‍സ് കോടതിയിലാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് പരിഗണിച്ച കോടതി, ഏപ്രില്‍ 19 ന് മുന്‍പ് അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സിന് നിര്‍ദേശം നല്‍കി.

കേസ് അന്വേഷണത്തിനായി പുതുതായി ചുമതലപ്പെടുത്തിയ വിജിലന്‍സ് തിരുവനന്തപുരം യൂണിറ്റ് ഒന്നാണ് എഫ്‌ഐആര്‍ കോടതിയില്‍ നല്‍കിയത്. എഫ്‌ഐആറില്‍ തോമസ് ചാണ്ടി ഒന്നാംപ്രതിയാണ്. കേസില്‍ തോമസ് ചാണ്ടിയടക്കം മൊത്തം 22 പ്രതികളാണുള്ളത്. മുന്‍ ആലപ്പുഴ ജില്ലാ കളക്ടറും പ്രതിപ്പട്ടികയിലുണ്ട്.

കോട്ടയം വിജിലന്‍സ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് വിജിലന്‍സ് സംഘം ഭൂമി കൈയേറ്റത്തില്‍ തോമസ് ചാണ്ടിക്കെതിരേ അന്വേഷണം ആരംഭിച്ചത്. റോഡ് നിര്‍മാണത്തില്‍ ക്രമക്കേടുണ്ടെന്ന് കാട്ടി അഡ്വക്കേറ്റ് സുഭാഷ് നല്‍കിയ പരാതിയിലാണ് കോട്ടയം വിജിലന്‍സ് കോടതി 2016 നവംബര്‍ നാലിന് ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്. ജനുവരി നാലിനാണ് കോട്ടയം വിജിലന്‍സ് കോടതി തോമസ് ചാണ്ടിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കാന്‍ ഉത്തരവിട്ടത്. കായല്‍ കൈയേറ്റത്തില്‍ തോമസ് ചാണ്ടിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന വിജിലന്‍സിന്റെ ത്വരിതാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതി ഉത്തരവ്.

കേസില്‍ പ്രാഥമിക അന്വേഷണം നടത്തിയത് വിജിലന്‍സ് കോട്ടയം യൂണിറ്റാണ്. കേസ് അന്വേഷണത്തില്‍ നിന്ന് ഈ സംഘത്തെ പൂര്‍ണമായും മാറ്റി പുതിയ സംഘത്തെ വിജിലന്‍സ് നേതൃത്വം അന്വേഷണ ചുമതലയേല്‍പ്പിച്ചിരുന്നു. എസ്പി കെവി ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും കേസ് ഇനി അന്വേഷിക്കുക. പുതിയ അന്വേഷണ സംഘത്തെ നിയമിച്ചത് കേസ് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണന്ന് ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ പ്രാഥമിക അന്വേഷണം നടത്തിയ സംഘം തന്നെ തുടര്‍ അന്വേഷണവും നടത്തണമെന്ന് നിര്‍ബന്ധമില്ലെന്നും കേസിനെ കുറിച്ച്‌ പഠിച്ച്‌ റിപ്പോര്‍ട്ട് നല്‍കുന്നതടക്കമുള്ള കാര്യങ്ങളാണ് പ്രാഥമിക അന്വേഷണ സംഘം നടത്താറുള്ളതെന്നുമാണ് വിജിലന്‍സിന്റെ വിശദീകരണം.

ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ അന്വേഷണസംഘത്തെ മാറ്റിയ കാര്യം പരാതിക്കാരനായ അഡ്വക്കേറ്റ് സുഭാഷ് കോടതിയെ ധരിപ്പിച്ചു. കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് അന്വേഷണ സംഘത്തെ മാറ്റിയതെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ വേണം അന്വേഷണമെന്നും പരാതിക്കാരന്‍ വശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യം ഇപ്പോള്‍ പരിഗണിക്കേണ്ട ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. അന്തിമ അന്വേഷണ റിപ്പോര്‍ട്ട് വന്നശേഷം ഇക്കാര്യങ്ങളെല്ലാം പരശോധിക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top