×

അതുകൊണ്ട് നാളിതുവരെ കേരള മുഖ്യമന്ത്രിക്ക് ഹെലികോപ്റ്റര്‍ ഇല്ല; ജയശങ്കര്‍

കൊച്ചി: ഓഖിഫണ്ട് വകമാറ്റി ചെലവഴിച്ച വിവാദത്തില്‍ പ്രതികരണവുമായി അഡ്വ ജയശങ്കര്‍. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഒരു ഹെലികോപ്റ്റര്‍ വാങ്ങിയിരുന്നെങ്കില്‍ ഓഖിഫണ്ട് വകമാറ്റി ചെലവഴിച്ച വിവാദം ഉണ്ടാകുമായിരുന്നില്ലെന്ന് അഡ്വ ജയശങ്കര്‍ ഫെയ്സബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര സംബന്ധിച്ച്‌ വ്യത്യസ്ത വാദഗതികള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് ജയശങ്കറിന്റെ പ്രതികരണം. ഇതിനിടെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് സിപിഎം പണം നല്‍കില്ലെന്ന് മന്ത്രി എ കെ ബാലന്‍ നിലപാട് വ്യക്തമാക്കി. നേരത്തെ പണം നല്‍കിവിവാദം അവസാനിപ്പിക്കാന്‍ പാര്‍ട്ടി നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ വ്യത്യസ്ത നിലപാട്.

ഓഖി ദുരിതം വിലയിരുത്താനായി കേരളത്തില്‍ എത്തിയ കേന്ദ്രസംഘവുമായി കൂടിക്കാഴ്ച നടത്താന്‍ മുഖ്യമന്ത്രി സ്വകാര്യ ഹെലികോപ്റ്റര്‍ ഉപയോഗിച്ചതില്‍ അപാകതയില്ല. പിന്നെന്തിന് സിപിഎം പണം തിരിച്ചടയ്ക്കണമെന്നും എ കെ ബാലന്‍ ചോദിച്ചു. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുളള പലരും മുന്‍പ് ഔദ്യോഗിക സ്ഥാനത്ത് ഇരുന്നപ്പോള്‍ ഇത്തരത്തില്‍ യാത്ര ചെയ്തിട്ടുണ്ട്. ഹെലികോപ്റ്റര്‍ യാത്രക്ക് ഓഖി ദുരിതാശ്വാസ ഫണ്ടില്‍ നിന്നോ മുഖ്യമന്ത്രിയുടെ ഫണ്ടില്‍ നിന്നോ തുക അനുവദിച്ചിട്ടില്ലെന്നും എ കെ ബാലന്‍ പറഞ്ഞു.

അഡ്വ ജയശങ്കറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഹെലികോപ്റ്റര്‍: ഒരു പഴയ കഥ.

1982ല്‍ കര്‍ണാടക മുഖ്യമന്ത്രി ആര്‍ ഗുണ്ടുറാവു സര്‍ക്കാര്‍ ആവശ്യത്തിനായി ഒരു ഹെലികോപ്റ്റര്‍ വാങ്ങി. അവിടത്തെ പ്രതിപക്ഷം അതിനെ എതിര്‍ത്തു. ഗുണ്ടുറാവു ഗൗനിച്ചില്ല. ‘ ഹെലികോപ്റ്ററില്‍ പറക്കുന്നത് കര്‍ണാടക മുഖ്യമന്ത്രിയാണ്, വെറും ഗുണ്ടുറാവുവല്ല’ എന്ന് വ്യക്തമാക്കി.

അതുകണ്ടപ്പോള്‍ അന്ന്
കേരള മുഖ്യനായിരുന്ന കരുണാകരര്‍ജിക്കും ഒരു ഹെലികോപ്റ്റര്‍ വേണമെന്നു തോന്നി.ഇടതുപക്ഷ പാര്‍ട്ടികള്‍ ഘോരമായി എതിര്‍ത്തു.

അപ്പോഴേക്കും വേറൊരു ദുരന്തമുണ്ടായി. 1983ആദ്യം നടന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെട്ടു; ഗുണ്ടുറാവു തോറ്റു.

ഗുണ്ടുറാവു ഹെലികോപ്റ്ററില്‍ പാറിപ്പറന്നതു കൊണ്ടാണ് കര്‍ണാടകം പോയതെന്ന് ചില വക്രബുദ്ധികള്‍ വ്യാഖ്യാനിച്ചു. ചുരുക്കിപ്പറഞ്ഞാല്‍ കരുണാകര്‍ജിയുടെ കോപ്ടര്‍ മോഹം പൊലിഞ്ഞു. അതുകൊണ്ട് നാളിതുവരെ കേരള മുഖ്യമന്ത്രിക്ക് ഔദ്യോഗിക ഹെലികോപ്റ്റര്‍ ഇല്ല.

അന്ന് കണ്ണോത്ത് കരുണാകരന്‍ റിസ്ക് എടുത്ത് ഒരു ഹെലികോപ്റ്റര്‍ വാങ്ങിയിരുന്നെങ്കില്‍ ഇപ്പോള്‍ ഈ ഓഖിഫണ്ട് വകമാറ്റി ചെലവഴിച്ച വിവാദം ഉണ്ടാകുമായിരുന്നില്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top